വാര്‍ത്തകളുടെ ലോകത്തേക്ക് കടക്കാന്‍ ജേണലിസം, മാസ് കമ്യൂണിക്കേഷന്‍

വാര്‍ത്തകളുടെ ലോകത്ത് നിങ്ങള്‍ക്കും തിളങ്ങാം. എഴുതാനുള്ള അഭിരുചി, വായനശീലം, ആശയ വിനിമയ നൈപുണ്യം, അപഗ്രഥന ശേഷി, നിരീക്ഷണപാടവം, അവതരണ മികവ്, മന$സാന്നിധ്യം, ധൈര്യം തുടങ്ങിയ സവിശേഷതകളുള്ളവര്‍ക്കാണ് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ പഠനങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകരായി ശോഭിക്കാനാവുക.
സര്‍വകലാശാലകളും സ്ഥാപനങ്ങളും ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ കോഴ്സുകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, പി.ജി ഡിപ്ളോമ പഠനസൗകര്യങ്ങള്‍ ഈ മേഖലകളിലുണ്ട്.  
ഈ മേഖലയില്‍ ബിരുദ പഠനാവസരം കുറവാണ്. എന്നാല്‍, ഈ മേഖലയില്‍ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ളസ് ടു വിജയിച്ചതിനുശേഷം ബിരുദമെടുക്കാവുന്നതാണ്. ജേണലിസം, മാസ് കമ്യൂണിക്കഷന്‍, ഇംഗ്ളീഷ്/മലയാള സാഹിത്യം/സാമ്പത്തികശാസ്ത്രം എന്നിവയില്‍ ബിരുദപഠനം ഉചിതമായിരിക്കും. ഇതുകഴിഞ്ഞ് ജേണലിസം/മാസ് കമ്യൂണിക്കേഷന്‍ അനുബന്ധ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സിന് ചേര്‍ന്ന് പഠിക്കാവുന്നതാണ്. ബിരുദതലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി അഡ്മിഷന്‍ നേടാനാകും. 
പഠനാവസരങ്ങള്‍: സിമ്പയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ കമ്യൂണിക്കേഷന്‍ (www.simcug.edu.in), അമൃത സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ (www.amrita.edu.in) എന്നിവയോടൊപ്പം ചില സര്‍വകലാശാലകളും കേളജുകളും ഈ ഡിസിപ്ളിനുകളില്‍ ബാച്ലേഴ്സ് ഡിഗ്രി കോഴ്സുകള്‍ നടത്തുന്നുണ്ട്. അവസരങ്ങള്‍ പരിമിതമാണ്. എന്നാല്‍, മാസ്റ്റേഴ്സ് ഡിഗ്രി, പി.ജി ഡിപ്ളോമ കോഴ്സുകളില്‍ പഠനാവസരങ്ങള്‍ ധാരാളമുണ്ട്. 
പ്രമുഖ സ്ഥാപനങ്ങള്‍: കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണ്. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളില്‍ ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ വിവിധ കാമ്പസുകളിലുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. ഐ.ഐ.എം.സിക്ക് കേരളത്തില്‍ കോട്ടയത്തും ന്യൂഡല്‍ഹി, ദെന്‍കനാല്‍ (ഒഡിഷ),ഐസോള്‍ (മിസോറം), അമരാവതി (മഹാരാഷ്ട്ര) എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. ഇംഗ്ളീഷ് ജേണലിസം പി.ജി ഡിപ്ളോമ കോഴ്സില്‍ 184 സീറ്റുകളാണ് . (10 മാസമാണ് പഠന കാലാവധി). റേഡിയോ ജേണലിസത്തിലും പി.ജി ഡിപ്ളോമ കോഴ്സ് ന്യൂഡല്‍ഹി കാമ്പസില്‍ നടത്തുന്നുണ്ട്. ആകെ 46 സീറ്റുകള്‍. ബിരുദധാരികള്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും പ്രവേശം തേടാം. (www.iimc.gov.in) 
വാഴ്സിറ്റി കോഴ്സുകള്‍: ഹൈദരാബാദ് ദ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് (EFL) യൂനിവേഴ്സിറ്റി, ബിരുദധാരികള്‍ക്കായി മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം കോഴ്സ് നടത്തുന്നുണ്ട്. റേഡിയോ ടെലിവിഷന്‍ സ്ക്രിപ്റ്റിങ്, ഇംഗ്ളീഷ് റൈറ്റിങ്, ഓറല്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി, മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്യൂണിക്കേഷന്‍, മീഡിയ കമ്യൂണിക്കേഷന്‍ മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. (www.efluniversity.ac.in)
കേരളാ സര്‍വകലാശാലയുടെ മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന് ശാസ്ത്ര വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെയും മറ്റു വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും മാര്‍ക്കുനേടി ബിരുദ മെടുത്തവര്‍ക്ക് പ്രവേശം തേടാം.കോട്ടയം എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നടത്തുന്ന സ്വാശ്രയ മാസ്റ്റര്‍ ഓഫ് ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സില്‍ പ്രവേശത്തിന് ബിരുദമാണ് യോഗ്യത. 
