സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയും പൊതുവിദ്യാഭ്യാസ മേഖലയും (സ്കൂൾ വിദ്യാഭ്യാസം) വിവാദങ്ങളിൽ മുങ്ങുകയും പ്രശ്നകലുഷിതമാവുകയും ചെയ്ത വർഷമാണ് കടന്നുപോകുന്നത്. സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെങ്കിൽ പരിഷ്കാരങ്ങളുടെ പേരിൽ വകുപ്പും അധ്യാപക സമൂഹവും തമ്മിലായിരുന്നു സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ ഏറ്റുമുട്ടൽ. സംഘർഷങ്ങൾക്കിടയിലും രണ്ട് മേഖലയിലും കേരളം ദേശീയതലത്തിൽ മുന്നോട്ടുപോകുന്ന കണക്കുകൾ പുറത്തുവന്നു.
സംസ്ഥാനത്ത് ഗവർണർ ചാൻസലർ പദവി വഹിക്കുന്ന 15 സർവകലാശാലകളിൽ 14 എണ്ണത്തിലും സ്ഥിരം വൈസ്ചാൻസലർമാരില്ലാത്ത അപൂർവ പ്രതിസന്ധിയിലൂടെയാണ് 2024 കടന്നുപോയത്. വി.സി നിയമനത്തിന് സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള അധികാരം സർക്കാറിനാണോ ചാൻസലർക്കാണോ എന്ന തർക്കം ഒടുവിൽ കോടതി കയറിനിൽക്കുന്നു. 14 സർവകലാശാലകളിലും താൽക്കാലിക വി.സിമാരെവെച്ചാണ് ഭരണം നടത്തുന്നത്.
ആരോഗ്യ സർവകലാശാല വി.സി മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം സംഘ്പരിവാർ രാജ്ഭവൻ വഴി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് നുഴഞ്ഞുകയറുന്നതിന്റെ പ്രത്യക്ഷ തെളിവായി മാറി. ഏറ്റവും ഒടുവിൽ സർക്കാർ നൽകിയ പാനൽ തള്ളി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പ്രഖ്യാപിത സംഘ്പരിവാറുകാരൻ കുസാറ്റിലെ ഡോ. ശിവപ്രസാദിനെ വൈസ്ചാൻസലറുടെ ചുമതല നൽകിയ ഗവർണറുടെ നടപടിയും ഇതിനുള്ള തെളിവായി.
കേരള സർവകലാശാല സെനറ്റിലേക്ക് കൂട്ടത്തോടെ ബി.ജെ.പി, ആർ.എസ്.എസ് അനുഭാവികളെ നോമിനേറ്റ് ചെയ്തതായിരുന്നു ഗവർണറുടെ സംഘ് അനുകൂല നീക്കങ്ങളിൽ മറ്റൊന്ന്. ഈ അംഗത്വം ബലമാക്കി വി.സിയുടെ ചുമതലയിലുള്ള മോഹനൻ കുന്നുമ്മലിനെ കൂട്ടുപിടിച്ച് ചരിത്രത്തിൽ ആദ്യമായി ബി.ജെ.പിക്ക് കേരള സർവകലാശാല സിൻഡിക്കേറ്റിൽ രണ്ടംഗങ്ങളെ സംഭാവന ചെയ്യാനും രാജ്ഭവന് സാധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രോചാൻസലറായ കേരള ഡിജിറ്റൽ സർവകലാശാലയിൽ വി.സി നിയമനത്തിനായി സമർപ്പിച്ച പാനലും തള്ളി സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ച ഡോ. സിസ തോമസിന് വി.സിയുടെ ചുമതലയും ഗവർണർ നൽകി. എം.ജി, മലയാളം, കാർഷിക സർവകലാശാല ഒഴികെ 11 സർവകലാശാലകളിലും ഇപ്പോൾ സർക്കാർ നിർദേശം തള്ളി ഗവർണർ നേരിട്ട് നിയമിച്ച വി.സിമാരാണുള്ളത്. ഫലത്തിൽ 11 സർവകലാശാലകളുടെയും നിയന്ത്രണം ഗവർണർക്കാണെന്ന് ചുരുക്കം. ആരിഫ് മുഹമ്മദ് ഖാന് പകരം പുതിയ ഗവർണറായി രാജേന്ദ്ര ആർലേകർ എത്തുമ്പോൾ എന്താകും സമീപനം എന്നാണ് ഉറ്റുനോക്കുന്നത്.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിനിടയായ സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി വെറ്ററിനറി സർവകലാശാല വി.സി ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തതും കടന്നുപോകുന്ന വർഷത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. കോടതികൾ പിന്നീട് ഗവർണറുടെ നടപടി ശരിവെക്കുകയും ചെയ്തു. സർവിസിൽ തിരിച്ചുകയറാനാകാതെയാണ് വി.സിയുടെ കാലാവധി പൂർത്തിയായത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്തെ പ്രധാന പരിഷ്കരണങ്ങളിലൊന്നായിരുന്നു 2024 ജൂണിൽ ആരംഭിച്ച നാല് വർഷ ബിരുദ കോഴ്സുകൾ. അഫിലിയേറ്റഡ് കോളജുകൾക്ക് പുറമെ വിവിധ സർവകലാശാല കാമ്പസുകളിലും നാലു വർഷ ബിരുദ കോഴ്സ് തുടങ്ങി. തുടക്കത്തിലേ കല്ലുകടിയായി നീങ്ങുന്ന നാല് വർഷ ബിരുദ കോഴ്സ് കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളെ പിടിച്ചുനിർത്തുമോ എന്നതും വരും വർഷങ്ങളിൽ വ്യക്തമാകും. റാങ്കിങ്ങിൽ കുതിച്ച് കേരളം
വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞുനിന്നെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ, അന്തർദേശീയ റാങ്കിങ്ങിൽ കേരളം മുന്നോട്ടുകുതിച്ച വർഷമായിരുന്നു 2024. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിങ് സംവിധാനമായ ക്യു.എസ്, ടൈംസ് എന്നീ റാങ്കിങ്ങുകളിൽ എം.ജി, കുസാറ്റ്, കേരള സർവകലാശാലകൾ ഇടംപിടിച്ചു.
