തിരുവനന്തപുരം: പൊലീസ് നിയമനത്തിനുള്ള കായികക്ഷമത പരീക്ഷ പൊലീസിന് കൈമാറാനുള്ള നീക ്കം പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി)മരവിപ്പിച്ചു. ഇതുസംബന്ധിച്ച് പഠിക്കാൻ പി.എസ്.സ ി അംഗം ഡോ.കെ.പി. സജിലാൽ ചെയർമാനായി അഞ്ചംഗ ഉപസമിതിയെ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോ ഗം ചുമതലപ്പെടുത്തി. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.
ടി.ആർ. അനിൽകുമാർ, റോ ഷൻ റോയി മാത്യു, ഡോ.സി. രാജൻ, ടി.ടി. ഇസ്മായിൽ എന്നിവരാണ് സമിതി അംഗങ്ങൾ. ഏഴു വർഷമായി പി. എസ്.സി അണ്ടർ സെക്രട്ടറിയുടെ കീഴിലുള്ള ബോർഡ് സുതാര്യമായി നടത്തുന്ന പൊലീസ് പരീക്ഷ തകിടം മറിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പരീക്ഷ പി.എസ്.സി നിയന്ത്രണത്തിൽ തന്നെ വേണമെന്നും ഒരു വിഭാഗം അംഗങ്ങൾ വാദിച്ചു. പി.എസ്.സിയെ ബാക്ക് സീറ്റിലിരുത്തി അഴിമതിയും സ്വജനപക്ഷപാതവും അനുവദിക്കില്ല. രാഷ്ട്രീയ റിക്രൂട്ട്മെൻറുകളാണ് പൊലീസും സ്പോർട്സ് കൗൺസിലും ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ലെന്നും ഒരംഗം തുറന്നടിച്ചു. ഇതോടെ വിശദീകരണവുമായി ചെയർമാൻ അഡ്വ.എം.കെ. സക്കീർ രംഗത്തെത്തി. ഒ.എം.ആർ പരീക്ഷയിൽ മുന്നിലെത്തുന്ന നല്ലൊരു ശതമാനവും കായികക്ഷമത പരീക്ഷയിൽ പിന്നാക്കം പോകുകയാണെന്നും ഇത് നിയമനങ്ങളെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സബ് ഇൻസ്പെക്ടർ, വനിത-പുരുഷ സിവിൽ പൊലീസ് ഓഫിസർ (സി.പി.ഒ), ഡ്രൈവർ സി.പി.ഒ എന്നീ തസ്തികളിലാണ് പി.എസ്.സി ഒ.എം.ആർ, കായിക ക്ഷമത പരീക്ഷ നടത്തുന്നത്. ഓരോ തസ്തികയിലേക്കും ഏഴര ലക്ഷത്തോളം അപേക്ഷകളാണ് ലഭിക്കുന്നത്.
പരീക്ഷക്ക് പി.എസ്.സിക്ക് കോടികളാണ് ചെലവ്. എന്നാൽ, ഒ.എം.ആർ പരീക്ഷയിൽ വിജയിക്കുന്നവരെ കായികക്ഷമത പരീക്ഷക്ക് വിളിക്കുമ്പോഴാണ് നിശ്ചിത ഉയരവും നെഞ്ചളവും ഭാരവും ഇല്ലെന്ന് ബോധ്യപ്പെടുന്നത്. ഇതോടെ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും അതിനാലാണ് കായികക്ഷമത തെളിയിക്കുന്നവരെ മാത്രം ഒ.എം.ആർ പരീക്ഷക്ക് ഇരുത്താൻ വഴി തേടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, ഇതിന് പരിഹാരമായി, അപേക്ഷ ക്ഷണിക്കുമ്പോൾ ഉദ്യോഗാർഥിയുടെ ശാരീരിക ക്ഷമതയെ സംബന്ധിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി പി.എസ്.സി സൈറ്റിൽ അപ് ലോഡ് ചെയ്യാനുള്ള മാർഗം ഒരുക്കണമെന്ന് മറുവിഭാഗം വാദിച്ചു. തുടർന്നാണ് പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചത്. 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉപസമിതി ചെർമാൻ ഡോ.കെ.പി. സജിലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.