ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ പരിഷ്കരണങ്ങളിൽ ഏഴംഗ വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും നടപ്പാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ നീറ്റ്-യു.ജി നടത്തിപ്പിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്തതിനുശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനം.
2024ലെ വിവാദമായ നീറ്റ്-യു.ജി റദ്ദാക്കാൻ കഴിഞ്ഞ ആഗ്സറ്റ് 2ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യുന്ന വ്യവസ്ഥാപരമായ ചോർച്ചയോ ക്രമക്കേടോ സൂചിപ്പിക്കാൻ മതിയായ രേഖകളിൽ ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
എന്നാൽ, നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷാ പരിഷ്‌കാരങ്ങൾ ശിപാർശ ചെയ്യുന്നതിനുമായി മുൻ ഐ.എസ്.ആർ.ഒ മേധാവി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നീറ്റ്-യു.ജി പരീക്ഷ സുതാര്യവും ദുഷ്പ്രവണതകളിൽനിന്ന് മുക്തവുമാക്കണമെന്ന് സമിതി ശിപാർശ ചെയ്തു.
സമിതി റിപ്പോർട്ട് സമർപ്പിച്ചതായും സർക്കാർ എല്ലാ ശിപാർശകളും നടപ്പാക്കുമെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യാഴാഴ്ച ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ‘ഞങ്ങൾ എല്ലാ ശിപാർശകളും നടപ്പിലാക്കാൻ പോകുന്നു. അത് ആറു മാസത്തിന് ശേഷം ലിസ്റ്റ് ചെയ്യും’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ 21ന്, പരീക്ഷാ പരിഷ്‌കരണങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിക്ക് നൽകിയ സമയം സുപ്രീംകോടതി നീട്ടിയിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു പരീക്ഷാ കേന്ദ്രത്തിലെ സുരക്ഷാ ലംഘനം അടക്കം നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഭാഗത്തുനിന്ന് ഒന്നിലധികം വീഴ്ചകൾ സുപ്രീംകോടതി ഉയർത്തിക്കാണിക്കുകയുണ്ടായി. സ്ട്രോങ്റൂമിന്റെ പിൻവാതിൽ തുറക്കുകയും അനധികൃതമായി ആളുകൾക്ക് ചോദ്യപേപ്പറുകൾ സ്വായത്തമാക്കാൻ അനുവദിക്കുകയും ചെയ്തു. ഇ-റിക്ഷകൾ വഴി ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്നതും തെറ്റായ ചോദ്യപേപ്പറുകൾ ഉദ്യോഗാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നുവെന്നതും കോടതി ചൂണ്ടിക്കാട്ടി.
രാധാകൃഷ്ണനെ കൂടാതെ രൺദീപ് ഗുലേറിയ, ബി.ജെ റാവു, രാമമൂർത്തി.കെ, പങ്കജ് ബൻസാൽ, ആദിത്യ മിത്തൽ, ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരാണ് വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.