ദേശീയ റാങ്കിങ് സംവിധാനമായ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ആദ്യ നൂറിൽ ഇടംപിടിച്ചു. 42 കോളജുകളും ആദ്യ 200 റാങ്കിൽ കേരളത്തിൽനിന്ന് ഇടംപിടിച്ചു. നാക് ഗ്രേഡിങ്ങിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുതിപ്പിന്റെ വർഷമായിരുന്നു 2024.
സ്കൂൾ പഠനനിലവാരം താഴോട്ടാണെന്ന തിരിച്ചറിവിൽ എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകൾക്ക് പാസാകാൻ വിഷയ മിനിമം തിരിച്ചുകൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എഴുത്തും വായനയും അറിയാത്തവർപോലും ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർപോലും വിലയിരുത്തുമ്പോഴാണ് മാറ്റത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.
ഒന്നു മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനും ഓഫീസ് ഘടന ഇതിനനുസൃതമായി അഴിച്ചുപണിയാനും ലക്ഷ്യമിട്ടുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. ഏകീകരണം നടപ്പാക്കാനുള്ള കോർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പരിശോധനയിലാണ്. ഓഫീസ് ഘടനയും തസ്തികകളും ഉടച്ചുവാർക്കുന്ന ഏകീകരണം 2025-26 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്നായിരുന്നു ഒടുവിലെ പ്രഖ്യാപനം.
ഹൈസ്കൂളുകളും ഹയർ സെക്കൻഡറികളും ഒന്നിച്ചുള്ളിടത്ത് ഇവയെ ഒറ്റ യൂനിറ്റായി പരിഗണിച്ച് പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയാക്കുന്ന നടപടിയും ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കുന്ന നടപടിയും കടലാസിൽ പൂർത്തിയായിട്ടുണ്ട്. മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ രൂപവത്കരിച്ച് ഒറ്റ ഡയറക്ടർക്ക് കീഴിലാക്കുന്ന നടപടി മാത്രമേ ഇതിൽ പൂർത്തിയായിട്ടുള്ളൂ.
സ്കൂൾ അധ്യാപകരുടെ മിനിമം യോഗ്യത ബിരുദമാക്കി ഉയർത്തൽ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടൽ, സ്കൂൾ സമയമാറ്റം ഉൾപ്പെടെ തൊട്ടാൽപൊള്ളുന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ നടപ്പാക്കാൻ തയാറാകുമോ എന്നതിൽ ഇപ്പോഴും അവ്യക്തത മാത്രം.
220 അധ്യയന ദിനങ്ങൾ തികക്കണമെന്ന ലക്ഷ്യത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ ഹൈകോടതി റദ്ദാക്കിയത് സർക്കാറിന് തിരിച്ചടിയായി. ആവശ്യമായ കൂടിയാലോചനകളില്ലാതെ പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകൾ തന്നെയാണ് കോടതി കയറിയത്. 25 ശനിയാഴ്ചകൾ അധ്യയന ദിനങ്ങളാക്കിയ നടപടിയാണ് തർക്ക വിഷയമായത്. അധ്യാപകരെയും വിദ്യാർഥി സംഘടനകളെയും രക്ഷിതാക്കളുടെ പ്രതിനിധികളെയും നേരിൽ കേട്ടശേഷം തീരുമാനമെടുക്കണമെന്ന കോടതി നിർദേശം ഇതുവരെ നടപ്പായിട്ടില്ല. ഹിയറിങ് പൂർത്തിയായിട്ട് രണ്ടുമാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിക്കാതെയാണ് അധ്യയന വർഷം അവസാന പാദത്തിലേക്ക് കടക്കുന്നത്.
സ്കൂൾ ടേം പരീക്ഷകളുടെ ചോദ്യങ്ങൾ കൂട്ടത്തോടെ ചോരുന്നത് വിദ്യാഭ്യാസ വകുപ്പിനെ വിവാദമുനയിൽ നിർത്തിയിരിക്കുകയാണ്. സ്വകാര്യ യൂട്യൂബ് ചാനലുകൾ പ്രവചനം എന്ന രീതിയിൽ അവതരിപ്പിക്കുന്ന ചോദ്യങ്ങൾ അടുത്തദിവസത്തെ പരീക്ഷകളിൽ മാറ്റമില്ലാതെ ആവർത്തിക്കുന്നു. ഏറ്റവും ഒടുവിൽ അർധവാർഷിക പരീക്ഷയിൽ പത്താം ക്ലാസിന്റെ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് ചോദ്യങ്ങളാണ് ചോർന്നിരിക്കുന്നത്. ചോദ്യചോർച്ച വിദ്യാഭ്യാസ മന്ത്രിതന്നെ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവും വകുപ്പുതല അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.