പ്ളസ് വണ്‍ ഏകജാലക പ്രവേശം: അപേക്ഷ സമര്‍പ്പിക്കുമ്പോള്‍

ഹയര്‍ സെക്കന്‍ഡറി ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചിരിക്കുന്നു. www.hscap.kerala.gov.in വഴി ജൂണ്‍ രണ്ടുവരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാവുക. അപേക്ഷ സമര്‍പ്പിക്കേണ്ടതെങ്ങനെയെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. 
വെബ്സൈറ്റ് ഹോം പേജിലെ ‘PUBLIC’ ടാബിനു താഴെയുള്ള ‘APPLY ONLINE-SWS‘ ലിങ്കില്‍ ക്ളിക് ചെയ്യുക. ലോഗിന്‍ പേജില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റര്‍ നമ്പര്‍, മാസം, വര്‍ഷം, ജനനത്തീയതി എന്നിവ നല്‍കിയ ശേഷം ‘Mode of Fee Payment’  സെലക്ട് ചെയ്യണം. അപേക്ഷാ ഫീസ്  25 രൂപ  രണ്ട് വിധത്തില്‍ അടയ്ക്കാം. 
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും അപേക്ഷിക്കുന്ന ജില്ലയില്‍ ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍  ഫീസ് നേരിട്ട് ആ സ്കൂളില്‍ അടച്ചാല്‍ മതി. അല്ലാത്തവര്‍ ഡി.ഡി മുഖാന്തരം അപേക്ഷ ഫീസ് അടച്ചതിനു ശേഷം മാത്രം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആരംഭിക്കണം.  
അപേക്ഷാ ഫീസടയ്ക്കുന്ന രീതിയും നല്‍കി ലോഗിന്‍ ബട്ടണ്‍ ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാര്‍ഥിയുടെ പൊതുവിവരങ്ങളാണ് നല്‍കേണ്ടത്. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ്പോയന്‍റ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ്പോയന്‍റും നല്‍കിയാല്‍ അപേക്ഷയിലെ ഏറ്റവും പ്രധാന ഘട്ടമായ ഓപ്ഷന്‍ നല്‍കുന്ന പേജില്‍ എത്തും. 
പഠിക്കാനാഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍. പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഓപ്ഷനുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ ക്രമീകരിക്കണം.
 പ്രവേശസാധ്യത മനസ്സിലാക്കുന്നതിന് അപേക്ഷകരെ സഹായിക്കുന്നതിനായി കഴിഞ്ഞവര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍(www.hscap.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിക്കാനുദ്ദേശിക്കുന്ന സ്കൂളുകളിലെ കഴിഞ്ഞവര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിച്ച് സാധ്യത മനസ്സിലാക്കി ഓപ്ഷന്‍ കൊടുക്കുന്നതാണ് ഉചിതം. 
ആവശ്യമുള്ളത്ര ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭ്യമാക്കുകയും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കണം. 
അപേക്ഷാ വിവരങ്ങള്‍ അന്തിമമായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്‍െറൗട്ടിന്‍െറ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും താഴെ പ്രതിപാദിക്കും പ്രകാരം വെരിഫിക്കേഷനായി സമര്‍പ്പിക്കേണ്ടതാണ്.
DEMAND DRAFT ആയി ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ വെരിഫിക്കേഷനായി പ്രോസ്പെക്ടസ് ‘അനുബന്ധം 7’ല്‍ നിര്‍ദേശിച്ച സ്കൂള്‍ പ്രിന്‍സിപ്പലിന് അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും അപേക്ഷാ ഫീസായ 25 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കണം. എന്നാല്‍, Cash Paid to School എന്ന Mode of Fee Payment’ലൂടെ  ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷയുടെ പ്രിന്‍റൗട്ടിന്‍െറ കോപ്പിയും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് ഫീസ് അടയ്ക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍നിന്ന് വെരിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അലോട്ട്മെന്‍റിനായി പരിഗണിക്കൂ.
ഒരു കാരണവശാലും ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ഥി ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കരുത്. ഒന്നിലധികം റവന്യൂ ജില്ലകളിലെ സ്കൂളുകളില്‍ പ്രവേശം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. 
അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടിന്‍െറ കോപ്പിയില്‍ നിര്‍ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ഥിയും രക്ഷാകര്‍ത്താവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഗവണ്‍മെന്‍റ്/എയ്ഡഡ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിന്  സമര്‍പ്പിക്കേണ്ടതാണ്. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷ ഫീസ് അടയ്ക്കണം. 
