സുപ്രീം കോടതി ഉത്തരവും ഭാരത സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥകളും അനുസരിച്ച് സ്വാശ്രയ മെഡിക്കല്‍/ഡെന്‍റല്‍ കോളജില്‍ നീറ്റ് 2016 സ്കോര്‍ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ ദേശീയ തലത്തില്‍ ഇക്കൊല്ലത്തെ അഡ്മിഷന്‍ നടപടികളാരംഭിക്കും.
സ്വകാര്യ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍ സ്വന്തമായി നടത്തിയ എന്‍ട്രന്‍സ് പരീക്ഷകള്‍ റദ്ദു ചെയ്താണ് നീറ്റ് സ്കോര്‍ മാനദണ്ഡമാക്കി അഡ്മിഷന്‍ നടപടികളാരംഭിക്കുന്നത്. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളില്‍ വിവിധ സ്വകാര്യ മാനേജ്മെന്‍റുകള്‍ വ്യത്യസ്ത നിരക്കില്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, താരതമ്യേന ഫീസ് നിരക്ക് കുറഞ്ഞ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതത് സ്ഥാപനങ്ങളുടെ പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ ഫീസ് നിരക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രവേശ നടപടികള്‍ മനസ്സിലാകും. ചില പ്രമുഖ സ്ഥാപനങ്ങളുടെ മെഡിക്കല്‍ കൗണ്‍സലിങ് /സീറ്റ് സെലക്ഷന്‍ നടപടികളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.
കൊമഡെക്ക്: കര്‍ണാടകത്തിലെ സ്വകാര്യ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളുടെ കൂട്ടായ്മയായ കൊമെഡക്ക് അതിന്‍െറ അംഗ സ്ഥാപനങ്ങള്‍ നടത്തുന്ന ഇക്കൊല്ലത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള കൗണ്‍സലിങ് സീറ്റ് സെലക്ഷന്‍ നടപടികള്‍ ബംഗളൂരുവില്‍ നടക്കും. ദേശീയ തലത്തിലാണ് പ്രവേശം. നീറ്റ് 2016 സ്കോര്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. വാര്‍ഷിക ട്യൂഷന്‍ ഫീസ് എം.ബി.ബി.എസ് കോഴ്സിന് 5,75,000 രൂപയും ബി.ഡി.എസ് കോഴ്സിന് 3,90,000 രൂപയുമാണ്. ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 18ന് ഉച്ചക്ക് 12 മണിമുതല്‍ 28ന് വൈകീട്ട് ആറു മണിവരെ www.comedek.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അഡ്മിഷനായുള്ള പ്രൊവിഷനല്‍ മെറിറ്റ് ലിസ്റ്റ് ആഗസ്റ്റ് 30ന് പ്രസിദ്ധപ്പെടുത്തും. ഇതിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ സെപ്റ്റംബര്‍ 30നകം അറിയിക്കാം. ഫൈനല്‍ മെറിറ്റ് ലിസ്റ്റ് സെപ്റ്റംബര്‍ ആറിന് പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ് മെറിറ്റ് കാര്‍ഡ് അന്നേ ദിവസം ഡൗണ്‍ലോഡ് ചെയ്യാം. ആദ്യ റൗണ്ട് കൗണ്‍സലിങ് സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെ. സീറ്റ് സെലക്ട് ചെയ്ത കോളജില്‍ സെപ്റ്റംബര്‍ 15ന് റിപ്പോര്‍ട്ട് ചെയ്യണം. രണ്ടാം റൗണ്ട് കൗണ്‍സലിങ് സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടക്കും. സീറ്റ് സെലക്ട് ചെയ്ത സ്ഥാപനത്തില്‍ സെപ്റ്റംബര്‍ 26ന് റിപ്പോര്‍ട്ട് ചെയ്യണം. കൗണ്‍സലിങ്ങിന് അപേക്ഷഫീസ് 600 രൂപയാണ്. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളില്‍ 700 വീതം ആകെ 1400 സീറ്റുകളിലാണ് ഇക്കൊല്ലം അഡ്മിഷന്‍ ലഭിക്കുക. വിശദ വിവരങ്ങളടങ്ങിയ കൗണ്‍സലിങ് ബ്രോഷര്‍ www.comedk.org എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
എം.ജി.ഐ.എം.എസ് വാര്‍ധ: മിതമായ ഫീസ് നിരക്കില്‍ എം.ബി.ബി.എസ് പഠനം നടത്താവുന്ന വാര്‍ധയിലെ (സോവഗ്രാമം) മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എം.ജി.ഐ.എം.എസ് ) ഇക്കൊല്ലത്തെ അഡ്മിഷന് നീറ്റ് - 2016 സ്കോര്‍ സഹിതം നാല് ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. www.mgims.ac.in എന്ന വെബ്സൈറ്റില്‍ ഇതിന് സൗകര്യമുണ്ടാവും. അര്‍ഹരായവരുടെ മെറിറ്റ് ലിസ്റ്റ് ഇതേ വെബ്സൈറ്റില്‍ ആഗസ്റ്റ് 29ന് പ്രസിദ്ധപ്പെടുത്തും. ആദ്യ റൗണ്ട് കൗണ്‍സലിങ് സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളിലും നടക്കും. സെപ്റ്റംബര്‍ 16ന് കോഴ്സ് ആരംഭിക്കും. എം.