വെറ്ററിനറി സയന്‍സ്: എ.ഐ.പി.വി.ടി  കൗണ്‍സലിങ് രജിസ്ട്രേഷന്‍ ആഗസ്റ്റ്  28 വരെ

രാജ്യത്തെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജുകളില്‍ ബി.വി.എസ്സി ആന്‍ഡ്  എഎച്ച് (ബാച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി) കോഴ്സില്‍ ഇക്കൊല്ലം നീക്കിവെച്ച 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള എ.ഐ.പി.വി.ടി -2016 കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി www.aipvt.vci.nic.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ്  28ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  എ.ഐ.പി.വി.ടി -2016ല്‍ യോഗ്യത നേടിയവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുള്ളത്. ഓള്‍ ഇന്ത്യ ക്വോട്ടയില്‍ ആകെ 479 സീറ്റുകളിലാണ് പ്രവേശം. ഇതില്‍ 344 സീറ്റുകള്‍ ജനറല്‍ വിഭാഗത്തില്‍പെടും. ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ്, റാങ്ക് നില എന്നിവ സീറ്റ് അലോട്ട്മെന്‍റിനായുള്ള മുഖ്യ പരിഗണനാ വിഷയങ്ങളാണ്.
ടെസ്റ്റില്‍ പങ്കെടുത്ത 72,534 പേരില്‍ 452 പേരാണ് മെറിറ്റ് ലിസ്റ്റില്‍ സ്ഥാനംപിടിച്ചത്. ഇതില്‍ 316 പുരുഷന്മാരും 136 സ്ത്രീകളും ഉള്‍പ്പെടും. ഇതിനുപുറമെ  71,575 പേരുടെ വെയ്റ്റിങ് ലിസ്റ്റുമുണ്ട്. ജമ്മു-കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വെറ്ററിനറി കോളജുകളിലേക്കാണ് അഡ്മിഷന്‍ കൗണ്‍സലിങ് നടത്തുന്നത്. 
കേരളത്തില്‍ തൃശൂര്‍, മണ്ണുത്തിയിലെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജിലെ 21 സീറ്റുകളും വയനാട് ലക്കിടിയിലെ വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളജിലെ 18 സീറ്റുകളും എ.ഐ.പി.വി.ടി  അഖിലേന്ത്യ ക്വോട്ട അഡ്മിഷന്‍ കൗണ്‍സലിങ് നടപടികളുടെ പരിധിയില്‍ വരും. എ.ഐ.പി.വി.ടി -2016ലെ റാങ്ക്, ചോയ്സ് സീറ്റുകളുടെ ലഭ്യത, സംവരണ ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് സീറ്റ് അലോട്ട്മെന്‍റ്. ആദ്യത്തെ ഒന്നും രണ്ടും റൗണ്ട് സീറ്റ് അലോട്ട്മെന്‍റുകള്‍ ഓണ്‍ലൈന്‍ വഴിയാണ്. മൂന്നാം റൗണ്ടില്‍ സ്പോട്ടില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കണം. കൗണ്‍സലിങ് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റിലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.  ആദ്യ റൗണ്ട് കൗണ്‍സലിങ് ആഗസ്റ്റ് 28നകം ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ് എന്നിവ നടത്തണം.
ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്‍റും ഫലപ്രഖ്യാപനവും ആഗസ്റ്റ് 30ന് ഉണ്ടാവും. അലോട്ട്ചെയ്ത് കിട്ടിയ കോളജില്‍ ആഗസ്റ്റ് 31നും സെപ്റ്റംബര്‍ ആറിനും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ ഉറപ്പാക്കണം. ഇതുകഴിഞ്ഞ് രണ്ടാം റൗണ്ട് കൗണ്‍സലിങ്ങിനായുള്ള സീറ്റുകളുടെ ലഭ്യത സെപ്റ്റംബര്‍ എട്ടിന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡീഷനല്‍ ചോയ്സ് ഫില്ലിങ്, ചോയ്സ് ആള്‍ട്ടറേഷന്‍, ചോയ്സ് ലോക്കിങ് നടപടികള്‍ക്കായി സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 12 വരെ സമയമുണ്ട്. 
രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്‍റ് ആഗസ്റ്റ് 14ന് നടത്തി അന്നുതന്നെ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട് ചെയ്ത കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടുന്നതിന് സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ശേഷിച്ച ഓള്‍ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്ക് മൂന്നാം റൗണ്ട് സ്പോട്ട് കൗണ്‍സലിങ് നടത്തിയാണ് അഡ്മിഷന്‍. ആഗസ്റ്റ് 19നും 28നും മധ്യേ കൗണ്‍സലിങ്ങിനായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നവരെയാണ് ഇതിനായി പരിഗണിക്കുക. മൂന്നാം റൗണ്ട് സ്പോട്ട് കൗണ്‍സലിങ്ങിനായുള്ള സീറ്റുകളുടെ ലഭ്യത സെപ്റ്റംബര്‍ 22ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. നേരിട്ട് ഹാജരാകുന്നതിന് സെപ്റ്റംബര്‍ 25, 26 തീയതികളില്‍ സൗകര്യമൊരുക്കും. ഈ തീയതികളില്‍തന്നെ സീറ്റ് അലോട്ട്മെന്‍റ് നടത്തും. അലോട്ട് ചെയ്ത കോളജുകളില്‍ സെപ്റ്റംബര്‍ 26നും 30നും മധ്യേ റിപ്പോര്‍ട്ട്ചെയ്ത് അഡ്മിഷന്‍ നേടാവുന്നതാണ്.  
സ്പോട്ട് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ യോഗ്യരായവരുടെ പേരുവിവരവും തീയതിയുമെല്ലാം സെപ്റ്റംബര്‍ 22ന് www.aipvt.vci.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ് നടപടിക്രമങ്ങള്‍ ശ്രദ്ധാപൂര്‍വം വെബ്സൈറ്റില്‍നിന്ന് വായിച്ച് മനസ്സിലാക്കിവേണം കൗണ്‍സലിങ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.
എ.ഐ.പി.വി.ടി -2016ല്‍ പരീക്ഷാര്‍ഥിക്ക് ലഭിച്ച സ്കോര്‍ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് /റാങ്ക് തയാറാക്കിയത്. ഇത് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മെറിറ്റ് ലിസ്റ്റിലുള്ള ഉയര്‍ന്ന റാങ്കുകാര്‍ക്ക്  ഇഷ്ടമുള്ള കോളജ് ചോയ്സ് ഫില്ലിങ് സമയത്ത് തെരഞ്ഞെടുത്ത് രജിസ്ട്രേഷനില്‍ ചേര്‍ക്കാം. ആദ്യ റൗണ്ടില്‍ സീറ്റ് അലോട്ട്മെന്‍റ് ലഭിച്ചവര്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്യാത്തപക്ഷം തുടര്‍ന്നുള്ള അലോട്ട്മെന്‍റുകള്‍ക്ക് പരിഗണിക്കപ്പെടുന്നതല്ല. എ.ഐ.പി.വി.ടി -2016 സീറ്റ് അലോട്ട്മെന്‍റ്/കൗണ്‍സലിങ് നടപടിക്രമങ്ങളുടെ പൂര്‍ണവിവരങ്ങള്‍ www.aipvt.vci.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപ്ഡേഷനുകളും നിരന്തരം വീക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.