വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് കാനഡ. വിദേശ രാജ്യത്തേക്ക് കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നവരുടെ നമ്പർ വൺ ചോയ്‌സ് കാനഡയാണ്. ഇവിടെ ഉപരിപഠനം പൂർത്തിയാക്കിയശേഷം പി.ആർ (Permanent residency) നേടി അവിടെതന്നെ തുടരുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഏറ്റവും മികച്ച ജീവിതസാഹചര്യവും സാമൂഹിക അന്തരീക്ഷവുമാണ് പ്രധാന ആകർഷണം. അതുകൊണ്ടുതന്നെ പി.ആർ നേടി വിദേശ രാജ്യത്ത് സ്ഥിരതാമസം ആഗ്രഹിക്കുന്നവർ കൂടുതലായും കാനഡതന്നെയാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്നത്. കാനഡയിലെ ഉപരിപഠനം,ജോലി,സ്ഥിരതാമസം എന്നിവ എങ്ങനെ സാധ്യമാകുമെന്നറിയാം.
കാനഡയിൽ യൂനിവേഴ്സിറ്റികൾക്ക് സമാനമായ രീതിയിൽതന്നെ ഗവൺമെൻറ് കമ്യൂണിറ്റി കോളജുകൾ ധാരാളമുണ്ട്. മറ്റ് രാജ്യങ്ങളിൽനിന്ന് കാനഡയിലെത്തുന്ന കൂടുതൽ പേരും ഇത്തരം ഗവൺമെൻറ് കമ്യൂണിറ്റി കോളജുകൾ നൽകുന്ന കോഴ്‌സുകൾ നേടുന്നതിനാണ് പ്രാധാന്യം നൽകാറുള്ളത്. കാരണം ഇവിടെയുള്ള സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കുകയെന്നതിനുള്ള നടപടികൾ വളരെ സങ്കീർണമാണ്.
മൂന്നു വർഷ കാലയളവിലുള്ള ഡിഗ്രിയാണ് യോഗ്യതയെങ്കിൽ പി.ജി അഡ്മിഷൻ ലഭിക്കാൻ പ്രയാസമാണ്. നാലു വർഷത്തെ ഡിഗ്രി കോഴ്‌സുകൾക്കാണ്കനേഡിയൻ സർവകലാശാലകൾ പ്രാധാന്യം നൽകുന്നത്. ഈ യോഗ്യതയുള്ളവർക്ക് അഡ്മിഷൻ ലഭിക്കാൻ പ്രയാസമുണ്ടാകാറില്ല. ഇക്കാരണത്താൽതന്നെ കാനഡയിൽ പി.ജി കോഴ്‌സുകൾക്ക് അഡ്മിഷൻ എടുക്കുന്നതിനുപകരം പി.ജി ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാനാണ് ശ്രദ്ധകൊടുക്കുന്നത്.
തൊട്ടുമുമ്പ്് ചെയ്ത കോഴ്സിനുശേഷം എത്ര വർഷം കഴിഞ്ഞാണ് കാനഡയിൽ ഉപരിപഠനത്തിന് ശ്രമിക്കുന്നത് എന്ന കാര്യം ഏറ്റവും ആദ്യമായിതന്നെ പരിശോധിക്കും. ഡിഗ്രി അല്ലെങ്കിൽ പി.ജി പൂർത്തിയാക്കി നീണ്ട വർഷങ്ങൾക്കു ശേഷമാണ് കാനഡയിൽ ഉപരിപഠനത്തിനായി ശ്രമിക്കുന്നതെങ്കിൽ നിരാശയാകും ഫലം. കാരണം കൂടുതൽ ഇയർ ഗ്യാപ് ഉള്ളവർ രാജ്യത്തേക്ക് കുടിയേറുന്നതിനു പിന്നിൽ പഠനത്തെക്കാൾ ജോലിചെയ്ത സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. അഞ്ച് വർഷത്തിൽ കൂടുതൽ ഇയർ ഗ്യാപ് ഉണ്ടെങ്കിൽ കാനഡയിൽ സാധാരണരീതിയിൽ അഡ്മിഷൻ ലഭിക്കുക പ്രയാസമാണ്.
