തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന ക്രിസ്മസ് പരീക്ഷകൾ വീണ്ടും നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നത്. ഈ പരീക്ഷകളുടെ ചോദ്യങ്ങളുടെ മാതൃകയാണ് എം.എസ്. സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ വഴി പുറത്തുവന്നത്. റിട്ട. അധ്യാപകനാണ് എം.എസ് സെല്യൂഷന് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നാണ് ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത് എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ യൂട്യൂബ് ചാനൽ സകല അതിരുകളും ലംഘിച്ചുവെന്നും തനിക്ക് യൂട്യൂബറെ കുറിച്ച് അറിയില്ലെന്നും ചാനലിന്റെ ഓഫിസ് പൂട്ടിയെന്നാണ് അറിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒരുമാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അതിനായി ആറംഗ സമിതിയെയും നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഇതിനൊപ്പം പൊലീസിന്റെ അന്വേഷണവും നടക്കും. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ചോർച്ച ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിൽ സർക്കാർ സ്കൂൾ അധ്യാപകർ പഠിപ്പിക്കുന്നുണ്ടോയെന്നതും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.