മലയാള സര്‍വകലാശാല ഓണ്‍ലൈന്‍ ഭാഷാപഠന കോഴ്സ് തുടങ്ങുന്നു

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ആദ്യമായി മലയാള ഭാഷാപഠനത്തിന് ഓണ്‍ലൈന്‍ കോഴ്സ് തുടങ്ങുന്നു. മലയാളം പഠിക്കാന്‍ കഴിയാത്ത പ്രവാസി മലയാളികളെ കൂടി ലക്ഷ്യമിട്ടാണ് 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു. പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം. ഏപ്രില്‍ ഒന്നിന് ഓണ്‍ലൈന്‍ പ്രവേശം തുടങ്ങും. മേയ് അഞ്ചിന് ഓണ്‍ലൈനായി ക്ളാസുകള്‍ തുടങ്ങും. 200ല്‍ 100 മണിക്കൂര്‍ സാഹിത്യ പരിചയത്തിനും 60 മണിക്കൂര്‍ ഭാഷാപരിചയത്തിനും 40 മണിക്കൂര്‍ സാംസ്കാരിക പരിചയത്തിനുമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് -കേരളയുടെ സാങ്കേതിക സഹയാത്തോടെയാണ് കോഴ്സ് നടത്തുന്നത്. കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. കോഴ്സിന് പാഠ്യപദ്ധതി തയറാക്കാന്‍ സര്‍വകലാശാലാതലത്തില്‍ സമിതി രൂപവത്കരിച്ചു. 
സര്‍വകലാശാല തയാറാക്കുന്ന സമഗ്രമലയാള നിഘണ്ടു ഈ വര്‍ഷം ഓണ്‍ലൈനില്‍ ലഭ്യമാക്കും. എഴുത്തച്ഛന്‍ കൃതികളുടെ മൗലിക പഠനങ്ങളും ഗവേഷണങ്ങളും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലയില്‍ എഴുത്തച്ഛന്‍ പഠനകേന്ദ്രം തുടങ്ങി. കേന്ദ്രത്തിനുകീഴില്‍ എഴുത്തച്ഛന്‍ ശബ്ദകോശം (ലെക്സിക്കണ്‍) തയാറാക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. എഴുത്തച്ഛനെക്കുറിച്ച സമഗ്ര വെബ്സൈറ്റും ഒരുക്കുന്നുണ്ട്. 2017 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര എഴുത്തച്ഛന്‍ സമ്മേളനം നടത്തും. ഭാഷാഭേദ സര്‍വേ, സംസ്കാര പൈതൃക സര്‍വേ, മ്യൂസിയം പ്രോജക്ട് എന്നിവയും സര്‍വകലാശാല നടപ്പാക്കുന്ന പദ്ധതികളാണ്. ഭാഷാഭേദ സര്‍വേയും സംസ്കാര പൈതൃക സര്‍വേയും മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയാക്കി. വയനാട്, പാലക്കാട് ജില്ലകളില്‍ ഈ വര്‍ഷം ആരംഭിക്കും. നളചരിതം കഥകളി നാലുദിവസം സമ്പൂര്‍ണമായി ഡേക്യുമെന്‍റ് ചെയ്ത സര്‍വകലാശാല ഈ വര്‍ഷം വയനാട് ജില്ലയിലെ ആദിവാസി കലാരൂപങ്ങളാണ് പകര്‍ത്തി സൂക്ഷിക്കുന്നത്. ഇത്തരം ഫോട്ടോകളും വിഡിയോകളും ഉള്‍ക്കൊള്ളിച്ചാണ് ഭാവിയില്‍ കേരള സംസ്കാര മ്യൂസിയം രൂപപ്പെടുത്തുക. 
സര്‍വകലാശാല സര്‍ക്കാറിനോട് ആവശ്യപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും ഇതിനകം അനുവദിച്ചെന്നും യു.ജി.സിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാനുള്ള 12 ബി അംഗീകാരം വൈകാതെ കിട്ടുമെന്നും വി.സി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.