തിരുവനന്തപുരം: സംസ്ഥാനത്തെ 82 ഹയർസെക്കൻഡറി സ്കൂളുകളിലായി 105 ബാച്ചുകൾ മതിയായ കുട്ടികളില്ലാത്തതാണെന്നും ഇവയിൽ ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള 14 സ്കൂളുകളിലെ ബാച്ചുകൾ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് ഉടൻ മാറ്റാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. 25ൽ താഴെ കുട്ടികൾ പ്രവേശനം നേടിയ ബാച്ചുകളെയാണ് കുട്ടികളില്ലാത്ത ബാച്ചുകളായി പരിഗണിക്കുന്നത്. 105 ബാച്ചുകളിൽ 15 എണ്ണം 12 എയ്ഡഡ് സ്കൂളുകളിലാണ്. 90 ബാച്ചുകൾ 70 സർക്കാർ സ്കൂളുകളിലും.
സർക്കാർ സ്കൂളുകളിൽ കുട്ടികളില്ലാത്ത ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള 14 സ്കൂളുകളിലെ ഓരോ ബാച്ച് വീതം ട്രാൻസ്ഫർ ചെയ്യാനാണ് ശിപാർശ.
ഈ ബാച്ചുകൾ ട്രാൻസ്ഫർ ചെയ്ത് ഉത്തരവിറക്കിയാൽ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുംമുമ്പ് ആവശ്യമായ ഭേദഗതി വരുത്താനാകുമെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം മുതൽ ഒരു ബാച്ചിൽ 25 കുട്ടികളിൽ താഴെയാണ് പ്രവേശനം നേടുന്നതെങ്കിൽ അത്തരം ബാച്ചുകൾ റദ്ദാക്കുകയും അവ ആവശ്യമുള്ള പ്രദേശത്തേക്ക് മാറ്റുമെന്നുമുള്ള നിബന്ധന പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും ഡയറക്ടറുടെ ശിപാർശയിൽ പറയുന്നു. കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ടുകൂടി പരിഗണിച്ച് പ്രോസ്പെക്ടസിൽ മാറ്റംവരുത്താൻ അടിയന്തര നടപടി വേണം.
സർക്കാർ സ്കൂളുകളിലെ 14 ബാച്ചുകളിൽ നാലെണ്ണം കോട്ടയം ജില്ലയിലും മൂന്നെണ്ണം തിരുവനന്തപുരത്തുമാണ്. പാലക്കാട് രണ്ടും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒന്നുവീതവും ബാച്ചുകളുമുണ്ട്. കുട്ടികൾ കുറവുള്ള ബാച്ചുകളുള്ള 85 സ്കൂളുകളിൽ 21 എണ്ണം കോട്ടയം ജില്ലയിലും 20 എണ്ണം പത്തനംതിട്ടയിലും 15 എണ്ണം എറണാകുളത്തും 12 എണ്ണം ആലപ്പുഴയിലും ഒമ്പതെണ്ണം ഇടുക്കിയിലുമാണ്.
കുട്ടികളില്ലാത്ത ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാൻ ഹയർസെക്കൻഡറി മുൻ ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ ചെയർമാനും ഹയർസെക്കൻഡറി അക്കാദമിക് ജോയൻറ് ഡയറക്ടർ ആർ. സുരേഷ് കുമാർ മെംബർ സെക്രട്ടറിയുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി സിറ്റിങ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.