നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്: തൊഴില്‍ സാധ്യതകളേറെ

പഠിച്ചിറങ്ങുംമുമ്പ് തൊഴിലുറപ്പാക്കാവുന്ന അപൂര്‍വം കോഴ്സുകളിലൊന്നാണ് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്. പ്രഫഷനല്‍ ബിരുദതലത്തില്‍ പരിമിതമായ പഠനാവസരങ്ങളേ ഈ മേഖലയില്‍ ഉള്ളൂവെന്നതാണ് തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നത്. നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ് അല്ളെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/ബി.ഇ, എം.ടെക്, വി.എച്ച്.സി പഠന സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതിനുപുറമെ മൂന്നുവര്‍ഷത്തെ ബി.എസ്സി ഷിപ് ടെക്നോളജി ആന്‍ഡ് റിപ്പയര്‍ കോഴ്സുകളുണ്ട്. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാവുന്ന മികച്ച കോഴ്സുകളാണിത്.
പഠന മേഖലകള്‍: ഷിപ് അഥവാ കപ്പലുകളുടെ രൂപകല്‍പന, നിര്‍മാണം, പരിരക്ഷ എന്നീ മേഖലകളിലെ സമഗ്രമായ അറിവും പ്രായോഗിക പരിജ്ഞാനവും ഈ കോഴ്സുകളിലൂടെ ലഭിക്കും. സബ് മറൈന്‍ ഉള്‍പ്പെടെയുള്ള മറൈന്‍ വെഹിക്കിളുകളും പഠനത്തിന്‍െറ പരിധിയില്‍പെടും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് റെഗുലേറ്ററി ബോഡി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും ഡയറക്ടര്‍ ജനറലിന്‍െറയും അനുമതിയും അംഗീകാരവും വാഴ്സിറ്റി അഫിലിയേഷനുമുള്ള കോഴ്സുകളിലാണ് പഠനം നടത്തേണ്ടത്.
പഠനാവസരങ്ങള്‍:കേരളത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്ങില്‍ നാലുവര്‍ഷത്തെ റെഗുലര്‍ ബി.ടെക് കോഴ്സ് നടത്തുന്നുണ്ട്. വാഴ്സിറ്റിയുടെ പൊതുപ്രവേശ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഇന്‍റര്‍വ്യൂവിലൂടെ പ്രവേശം ലഭിക്കും. പ്ളസ് ടു/തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സ് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിട്ടുള്ളവര്‍ക്കാണ് കുസാറ്റ്, കാറ്റിലൂടെ അഡ്മിഷന്‍ നേടാവുന്നത്. ഇവിടെ 24 പേര്‍ക്ക് പ്രവേശം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
സ്വകാര്യ സ്വാശ്രയ മേഖലയില്‍പെടുന്ന ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എന്‍ജിനീയറിങ്ങിലും  ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ് കോഴ്സ് നടത്തുന്നു. മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ആകെ 60 സീറ്റുകള്‍. 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശം സംസ്ഥാന എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്. 
പ്രമുഖ സ്ഥാപനങ്ങള്‍: കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയുടെ വിശാഖപട്ടണം കാമ്പസിലുള്ള നാഷനല്‍ ഷിപ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് കോഴ്സ് നടത്തുന്നുണ്ട്. മികച്ച പഠന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ആകെ 40 സീറ്റുകള്‍. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയുടെ പൊതുപ്രവേശ പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. പ്ളസ് ടു/തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ളീഷ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവര്‍ക്ക് പ്രവേശം നേടാന്‍ അര്‍ഹതയുണ്ട്. 
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി മൂന്നുവര്‍ഷത്തെ ബി.എസ്സി കോഴ്സ് ഇന്‍ ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ കോഴ്സും നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ളസ് ടു വിജയിച്ച സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം തേടാം. കൂടുതല്‍ വിവരങ്ങള്‍ www.imu.edu.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.
മദ്രാസ്, ഖരഗ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഏഷ്യന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/ഡ്യൂവല്‍ ഡിഗ്രി എം.ടെക് കോഴ്സ് നടത്തുന്നുണ്ട്. JEE main & Advanced എന്നിവയുടെ റാങ്ക് പരിഗണിച്ച് ഇന്‍റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. 
കൂടുതല്‍ വിവരങ്ങള്‍ www.iitm.ac.in, www.iitk.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
സ്വകാര്യ മേഖലയില്‍ അക്കാദമി ഓഫ് മാരിടൈം എജുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് (AMET യൂനിവേഴ്സിറ്റി) ചെന്നൈ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഫ്ഷോര്‍ എന്‍ജിനീയറിങ് ഷിപ് ബില്‍ഡിങ് റിപ്പയര്‍ ആന്‍ഡ് കണ്‍വേര്‍ഷന്‍ ടെക്നോളജിയില്‍ ബി.ഇ കോഴ്സ് നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ www.ametuniv.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ചെന്നൈയിലെ ഇന്‍റര്‍നാഷനല്‍ മാരിടൈം അക്കാദമി നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്ങില്‍ ബി.ടെക് കോഴ്സ് നടത്തുന്നുണ്ട്. വളരെ ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമേ ഇവിടെ പരിചയപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അനുമതിയും അംഗീകാരവുമുള്ള കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റുകള്‍ www.dgshipping.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
അഡ്മിഷന്‍ നേടുന്നതിനുമുമ്പ് തെരഞ്ഞെടുത്ത സ്ഥാപനത്തിനും കോഴ്സിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിന്‍െറയും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും അംഗീകാരവും അനുമതിയും വാഴ്സിറ്റി അഫിലിയേഷനും ഭൗതിക സൗകര്യങ്ങളും ഫാക്കല്‍റ്റി നിലവാരവും പ്ളേസ്മെന്‍റ് അസിസ്റ്റന്‍റുമൊക്കെ ഉറപ്പുവരുത്തണം. 
ബി.ടെക് പഠനം പൂര്‍ത്തിയാകുന്നവര്‍ക്ക് നേവല്‍ ആര്‍ക്കിടെക്ചര്‍ ഷിപ് ബില്‍ഡിങ്ങില്‍ എം.ടെക്, പി.എച്ച്.ഡി പഠനങ്ങളാവാം. 
തൊഴില്‍ സാധ്യത: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേവല്‍ ഡോക്യാര്‍ഡുകള്‍, മര്‍ച്ചന്‍റ് നേവി, ഫിഷിങ് കമ്പനികള്‍, കോസ്റ്റ് ഗാര്‍ഡ്, ഷിപ്യാര്‍ഡുകള്‍, ഓയില്‍ റിഗ് കണ്‍സ്ട്രകഷ്ന്‍ സെന്‍ററുകള്‍, നേവല്‍ ഓഷ്യാനോഗ്രഫി സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ നേവല്‍ ആര്‍ക്കിടെക്ട്, ഷിപ് ബില്‍ഡിങ് എന്‍ജിനീയര്‍, ഷിപ് ടെക്നോജിസ്റ്റ്, കണ്‍സല്‍ട്ടന്‍റ് ഷിപ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ മികച്ച തൊഴില്‍ സാധ്യതകളുണ്ട്. ആകര്‍ഷകമായ ശമ്പളവും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.