തിരുവനന്തപുരം: മെഡിക്കൽ- ഡെൻറൽ, അനുബന്ധ കോഴ്സുകളിലേക്ക് വ്യാഴാഴ്ച രാത്രി നടത്താനിരുന്ന രണ്ടാം അലോട്ട്മെൻറ് മാറ്റി. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അലോട്ട്മെൻറ് വ്യാഴാഴ്ച രാത്രി പ്രസിദ്ധീകരിക്കും. മെഡിക്കൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറ് കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചതിനാലാണ് സർക്കാർ നിർദേശ പ്രകാരം രണ്ടാം അലോട്ട്മെൻറ് മാറ്റിയത്.
അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്ന പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. അഖിലേന്ത്യ ക്വോട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിന് അനുസൃതമായി സംസ്ഥാന അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് ആലോചന. ദിവസങ്ങൾക്കകം അഖിലേന്ത്യ അേലാട്ട്മെൻറിന് സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷ. അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവ് വരുന്ന സീറ്റ് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്താൻ പറ്റാത്ത സാഹചര്യം പ്രവേശന പരീക്ഷ കമീഷണർ സർക്കാറിനെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മെഡിക്കൽ സ്ട്രീമിലുള്ള കോഴ്സുകളിലേക്ക് രണ്ടാം അലോട്ട്മെൻറ് മാറ്റാൻ സർക്കാർ നിർദേശം നൽകിയത്.
അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവ് വരുന്ന സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റ് രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നീട് നടക്കുന്ന മോപ് അപ് റൗണ്ടിൽ (സ്പോട്ട് അഡ്മിഷൻ) നികത്തേണ്ടിവരും. രണ്ടാം അലോട്ട്മെൻറിൽ സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പിന്നീട് മോപ് അപ് റൗണ്ടിൽ പെങ്കടുക്കാനും കഴിയില്ല. ഇതോടെ ഇവരെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്നവർ മോപ് അപ് റൗണ്ടിൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടുന്ന സാഹചര്യമുണ്ടാകും.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് പിന്നീട് അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം ലഭിച്ചാൽ തിരികെ േപാകുന്നതിനും തടസ്സങ്ങളുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം അലോട്ട്മെൻറ് മാറ്റിയത്. സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലെയും ഫാർമസി കോളജുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് 12 വരെ ഒാൺൈലൻ ഒാപ്ഷൻ സമർപ്പിക്കാം. രാത്രി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയും ചെയ്യും. അലോട്ട്മെൻറ് സംബന്ധിച്ച വിശദ വിജ്ഞാപനവും വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.