അതുകൊണ്ടുതന്നെ ഇത്തരക്കാരെ കാനഡ പ്രോത്സാഹിപ്പിക്കാറില്ല. മാത്രമല്ല, അഡ്മിഷൻ ലഭിക്കുന്ന മിക്കവരും പഠനശേഷം അവിടെതന്നെ ജോലി കണ്ടെത്തി പി.ആർ നേടുകയും ചെയ്യും. അതിനാൽ പഠനത്തിൽ ശ്രദ്ധകൊടുക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. അക്കാദമിക രംഗത്തും തൊഴിൽ രംഗത്തും ഒരുപോലെ പ്രാവീണ്യം തെളിയിക്കുന്നവരെയാണ് കാനഡ സ്വാഗതം ചെയ്യുന്നത്. പഠനശേഷവും ആ രാജ്യത്ത് തുടരാൻ മിക്കവരെയും അനുവദിക്കുന്നതിനാൽ സൂക്ഷ്മ പരിശോധനക്കുശേഷം മാത്രമേ ഉപരിപഠനത്തിനുള്ള അവസരം നൽകൂ. പ്രായവും ഇതിൽ വലിയ ഘടകമാണ്.
അക്കാദമിക നിലവാരം പ്രധാനം
ഉപരിപഠനത്തിനായി കനേഡിയൻ സ്ഥാപനങ്ങളെ സമീപിക്കുന്നതിനുമുമ്പ് അക്കാദമിക നിലവാരം ഉയർന്നതാണെന്ന് ഉറപ്പ് വരുത്തണം. എസ്.എസ്.എൽ.സി മുതൽ പൂർത്തിയാക്കിയ ഓരോ കോഴ്‌സുകളിലും ഉയർന്ന ശതമാനം മാർക്ക് നേടിയിട്ടുള്ളവരെ മാത്രമാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ കാനഡ സ്വപ്നം കാണുന്നതിനുമുമ്പ് സ്വയം വിലയിരുത്തൽ അത്യാവശ്യമാണ്.
കാനഡയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിക്കണമെങ്കിൽ IELTS നിർബന്ധമാണ്. ഓരോ സർവകലാശാലയും ആവശ്യപ്പെടുന്ന IELTS സ്‌കോർ വ്യത്യസ്തമായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്‌സും ഇതിന് അടിസ്ഥാനമാകാറുണ്ട്. കുറഞ്ഞത് 6.5 എങ്കിലും സ്‌കോർ ഇല്ലാതെ അഡ്മിഷൻ ലഭിക്കാൻ പ്രയാസമാണ്. അഡ്മിഷൻ നൽകുന്നതിനുള്ള ധാരണയിലെത്തിയാൽ പഠിക്കാനായി തിരഞ്ഞെടുത്ത സ്ഥാപനം ഓഫർ ലെറ്റർ നൽകും. പലർക്കും നിബന്ധനകളോട് കൂടിയ ഓഫർ ലെറ്ററാണ് ലഭിക്കുക. IELTS യോഗ്യതയില്ലാത്തവർക്ക് നിശ്ചിത കാലയളവിനുള്ളിൽ IELTS നേടണമെന്ന് നിഷ്കർച്ചിരിക്കും. കൂടാതെ, കോഴ്സ് ഫീ നൽകുന്നത് സംബന്ധിച്ച കാര്യങ്ങളും ഇതിൽ പരാമർശിക്കാറുണ്ട്.
യു.കെയുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിൽ പി.ആർ (Permanent residency) ലഭിക്കാൻ സാധ്യത കൂടുതലാണ്. കാരണം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ കാനഡയിൽ ധാരാളമായി ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ മികച്ച കോഴ്സ് എടുത്ത് പഠനനിലവാരം ഉയർന്നനിലയിൽതന്നെ നിലനിർത്തിയാൽ പി.ആർ വളരെ വേഗത്തിൽ ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ വിദേശത്ത് സ്ഥിരതാമസം ലക്ഷ്യമായി മുന്നിട്ടിറങ്ങുന്നവർ കാനഡതന്നെയാണ് എല്ലായ്പ്പോഴും തിരഞ്ഞെടുക്കുന്നത്. മുൻ കാലങ്ങളിൽ കാനഡയിൽ പി.ആർ ലഭിക്കാൻ കാനഡയിലോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലോ തൊഴിൽ പരിചയം ഉണ്ടാകണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ നിലവിൽ കാനഡയിലെ ഏതെങ്കിലും ഒരു സ്ഥാപനം തൊഴിൽ നൽകിയാൽ പി.ആർ ലഭിക്കുന്നതിനായി അപേക്ഷിക്കാം. ഇതാണ് പി.ആർ ആഗ്രഹിക്കുന്നവരുടെ അപേക്ഷയിൽ വലിയ വർധന ഉണ്ടാകാൻ കാരണം.
