തിരുവനന്തപുരം: സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്കും എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും ഉദ്യോഗ നിയമനങ്ങളിലുണ്ടായ കുറവ് (ബാക്ലോഗ്) അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സിയും ഉത്തരവിട്ടു.
കേന്ദ്ര, സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകൾ, കോളജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണ തത്ത്വം കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. ബാക്ലോഗ് കണ്ടെത്തിയ സ്ഥാപനങ്ങളിൽ അധ്യാപക, അനധ്യാപക തസ്തിക വ്യത്യാസമില്ലാതെ അവ ഉടൻ നികത്തി സ്ഥിതി വിവരക്കണക്കുകൾ സഹിതം റിപ്പോർട്ട് നൽകണം.
വിദ്യാർഥി പ്രവേശനം, ഹോസ്റ്റൽ പ്രവേശനം എന്നിവയിലെ സംവരണ വിവരം ഉൾപ്പെടെയുള്ളവയും സമർപ്പിക്കണം. നിയമനത്തിലെ സംവരണക്രമം സൂചിപ്പിക്കുന്ന റോസ്റ്റർ വെബ്സൈറ്റിലൂടെ കൃത്യമായ ഇടവേളകളിൽ പുതുക്കി പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്.
ഭിന്നശേഷിക്കാർ, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളുടെ സംവരണ വിവരങ്ങളും സർവകലാശാലകൾ നൽകണം. സംസ്ഥാനത്ത് കാലിക്കറ്റ് സർവകലാശാലയിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള ബാക്ലോഗ് പരിഗണിക്കാെത അധ്യാപക നിയമനം നടത്താൻ സിൻഡിക്കേറ്റ് നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്രം കർശന നിർദേശം നൽകിയത്.
കാലിക്കറ്റിൽ അസി. പ്രഫസർ തസ്തികയിൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്ക് 33 തസ്തികകളിൽ നിയമന കുറവുണ്ട്. ഇതിനുപുറമെ അസോ. പ്രഫസർ, പ്രഫസർ തസ്തികകളിലും ബാക്ലോഗുണ്ട്. 63 അസി. പ്രഫസർ, 29 അസോ. പ്രഫസർ, 24 പ്രഫസർ ഉൾപ്പെടെ 116 അധ്യാപക തസ്തികകളിലാണ് സംവരണക്കുറവ് പരിഗണിക്കാതെ ഇപ്പോൾ സിൻഡിക്കേറ്റ് നിയമന നീക്കം നടത്തുന്നത്.
സംസ്ഥാനത്ത് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പരിധിവിട്ട മുന്നാക്ക സംവരണം നടത്തുന്നത് വിവാദമായതിനു പിന്നാലെയാണ് വിദ്യാർഥി പ്രവേശനത്തിെൻറ കണക്ക് സഹിതം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.