‘സ്കോള്‍ കേരള’ക്ക് കീഴില്‍ മൂന്ന് പുതിയ കോഴ്സുകള്‍ 

തിരുവനന്തപുരം: സംസ്ഥാന ഓപണ്‍ സ്കൂള്‍ ഘടനമാറ്റി രൂപവത്കരിച്ച സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപണ്‍ ആന്‍ഡ് ലൈഫ് ലോങ് എജുക്കേഷന്‍ (സ്കോള്‍) കേരളക്ക് കീഴില്‍ പുതിയ മൂന്ന് കോഴ്സുകള്‍ തുടങ്ങാന്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ. മോഹനകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡിപ്ളോമ, നിലവില്‍ വി.എച്ച്.എസ്.ഇയില്‍ പഠിപ്പിക്കുന്ന വൊക്കേഷനല്‍ കോഴ്സുകളായ അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ലൈവ് സ്റ്റോക് മാനേജ്മെന്‍റ്, അഗ്രിക്കള്‍ച്ചര്‍ എന്നിവയാണ് പുതുതായി തുടങ്ങുക.
ഇതില്‍ വൊക്കേഷനല്‍ കോഴ്സുകള്‍ക്ക് പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും വി.എച്ച്.എസ്.ഇ ബോര്‍ഡ് തന്നെയായിരിക്കും. നിലവില്‍ പ്ളസ് വണ്‍, പ്ളസ് ടു കോഴ്സുകളും ഡി.സി.എ കോഴ്സുമാണ് സ്കോള്‍ കേരളക്ക് കീഴിലുള്ളത്. ഡി.സി.എയുടെ രണ്ടാമത്തെ ബാച്ചിലേക്ക് പ്രവേശ വിജ്ഞാപനമിറക്കാനും യോഗം തീരുമാനിച്ചു. 
സ്കോള്‍ കേരളക്ക് കീഴില്‍ ഓപണ്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കലോത്സവം നടത്തുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജി.വി. ഹരി കണ്‍വീനറായി സമിതി രൂപവത്കരിച്ചു. പഠനകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. നിലവില്‍ നൂറിലധികം ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇകളാണ് പഠന കേന്ദ്രങ്ങള്‍. കൂടുതല്‍ വിദ്യാര്‍ഥികളുള്ള വടക്കന്‍ ജില്ലകളില്‍ മതിയായ പഠന കേന്ദ്രങ്ങളില്ളെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളെയാണ് ഇതിനായി പരിഗണിക്കുക. 
ഓപണ്‍ ആന്‍ഡ് ലൈഫ് ലോങ് എജുക്കേഷനില്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സമ്മേളനം നടത്താന്‍  പ്രഫ.വി. സുമംഗല കണ്‍വീനറായും ഓപണ്‍ ആന്‍ഡ് ലൈഫ് ലോങ് എജുക്കേഷന്‍ മേഖലയില്‍ അന്താരാഷ്ട്ര ജേണല്‍ തുടങ്ങുന്നതിന്‍െറ സാധ്യതാപഠനത്തിന് വി.പി. അബ്ദുല്‍ അസീസ് കണ്‍വീനറായും സമിതി രൂപവത്കരിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.എം. ഖലീല്‍, പ്രഫ. വി. സുമംഗല, ജി.വി. ഹരി, വി.പി. അബ്ദുല്‍ അസീസ്, സാജിത പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.