എന്നാൽ, അഡ്മിഷൻ ലഭിക്കാനുള്ള നിബന്ധനകൾ കൂടുതലാണ്. മറ്റ് രാജ്യങ്ങളിൽ ഉപരിപഠനത്തിനായുള്ള നടപടികൾ താരതമ്യേന കുറവാണെങ്കിൽ കാനഡ ഇക്കാര്യങ്ങളിൽ വളരെയധികം നിഷ്കർഷ പാലിക്കാറുണ്ട്. മാത്രമല്ല, കാനഡ സ്വപ്നം കാണുന്നവർ ദീർഘകാലം കാത്തിരിക്കേണ്ടതായും വരും, കാരണം മൈേഗ്രഷനുള്ള നടപടികൾ സങ്കീർണമാണ് എന്നതുതന്നെ. എന്നാൽ അഡ്മിഷൻ ലഭിച്ചു കഴിഞ്ഞാൽ നല്ല രീതിയിൽ തുടരുന്നവർക്ക് തീർച്ചയായും പി.ആർ ലഭിക്കും. പി.ആർ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ നൽകുന്നതിൽ വലിയ വീഴ്ചവരുത്തുന്നവർക്ക് മാത്രമാണ് കാനഡയിൽനിന്ന് പഠനശേഷം നാട്ടിലേക്ക് മടങ്ങേണ്ടിവരുക.
കാനഡയിൽ ഉപരിപഠനം ആഗ്രഹിക്കുന്നെങ്കിൽ, അനുയോജ്യമായ കോഴ്സ്,യൂനിവേഴ്സിറ്റി എന്നിവ തിരഞ്ഞെടുക്കുന്നത്തിനുള്ള ശ്രമങ്ങളാണ് ആദ്യം ചെയ്യേണ്ടത്. കോഴ്സ് നൽകുന്ന സ്ഥാപനം ആവശ്യപ്പെടുന്ന യോഗ്യത നിങ്ങൾക്കുണ്ടോ എന്ന കാര്യവും ഇതോടൊപ്പം ഉറപ്പുവരുത്തണം. ഇതിനായി അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാം. ശേഷം അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമായ രേഖകൾ എല്ലാം തന്നെ നൽകണം. അപേക്ഷയോടൊപ്പം എന്തുകൊണ്ട് നിങ്ങൾ ആ പ്രത്യേക കോഴ്സ്, സ്ഥാപനം എന്നിവ തിരഞ്ഞെടുത്തു എന്ന് വ്യക്തമാക്കുന്ന വിശദമായ സ്റ്റേറ്റ്മെൻറ് ഓഫ് പർപ്പസ് എഴുതി തയാറാക്കി നൽകണം.
ഉപരിപഠനത്തിനായുള്ള അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള വിശദമായ ഇൻറർവ്യൂ അറ്റൻഡ് ചെയ്യണം. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, ആത്മവിശ്വാസം, പ്രതികരണശേഷി എന്നിവ അളക്കുന്നതിനായാണ് ഈ അഭിമുഖം. പഠനംതന്നെയാണോ പ്രധാന ലക്ഷ്യം എന്നത് വ്യക്തമാകുന്നതിനുള്ള ചോദ്യങ്ങളും ഈ അഭിമുഖത്തിൽ നേരിടേണ്ടി വരും.