അപേക്ഷയുടെ പ്രിന്‍റൗട്ട്  സ്കൂളില്‍ നല്‍കിയാല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അക്നോളജ്മെന്‍റ് സ്ളിപ് ഒപ്പിട്ട് സ്കൂള്‍ സീല്‍ പതിപ്പിച്ച് തിരികെ നല്‍കും. അപേക്ഷാനമ്പര്‍ രേഖപ്പെടുത്തിയ  ഈ സ്ളിപ് വിദ്യാര്‍ഥി സ്ഥിരപ്രവേശം നേടുന്നതുവരെ സൂക്ഷിക്കണം.
അപേക്ഷയുടെ സംശുദ്ധി പരിശോധന
അപേക്ഷയിലെ വിവരങ്ങള്‍ വെബ്സൈറ്റ് മുഖേന പരിശോധിക്കാന്‍  അവസരം ലഭിക്കും.  www.hscap.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ കാണുന്നതിനുള്ള ‘view your application’എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അപേക്ഷാ നമ്പറും ജനനത്തീയതിയും ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍  വിവരങ്ങള്‍ കാണാം. അപേക്ഷകള്‍ സ്കൂളില്‍ ലഭിക്കുന്ന മുറക്ക് സ്കൂള്‍ അധികൃതര്‍ വെരിഫിക്കേഷന്‍ നടത്തും. ട്രയല്‍ അലോട്ട്മെന്‍റ് ഉണ്ടാകും. ട്രയല്‍ അലോട്ട്മെന്‍റ് എല്ലാ അപേക്ഷകരും പരിശോധിക്കണം. തെറ്റുകള്‍ തിരുത്താനും ഓപ്ഷനുകള്‍ മാറ്റാനും ഈ ഘട്ടത്തിലും സാധിക്കും. തെറ്റായി വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്‍റ് റദ്ദ് ചെയ്യുകയും അങ്ങനെയുള്ള അപേക്ഷകരുടെ പ്രവേശ സാധ്യത ഇല്ലാതാകുകയും ചെയ്യുന്നതാണ്. 
അലോട്ട്മെന്‍റ് പ്രക്രിയ
രണ്ട് അലോട്ട്മെന്‍റുകള്‍ അടങ്ങുന്ന മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയക്ക് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തും. മുഖ്യ അലോട്ട്മെന്‍റ് പ്രക്രിയ അവസാനിക്കുന്നതോടെ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ പ്രവേശം നിര്‍ബന്ധമായി സ്ഥിരപ്പെടുത്തണം. എന്നാല്‍, സ്കൂളും കോമ്പിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍ മാറ്റത്തിനോ സ്കൂളിനുള്ളില്‍തന്നെ കോംബിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. 
 മുഖ്യ അലോട്ട്മെന്‍റുകളില്‍ പ്രവേശം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷം മാത്രമായിരിക്കും സപ്ളിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടത്തുക. സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പ് ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സപ്ളിമെന്‍ററി അലോട്ട്മെന്‍റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കണം. നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകള്‍ പുതുക്കി നല്‍കണം. 
ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാല്‍ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നേടാം. ഡയറക്ടറേറ്റില്‍നിന്ന് അറിയിക്കുന്ന സമയ പരിധിക്കുള്ളില്‍ വിദ്യാര്‍ഥി പ്രവേശം നേടണം. അല്ലാത്തപക്ഷം അലോട്ട്മെന്‍റ് റദ്ദാകും. താല്‍ക്കാലിക പ്രവേശം നേടുന്നവര്‍ അടുത്ത അലോട്ട്മെന്‍റുകളില്‍  ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റിലേക്ക് നിര്‍ബന്ധമായി മാറണം. 
സ്പോര്‍ട്ട്സ് ക്വോട്ടയിലെ പ്രവേശം
രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തിലാണ് സ്പോര്‍ട്സ് ക്വോട്ട പ്രവേശം.  ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തില്‍ പ്ളസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.  അപേക്ഷയില്‍ വിദ്യാര്‍ഥിക്ക് താല്‍പര്യമുള്ള സ്കൂള്‍/കോഴ്സുകള്‍ ഓപ്ഷനായി നല്‍കാവുന്നതാണ്. ഏകജാലക സംവിധാനത്തിന്‍െറ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റിന് മുമ്പായി രണ്ട് പ്രത്യേക അലോട്ട്മെന്‍റുകള്‍ സ്പോര്‍ട്സ് ക്വോട്ട അഡ്മിഷനു വേണ്ടി  നടത്തും.
(ഹയര്‍ സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയന്‍റ് ഡയറക്ടറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.