‘കണ്ണുണ്ടായാല്‍ പോര കാണണം’ എന്നൊരു ചൊല്ലുണ്ട്. കണ്ണിന് കാഴ്ച അനിവാര്യമാണ്, സംരക്ഷണവും. അതുകൊണ്ടുതന്നെയാണ് നേത്രരോഗ ചികിത്സക്കും പരിപാലനത്തിനും ഏറെ പ്രാധാന്യംനല്‍കിവരുന്നതും. നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കോഴ്സുകളും അവയുടെ തൊഴില്‍സാധ്യതകളും പരിചയപ്പെടാം.
•ഒഫ്താല്‍മോളജി
നേത്രരോഗങ്ങളെയും ചികിത്സകളെയും പറ്റിയുള്ള സമഗ്രമായ വൈദ്യശാസ്ത്ര പഠനമാണിത്. എം.ബി.ബി.എസ് ബിരുദമെടുത്തതിനുശേഷം ഒഫ്താല്‍മോളജി സ്പെഷലൈസ് ചെയ്ത് പഠിക്കാം. മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുള്ള ഈ സ്പെഷലൈസേഷനിലൂടെ ഒഫ്താല്‍മോളജിസ്റ്റ് അഥവാ നേത്രരോഗ ചികിത്സാ വിദഗ്ധരായി മാറാം. നേത്രരോഗം, കണ്ണിനുണ്ടാകുന്ന ക്ഷതം, മുറിവുകള്‍ തുടങ്ങിയവ പരിശോധിച്ച് ചികിത്സിച്ച് ഭേദമാക്കുകയാണ് ഇവരുടെ മുഖ്യജോലി. ഇവരുടെ സഹായികളാണ് ഒഫ്താല്‍മിക് അസിസ്റ്റന്‍റ്.
മിക്കവാറും എല്ലാ പ്രമുഖ മെഡിക്കല്‍ കോളജുകളിലും മറ്റും എം.ഡി/എം.എസ് ഒഫ്താല്‍മോളജി കോഴ്സ് ലഭ്യമാണ്. സീറ്റുകള്‍ പരിമിതമായിരിക്കും. മെഡിക്കല്‍ പി.ജി എന്‍ട്രന്‍സ് പരീക്ഷയെഴുതി അഡ്മിഷന്‍ നേടാവുന്നതാണ്.
നേത്രരോഗ ചികിത്സാ സ്പെഷലിസ്റ്റ് ആകാനാഗ്രഹിക്കുന്നവര്‍ ആദ്യം വേണ്ടത് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതി എം.ബി.ബി.എസ് അഡ്മിഷന്‍ നേടി ഇന്‍േറണ്‍ഷിപ് ഉള്‍പ്പെടെ അഞ്ചരവര്‍ഷത്തെ പ്രഫഷനല്‍ പഠനം പൂര്‍ത്തിയാക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/തുല്യപരീക്ഷ വിജയിക്കുന്നവര്‍ക്കാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതാവുന്നത്.
നേത്ര ചികിത്സാ വിദഗ്ധന്‍െറ സഹായിയാകാനുള്ള യോഗ്യതയായ ഒഫ്താല്‍മിക് അസിസ്റ്റന്‍റ് ഡിപ്ളോമ കോഴ്സ് പ്രവേശത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/ തുല്യ പരീക്ഷ പാസായിരിക്കണം. യോഗ്യതാ പരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
കേരളത്തില്‍ ഗവ. മെഡിക്കല്‍ കോളജുകളിലും മറ്റും പഠനാവസരമുണ്ട്. പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. രണ്ടുവര്‍ഷത്തെ ഒഫ്താല്‍മിക് അസിസ്റ്റന്‍റ് കോഴ്സില്‍ ബേസിക് സയന്‍സ്, അനാട്ടമി, ഫിസിയോളജി, ഫാര്‍മസി, ഫിസിയോളജിക്കല്‍ ഒപ്ടിക്സ് റിഫ്രാക്ഷന്‍ ആന്‍ഡ് മസില്‍ ഇംബാലന്‍സ്, റിഫ്രാക്ടിവ് എറര്‍, ഒഫ്താല്‍മിക് ഇന്‍സ്ട്രുമെന്‍റ്സ്, റെറ്റിനോസ്കോപ് കോമണ്‍ ഐ ഡിസീസ്, തിയറ്റര്‍ ടെക്നിക്സ്, ബൈ്ളന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍, വിഷ്വല്‍ റീഹാബിലിറ്റേഷന്‍ മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.
•ഒപ്ടോമെട്രി
ഒഫ്താല്‍മോളജിയില്‍നിന്നും വ്യത്യസ്തമാണ് ഓപ്ടോമെട്രി പഠനം. കണ്ണിന് കാഴ്ചനല്‍കാനും കാഴ്ച നിലനിര്‍ത്താനുമുള്ള ദൗത്യമാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്ന ഓപ്ടോമെട്രിസ്റ്റിനുള്ളത്. കണ്ണിന്‍െറ കാഴ്ച പരിശോധിച്ച് ലെന്‍സിന്‍െറ സഹായത്തോടെ കാഴ്ച ക്രമീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കൈക്കൊള്ളുന്നു.
ഒഫ്താല്‍മോളജിസ്റ്റ് നിര്‍ദേശിക്കുന്ന കാഴ്ച ക്രമീകരിക്കുന്നതിനാവശ്യമായ ലെന്‍സ് ഉപയോഗിച്ച് കണ്ണട തയാറാക്കി നല്‍കുന്ന മുഖ്യ ജോലി ഒപ്ടോമെട്രിസ്റ്റിന്‍േറതാണ്. അതുകൊണ്ടുതന്നെ ഒഫ്താല്‍മോളജിസ്റ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമാണ് ഒപ്ടോമെട്രിസ്റ്റിന്‍േറതും. കണ്ണാശുപത്രികളിലും കണ്ണട വ്യാപാരസ്ഥാപനങ്ങളിലും മറ്റുമാണ് തൊഴില്‍സാധ്യത.
