എം.ജി ഓപണ്‍ ബുക് പരീക്ഷകള്‍ക്ക് തയാറാകുന്നു

കോട്ടയം: പി.ജി തലത്തില്‍ ഓപണ്‍ ബുക് പരീക്ഷകള്‍ക്കായി മഹാത്മഗാന്ധി സര്‍വകലാശാല തയാറാകുന്നു. ഐ.ഐ.ടി പോലുള്ള ദേശീയ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പിലാക്കുക. 
വിദ്യാര്‍ഥികളുടെ ഓര്‍മശക്തി പരീക്ഷിക്കുന്ന പരമ്പരാഗത സമ്പ്രദായത്തിന് പകരമായി ബുദ്ധിശക്തിയും ക്രിയാത്മകതയും പ്രായോഗികതയും വെളിപ്പെടുത്താനുതകുന്ന പരീക്ഷാ രീതിയിലേക്ക് മാറാനാണ് ശ്രമം. തുടക്കത്തില്‍ പി.ജി. കോഴ്സുകളിലെ തെരഞ്ഞെടുത്ത വിഷയങ്ങളിലായിരിക്കും ഓപണ്‍ ബുക്ക് സമ്പ്രദായം നടപ്പിലാക്കുക. ഇതുവഴി പാഠ്യക്രമത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് 15 ദിവസത്തിനുള്ളില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ യോഗം ഡീന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ അക്കാദമിക വര്‍ഷം തന്നെ പദ്ധതി നടപ്പാക്കും. ഇതര സര്‍വകലാശാലകളുടെ ബിരുദങ്ങള്‍ക്ക് ഇക്വലന്‍സി, എലിജിബിലിറ്റി എന്നിവ നല്‍കാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള ഡീന്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും.
യു.ജി.സി നിഷ്കര്‍ഷിച്ച പ്രകാരം പി.എച്ച്.ഡി ചട്ടങ്ങള്‍ പുന$ക്രമീകരിക്കും. ഗവേഷണ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും. സ്വാശ്രയ സ്ഥാപനങ്ങളിലെ യോഗ്യരായ അധ്യാപര്‍ക്ക് ഗവേഷണ ഗൈഡായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ വിഷയത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഡീന്‍സ് കമ്മിറ്റിയില്‍നിന്ന് ആരാഞ്ഞറിഞ്ഞശേഷം മാത്രമാകും നടപ്പാക്കുക.  വിദേശവിദ്യാര്‍ഥികളെ സര്‍വകലാശാല കാമ്പസിലേക്കും ഇതര സ്ഥാപനങ്ങളിലേക്കും ആകര്‍ഷിക്കാന്‍ നടപടികള്‍ തുടങ്ങും. 
യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷൂക്കൂര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, ഡോ. എന്‍. ജയകുമാര്‍, പ്രഫ. സണ്ണി കെ. ജോര്‍ജ്, പ്രഫ. സി.എച്ച്. അബ്ദുല്‍ ലത്തീഫ്,  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.