കോട്ടയം കീഴൂരിലെ ദേവസ്വം ബോര്‍ഡ് കോളജിലും മാസ്റ്റര്‍ കമ്യൂണിക്കേഷന്‍ ജേണലിസം കോഴ്സുണ്ട്. 
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വകുപ്പിലും ഫാറൂഖ് കോളജ് കോഴിക്കോട്, സെന്‍റ് ജോസഫ് കോളജ് ഇരിങ്ങാലക്കുട, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി വാഴയൂര്‍ എന്നിവിടങ്ങളിലും എം.സി.ജെ കോഴ്സുണ്ട്.  
കണ്ണൂര്‍ യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡോണ്‍ ബോസ്കോ കോളജ്, അങ്ങാടികടവ്, കണ്ണൂരിലും എം.സി.ജെ കോഴ്സില്‍ പഠനാവസരമുണ്ട്. 
അമൃത സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന മാസ് കമ്യൂണിക്കേഷന്‍ എം.എ കോഴ്സില്‍  ബിരുദധാരികള്‍ക്ക്  പ്രവേശം തേടാം. (www.amrita.edu). അമൃത സ്കൂള്‍ ഓഫ് ആര്‍ട് ആന്‍ഡ് സയന്‍സ് കൊച്ചിയിലും മാസ്റ്റര്‍ ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സുണ്ട്. 
മദ്രാസ് യൂനിവേഴ്സിറ്റി, ചെന്നൈ, ഭാരതീയാര്‍ യൂനിവേഴ്സിറ്റി കോയമ്പത്തൂര്‍, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വാരാണസി, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി പുതുച്ചേരി, ജാമിഅ ഇസ്ലാമിയ ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പി.ജി പ്രോഗ്രാമുകള്‍ ലഭ്യമാണ്.
സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് ഹരിയാനയില്‍ മാസ്റ്റര്‍ ഓഫ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സും സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് ജമ്മുവില്‍ എം.എ മാസ്കമ്യൂണിക്കേഷന്‍ ആന്‍ഡ് ന്യൂ മീഡിയ കോഴ്സും സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാടില്‍ എം.എ മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്സും നടത്തി വരുന്നു. സെന്‍ട്രല്‍ യൂനിവേഴ്സിറ്റികള്‍ക്കായി നടത്തുന്ന പൊതുപ്രവേശ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 
പി.ജി. ഡിപ്ളോമ കോഴ്സുകള്‍:ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ചെന്നൈ നടത്തുന്ന ജേണലിസം പി.ജി ഡിപ്ളോമ കോഴ്സില്‍ പ്രിന്‍റ്, ന്യൂ മീഡിയ ടെലിവിഷന്‍, റേഡിയോ എന്നിവ സ്പെഷലൈസ്ഡ് ചെയ്ത് പഠിക്കാന്‍ ബിരുദം മതി (www.asianmedia.org).
കേരള മീഡിയ അക്കാദമി കാക്കനാട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് പ്രസ് ക്ളബുകളുടെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഭാരതീയ വിദ്യാഭവന്‍ മുതലായവയും ജേണലിസത്തില്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ നടത്തി വരുന്നു.
തൊഴില്‍ സാധ്യതകള്‍: ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ അനുബന്ധ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ പി.ജി ഡിപ്ളോമയുള്ളവര്‍ക്ക് പ്രിന്‍റ്, ഇലക്ട്രോണിക്സ് മാധ്യമരംഗത്തും ന്യൂസ് പോര്‍ട്ടലുകളിലും തൊഴില്‍ സാധ്യതകളുണ്ട്. പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റെയില്‍വേ പോലുള്ള സര്‍വിസുകളില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ തസ്തികകളില്‍ തൊഴിലവസരമുണ്ട്.  പിഎച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്‍റ് പ്രഫസറായി തൊഴില്‍ തേടാം . ഫ്രീലാന്‍സ് ജേണലിസ്റ്റായും ജോലി നോക്കാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.