ഒപ്ടോമെട്രി പഠനത്തിന് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാവണം. കൃത്യമായ നിരീക്ഷണവും സൂക്ഷ്മതയും ആവശ്യമാണ്. ഇന്‍േറണ്‍ഷിപ് ഉള്‍പ്പെടെ നാലുവര്‍ഷത്തെ പഠനമാണ് ഒപ്ടോമെട്രി ഡിഗ്രി കോഴ്സിലുള്ളത്. ബാച്ചിലേഴ്സ് കോഴ്സ് ഇന്‍ ക്ളിനിക്കല്‍ ഒപ്ടോമെട്രി (ബി. ഒപ്ടോം), ബി.എസ് ഒപ്ടോമെട്രി, ബി.എസ്സി ഒഫ്താല്‍മിക് ടെക്നിക്സ് കോഴ്സുകളും ഈ മേഖലയിലുണ്ട്.
എന്നാല്‍, ബി.എസ്സി ഒപ്ടോമെട്രി കോഴ്സാണ് കൂടുതല്‍ സ്ഥാപനങ്ങളിലും ലഭ്യമായിട്ടുള്ളത്. തിയറിയും പ്രാക്ടിക്കലുമുണ്ടാവും. അനാട്ടമി, ഫിസിയോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് ബയോകെമിസ്ട്രി, മൈക്രോ ബയോളജി, പത്തോളജി, ഒപ്ടോമെട്രിക് ഒപ്ടിക്സ്, വിഷ്വല്‍ ഒപ്ടിക്സ്, ഫാര്‍മാക്കോളജി, സിസ്റ്റമിക് ഡിസീസ് മെഡിസിന്‍, ഐസിഡീസ്, ഡിസ്പെന്‍സറിങ് ഒപ്ടിക്സ്, മെക്കാനിക്കല്‍ ഒപ്ടിക്സ്, കോണ്‍ടാക്ട് ലെന്‍സ് ആന്‍ഡ് ലോ വിഷന്‍ എയ്ഡ്, ബൈനോകുലര്‍ വിഷന്‍ ആന്‍ഡ് ഡിക്വന്‍റ്, കമ്യൂണിറ്റി ഒഫ്താല്‍മോളജി, ക്ളിനിക്കല്‍ എക്സാമിനേഷന്‍ ഓഫ് വിഷ്വല്‍ സിസ്റ്റംസ്, ഇന്‍സ്ട്രുമെന്‍േറഷന്‍ തുടങ്ങിയ വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.
ഒപ്ടോമെട്രി ഡിഗ്രി കോഴ്സ് പഠിക്കാന്‍ ഇന്ത്യയില്‍ ധാരാളം അവസരമുണ്ട്. എന്നാല്‍, കേരളത്തില്‍ പഠനാവസരങ്ങള്‍ കുറവാണ്. റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി (ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് കോഴിക്കോട്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്ടോമെട്രിക്കല്‍ സയന്‍സസ് കൊല്‍ക്കത്ത, മണിപ്പാല്‍ കോളജ് ഓഫ് അലൈഡ്സ് കന്‍സസ്, മണിപ്പാല്‍ യൂനിവേഴ്സിറ്റി മണിപ്പാല്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൊച്ചി എന്നിവ ഒപ്ടോമെട്രി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ചിലത് മാത്രം. ഒപ്ടോമെട്രിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ കോഴ്സുമുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് ഉയര്‍ന്ന ഗ്രേഡോടെ പ്ളസ് ടു/തുല്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് ബി.എസ്സി ഒപ്ടോമെട്രി കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം. കേരളത്തില്‍ ബി.എസ്സി ഒപ്ടോമെട്രി കോഴ്സുകളിലേക്കുള്ള മെറിറ്റ് സീറ്റുകളിലെ പ്രവേശം എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ടെക്നോളജിയാണ് മറ്റ് പാരാ മെഡിക്കല്‍ കോഴ്സുകളോടൊപ്പം നടത്തിവരുന്നത്.
ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഒപ്ടോമെട്രി സമര്‍ഥരായ പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്നുണ്ട്. ഒപ്ടോമെട്രിയില്‍ എം.എസ്സി, എം.ഫില്‍, പിഎച്ച്.ഡി പഠനസൗകര്യങ്ങളുമുണ്ട്.
തൊഴില്‍സാധ്യത
ഒഫ്താല്‍മോളജിയില്‍ എം.ഡി യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളിലും മറ്റും ഒഫ്താല്‍മോളജിസ്റ്റ് അല്ളെങ്കില്‍ ഐ സ്പെഷലിസ്റ്റ് ആകാം. അല്ളെങ്കില്‍ സ്വന്തമായി പ്രഫഷനല്‍ പ്രാക്ടീസാകാം. എന്നാല്‍, ഒപ്ടോമെട്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒഫ്താല്‍മിക് ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഒപ്ടോമെട്രിസ്റ്റ്സ്, റിഫ്രാക്ഷനിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍സാധ്യതയുണ്ട്. കണ്ണാശുപത്രികളിലും കണ്ണട വ്യാപാരസ്ഥാപനങ്ങളിലും മറ്റുമാണ് തൊഴിലവസരം. ഈ കോഴ്സുകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ നേടുന്നവര്‍ക്ക് ടീച്ചിങ്, റിസര്‍ച് പ്രഫഷനലുകളുമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.