ബി.ബി.എസിന് ആകെയുള്ള 100 സീറ്റുകളില്‍ 50 ശതമാനം മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികള്‍ക്കും ശേഷിച്ച 50 ശതമാനം ദേശീയ തലത്തിലും (മഹാരാഷ്ട്ര ഒഴികെ) വിദ്യാര്‍ഥികള്‍ക്കും ആയി നീറ്റ് സ്കോര്‍ പരിഗണിച്ച് കൗണ്‍സലിങ്ങിലൂടെ അഡ്മിഷന്‍ ലഭിക്കുന്നതാണ്. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 32,200 രൂപ വീതമാണ് ട്യൂഷന്‍ ഫീസ്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.mgims.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജ്: ഇക്കഴിഞ്ഞ മാര്‍ച്ചിനും മേയ്ക്കുമിടയില്‍ ബംഗളൂരുവിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ നാല് ദിവസത്തിനകം നേരത്തെയുള്ള SJMCET യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് നീറ്റ് സ്കോര്‍ admissions.stjohns.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കണം. ഇതില്‍പ്പെടാത്ത പുതിയ അപേക്ഷകരും നീറ്റ് സ്കോര്‍ ഇതേ വെബ് പോര്‍ട്ടലില്‍ അറിയിക്കണം. ഇവിടെ എം.ബി.ബിഎസ് കോഴ്സില്‍ 150 സീറ്റുകള്‍ ഉണ്ട്. അഖിലേന്ത്യ ഓപണ്‍ മെറിറ്റ് സീറ്റില്‍ 30 സീറ്റുകള്‍ ലഭ്യമാകും.
ട്യൂഷന്‍ ഫീസ് 17,500 രൂപയാണ്. 2016 ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചുമണിക്കകം നീറ്റ് സ്കോര്‍ സമര്‍പ്പിക്കണം. അപേക്ഷഫീസ് 2000 രൂപ. എന്‍.ആര്‍.ഐകള്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും 7500 രൂപയാണ് ഫീസ്. കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ www.stjohns.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
സി.എംസി വെല്ലൂര്‍: ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വെല്ലൂരില്‍ എം.ബി.ബി.എസ് പ്രവേശത്തിന് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ admissions.cmcvellore.ac.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചു മണിക്കകം ലഭിക്കത്തക്കവണ്ണം നീറ്റ് സ്കോര്‍ അറിയിച്ചാല്‍ മതി. മറ്റുള്ളവര്‍ നീറ്റ് സ്കോര്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 1300 രൂപയാണ്. ഇവിടെ എം.ബി.ബി.എസിന് ആകെ 100 സീറ്റുകള്‍ ഉണ്ടെങ്കിലും 16 സീറ്റുകള്‍ മത്രമേ ഓപണ്‍ വിഭാഗത്തിനുള്ളൂ. ശേഷിച്ച 84 സീറ്റുകളും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട സ്പോണ്‍സേര്‍ഡ് വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. ക്രിസ്ത്യന്‍ ചര്‍ച്ച് സംഘടനകള്‍ക്ക് സി.എം.സി വെല്ലൂര്‍ അസോസിയേഷന്‍ അംഗത്വമുള്ളപക്ഷം വിദ്യാര്‍ഥികളെ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് സ്കോര്‍ പരിഗണിച്ച് പ്രത്യേക ടെസ്റ്റ് നടത്തിയാവും തെരഞ്ഞെടുപ്പ്. സ്പെഷല്‍ ടെസ്റ്റും ഇന്‍റര്‍വ്യൂകളും സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ തീയതികളില്‍ നടക്കും. സെലക്ഷന്‍ റിസല്‍ട്ട് സെപ്റ്റംബര്‍ 15ന് പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 16ന്. ക്ളാസുകള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. വാര്‍ഷിക ട്യൂഷന്‍ ഫീസ് 23000 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ admissions.cmcvellore.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ലോണിയിലെ പ്രവാര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കീഴിലുള്ള റൂറല്‍ മെഡിക്കല്‍ /ഡെന്‍റല്‍ കോളജുകള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കും നീറ്റ് സ്കോര്‍ പരിഗണിച്ചുള്ള അഡ്മിഷന്‍ കൗണ്‍സലിങ്ങിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.