അഭിമുഖത്തിലൂടെ നിങ്ങളെ വിലയിരുത്തിക്കഴിഞ്ഞാൽ, സ്ഥാപനം നിങ്ങളുടെ യോഗ്യതകളിൽ തൃപ്തരാണെങ്കിൽ അഡ്മിഷനായുള്ള ഓഫർ ലെറ്റർ നൽകും. ഇത് നിബന്ധനകളോട് കൂടിയതോ നിബന്ധനകൾ ഇല്ലാത്തതോ ആകാം. IELTS നു നിശ്ചിത സ്‌കോർ പ്രത്യേക കാലയളവിനുള്ളിൽ നേടിയെടുക്കുക, കോഴ്സ് ഫീയുടെ ഒരുഭാഗം അടക്കുക തുടങ്ങിയ കാര്യങ്ങൾ നിബന്ധനയോടുകൂടിയ ഓഫർ ലെറ്ററിൽ ഉണ്ടാകും. ബിരുദ ഫലം കാത്തിരിക്കുന്ന വിദ്യാർഥികളാണെങ്കിൽ അവർക്ക് നിശ്ചിത ശതമാനം മാർക്ക് തെളിയിക്കുന്ന രേഖ സമർപ്പിക്കാനുള്ള സമയവും ഓഫർ െലറ്ററിൽ രേഖപ്പെടുത്താറുണ്ട്. അതിനനുസരിച്ച കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
മാറ്റ് രാജ്യങ്ങളിലേക്കുള്ള സ്റ്റുഡൻറ് വിസാ നടപടികളെക്കാൾ കടുപ്പമേറിയതാണ് കാനഡയിലേക്കുള്ളവിസാ നടപടികൾ. മറ്റിടങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനം അഡ്മിഷൻ നൽകിയാൽ വിസ ലഭിക്കാൻ വലിയ പ്രയാസങ്ങളില്ല. എന്നാൽ, കാനഡയിലേക്ക് വിസ ലഭിക്കണമെങ്കിൽ അഡ്മിഷൻ മാത്രം പോരാ, പഠനമാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർക്ക് ബോധ്യപ്പെടണം.
പഠന ചെലവും ജീവിതച്ചെലവും കണക്കാക്കണമെങ്കിൽ പഠിക്കാനായി തിരഞ്ഞെടുത്ത സ്ഥാപനം, കോഴ്സ്, ജീവിതരീതി എന്നിവയെല്ലാം പരിഗണിക്കണം. ഏകദേശം ഒരു വർഷത്തെ ജീവിതച്ചെലവ് ആറ് ലക്ഷം മുതൽ എട്ടു ലക്ഷം വരെയാണ്. ജീവിതരീതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് വിധേയമായി ഇത് കുറയുകയോ കൂടുകയോ ചെയ്യാം. കോഴ്‌സുകൾക്ക് പ്രതിവർഷം ശരാശരി എട്ടു മുതൽ 11 ലക്ഷം വരെ ഫീസ് നൽകേണ്ടതായി വരും.
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യമാണ് കാനഡ. അതുകൊണ്ടുതന്നെ തൊഴിൽ സ്ഥാപനങ്ങളും തൊഴിൽ സാധ്യതകളും താരതമ്യേന കുറവാണ്. ആളുകളും സ്ഥാപനങ്ങളും കുറവുള്ള ഭാഗങ്ങളിൽ താമസിക്കുകയാണെങ്കിൽ പഠനത്തോടൊപ്പം ജീവിതച്ചെലവ് കണ്ടെത്തുന്നതിനുള്ള പാർട്ട് ടൈം ജോലി കണ്ടെത്താൻ പ്രയാസമുണ്ടാകും. പഠനശേഷമുള്ള സ്റ്റേ ബാക്ക് കാലയളവിലും മികച്ചജോലി സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുകയാണ് നല്ലത്.
മികച്ച നിലവാരമുള്ള വിദ്യാർഥികൾക്ക് കാനഡ നൽകുന്ന സ്പെഷൽ മൈേഗ്രഷൻ റൂട്ടാണ് സ്റ്റുഡൻറ് ഡയറക്ട് സ്ട്രീം (SDS). വിസാ നടപടികൾക്കായി കൂടുതൽ കാലം കാത്തിരിക്കേണ്ട എന്നതാണ് ഇതിെൻറ പ്രത്യേകത. എന്നാൽ, മികച്ച അക്കാദമിക മികവുള്ളവർക്ക് മാത്രമാണ് ഈ അവസരം. ഇത്തരക്കാർക്ക് വളരെ വേഗത്തിൽ വിസ ലഭിക്കും. എന്നാൽ ഇതിന് മുമ്പായി കാനഡയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി കോഴ്സ് ഫീയും ജീവിതച്ചെലവിനുള്ള തുകയും ആ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.