കമ്യൂണിക്കേഷന്‍ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമ

പഠിച്ചിറങ്ങുമ്പോള്‍ ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ ഉറപ്പാക്കാവുന്ന അപൂര്‍വം കോഴ്സുകളിലൊന്നാണ് അഹ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് (എം.ഐ.സി.എ) നടത്തുന്ന പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് കമ്യൂണിക്കേഷന്‍സ് (പി.ജി.ഡി.എം-സി). കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മേഖലക്കാവശ്യമായ ബിസിനസ് മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ പ്രോഗ്രാമിന്‍െറ മുഖ്യലക്ഷ്യം. രണ്ടുവര്‍ഷത്തെ പഠനത്തിലൂടെ നേടുന്ന പി.ജി.ഡി.എം-സി യോഗ്യതക്ക് എം.ബി.എക്ക് തത്തുല്യമായ അംഗീകാരമുണ്ട്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം കാമ്പസ് പ്ളേസ്മെന്‍റിലൂടെ ഇന്ത്യക്കകത്തും പുറത്തും എക്സിക്യൂട്ടിവ്/മാനേജീരിയല്‍ തസ്തികകളില്‍ മികച്ച തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പി.ജി.ഡി.എം-സി കോഴ്സിലൂടെ ബ്രാന്‍ഡ് മാനേജ്മെന്‍റ്, മാര്‍ക്കറ്റിങ് റിസര്‍ച് ആന്‍ഡ് അനലിറ്റിക്സ്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാനേജ്മെന്‍റ്, അഡ്വര്‍ടൈസിങ് മാനേജ്മെന്‍റ്, മീഡിയ മാനേജ്മെന്‍റ് തുടങ്ങിയവയില്‍ വൈദഗ്ധ്യം നേടുന്നതിനാല്‍ നിരവധി വന്‍കിട കോര്‍പറേറ്റ് കമ്പനികളാണ് തൊഴിലവസരം നല്‍കുന്നത്. 
പ്രവേശം: എം.ഐ.സി.എയില്‍ പി.ജി.ഡി.എം-സി പ്രവേശം അത്ര എളുപ്പമുള്ള കാര്യമല്ല. പ്രധാനമായും മൂന്ന് കടമ്പകള്‍ കടക്കണം. അത്രക്ക് സങ്കീര്‍ണമാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. ആദ്യ കടമ്പ ഐ.ഐ.എം-കാറ്റ് 2016 അല്ളെങ്കില്‍ എക്സ്.എല്‍.ആര്‍.ഐ-എക്സാറ്റ് 2017ല്‍ ഉയര്‍ന്ന സ്കോര്‍ നേടണം. 2015 വര്‍ഷം മുതലുള്ള ജി.എം.എ.ടി സ്കോറുകാരെയും പരിഗണിക്കും. ഏതെങ്കിലും ഡിസിപ്ളിന്‍ ബാച്ലേഴ്സ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 1965 രൂപയാണ്. 
രണ്ടാംഘട്ടം: എം.ഐ.സി.എ നടത്തുന്ന അഡ്മിഷന്‍ ടെസ്റ്റില്‍ യോഗ്യത നേടണം. എം.ഐ.സി.എ അഡ്മിഷന്‍ ടെസ്റ്റ് (എം.ഐ.സി.എ.ടി) 2016 ഡിസംബര്‍ 11ന് ദേശീയതലത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് നവംബര്‍ 25 വരെ സമയമുണ്ട്. 
മൂന്നാംഘട്ടം: ഗ്രൂപ് എക്സര്‍സൈസും പേഴ്സനല്‍ ഇന്‍റര്‍വ്യൂവുമാണ്. മികാറ്റില്‍ നിലവാരം പുലര്‍ത്തുന്നവരെയാണ് ഇതിന് ക്ഷണിക്കുക. 
എം.ഐ.സി.എ.ടിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.mica.ac.in എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടേണ്ടതാണ്. 
