മഞ്ചേരി: സം സ്ഥാനത്ത് പുതുതായി ആറ് പോളിടെക്നിക്കുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായതില്‍ രണ്ടെണ്ണം ഈ വര്‍ഷം തുടങ്ങും. മഞ്ചേരിയിലും മാനന്തവാടിയിലുമാണ് പുതിയ സര്‍ക്കാര്‍ പോളിടെക്നിക്കുകള്‍ ആരംഭിക്കുക.
ഇവക്ക് കേന്ദ്രസാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലെ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ (ഐ.ഐ.സി.ടി.ഇ) അനുമതിയായി. മുക്കം, മഞ്ചേരി, കണ്ണൂര്‍ ജില്ലയിലെ നടുവില്‍, ഹരിപ്പാട്, മാനന്തവാടി, വിളപ്പില്‍ശാല എന്നിവിടങ്ങളിലാണ് പുതിയ പോളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 2015 ജൂണില്‍ അനുമതി നല്‍കിയത്. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ സേവനം ചെയ്യുന്നവരെ സ്പെഷല്‍ ഓഫിസര്‍മാരായി നിയമിച്ചിരുന്നു. തിരൂര്‍ ഗവ. പോളിടെക്നിക് പ്രിന്‍സിപ്പല്‍ മുസ്തഫയായിരുന്നു മഞ്ചേരി പോളിടെക്നിക് സ്പെഷല്‍ ഓഫിസര്‍.
രണ്ടുവര്‍ഷം മുമ്പ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും ധനവകുപ്പ് അനുമതി ലഭിക്കാത്തതിനാല്‍ ഭരണപരമായ നടപടികള്‍ മുടങ്ങിയിരിക്കുകയായിരുന്നു. പിന്നീട് സ്പെഷല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതോടെ നടപടികള്‍ ഊര്‍ജിതമായി.
പുതിയ പോളികളില്‍ സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്‍റല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ 60 വീതം സീറ്റുകളാണുണ്ടാവുക. അടുത്ത മാസത്തോടെ പ്രവേശ നടപടികള്‍ തുടങ്ങും.
ഇതിനായി പോളിടെക്നിക്കുകളുടെ പ്രോസ്പെക്ടസില്‍ മഞ്ചേരിയുടെയും മാനന്തവാടിയുടെയും പേരുള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കും. പോളിടെക്നിക് യാഥാര്‍ഥ്യമാവുന്നത് വരെ മുഴുവന്‍ കാര്യങ്ങളിലും സ്പെഷല്‍ ഓഫിസര്‍മാര്‍ തീരുമാനമെടുത്ത് സര്‍ക്കാറിനെ അറിയിക്കണം.
മഞ്ചേരിയില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍നിന്ന് അഞ്ചേക്കര്‍ ലഭ്യമാക്കി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ടെക്നിക്കല്‍ ഹൈസ്കൂളിന്‍െറ കെട്ടിടസൗകര്യം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന വി.എച്ച്.എസ്.ഇ പുതിയ കേന്ദ്രത്തിലേക്ക് മാറുന്നതിനാല്‍ നേരത്തേ ഉപയോഗിച്ചിരുന്ന ഭൗതികസൗകര്യങ്ങളുമുണ്ടാവും. മാനന്തവാടിയിലും ഈ വര്‍ഷം അധ്യയനം തുടങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.