ശാസ്ത്ര-സാങ്കേതിക ഗവേഷണം 
അക്കാദമി ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്നൊവേറ്റിവ് റിസര്‍ച് (എ.സി.എസ്.ഐ.ആര്‍) വിവിധ കാമ്പസുകളിലായി ഉന്നതനിലവാരമുള്ള അധ്യാപനവും ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയ ഗവേഷണ പരീക്ഷണങ്ങള്‍ക്കുള്ള അവസരവം ഒരുക്കുന്നു. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍െറ വിവിധ നാഷനല്‍ ലബോറട്ടറികളിലൂടെ സയന്‍സ്, എന്‍ജിനീയറിങ് രംഗത്ത് യോഗ്യരായ ഗവേഷകരെയും മികച്ച പ്രഫഷനലുകളെയും വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാമുകള്‍ തയാറാക്കിയിട്ടുള്ളത്. 
ശാസ്ത്രമേഖലയില്‍ ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് എന്നിവയിലാണ് പിഎച്ച്.ഡി പ്രോഗ്രാമുകള്‍. എന്‍ജിനീയറിങ്ങിലും പിഎച്ച്.ഡി പ്രോഗ്രാമില്‍ പഠനാവസരമുണ്ട്. 
യോഗ്യത: മെഡിസിനില്‍ അംഗീകൃത ബിരുദം അല്ളെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ (ഗവേഷണ അഭിരുചിയുള്ളവരാകണം) മാസ്റ്റേഴ്സ് ഡിഗ്രിയും സി.എസ്.ഐ.ആര്‍-യു.ജി.സി/ഡി.ബി.ടി/ഡി.എസ്.ടി/ഇന്‍സ്പയര്‍ എന്നിവയുടെ പ്രാബല്യത്തിലുള്ള ജെ.ആര്‍.എഫ്/എസ്.ആര്‍.എഫ് യോഗ്യതയും ഉള്ളവരായിരിക്കണം. റെഗുലര്‍ പിഎച്ച്.ഡി പ്രോഗ്രാമിന് വാര്‍ഷികഫീസ് 12,000 രൂപയും തിസീസ് സമര്‍പ്പണ ഫീസ് 5000 രൂപയുമാണ്. സ്പോണ്‍സേഡ് വിഭാഗത്തില്‍പെടുന്നവര്‍ യഥാക്രമം 24,000 രൂപയും 25,000 എന്നിങ്ങനെ നല്‍കണം. 
എന്‍ജിനീയറിങ് വിഷയത്തില്‍ പിഎച്ച്.ഡി ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുണ്ട്. എന്‍ജിനീയറിങ് പിഎച്ച്.ഡി പ്രവേശത്തിന് അക്കാദമിക് മികവോടെയുള്ള എന്‍ജിനീയറിങ്/ടെക്നോളജി/ഫാര്‍മസിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും ഉണ്ടാകണം. സയന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രിയും സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ്/എന്‍.ബി.എച്ച്.എം ജെ.ആര്‍.എഫ്/എസ്.ആര്‍.എഫ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്‍റഗ്രേറ്റഡ് എന്‍ജിനീയറിങ് പിഎച്ച്.ഡി പ്രോഗ്രാമിന് അക്കാദമിക് മികവുള്ള ബി.ഇ/ബി.ടെക് ബിരുദവും ഗേറ്റ് സ്കോറും ഉള്ളവര്‍ക്കാണ് പ്രവേശം. അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി ഇന്‍റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. സി.എസ്.ഐ.ആറിന്‍െറ കീഴില്‍ 40ലേറെ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ് ഗവേഷണ പഠനസൗകര്യങ്ങള്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി 2016 ഒക്ടോബര്‍ 28 വരെ www.acsir.res.in ലൂടെ നിര്‍ദേശാനുസരണം സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഇതേ വെബ്സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.