എം.ജിയിൽ അരലക്ഷത്തോളം ബിരുദ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

കോട്ടയം: അടിസ്ഥാന സൗകര്യമില്ലാത്ത കോളജുകളെ വിദ്യാർഥികൾ കൈവിട്ടതോടെ, എം.ജിയിൽ ഒഴിഞ്ഞുകിടക്കുന്നത് അരലക്ഷത്തോളം ബിരുദസീറ്റുകൾ. ആദ്യ മൂന്ന് അലോട്ട്മെന്‍റുകൾ പൂർത്തിയായപ്പോൾ മൊത്തം 40,241 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബി.കോം മോഡൽ രണ്ട് കമ്പ്യൂട്ടർ അപ്ലിക്കേഷനിലാണ് കൂടുതൽ ഒഴിവുകൾ. ഒന്നാം വർഷ ബിരുദക്ലാസുകൾ ആരംഭിച്ചിരിക്കെ, ഇനി സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളാണ് അവശേഷിക്കുന്നത്.

എം.ജി സർവകലാശാലക്ക് കീഴിലുള്ള 212 ആർട്സ് ആൻഡ് സയന്‍സ് കോളജുകളിലായി മൊത്തം 59,432 സീറ്റുകളാണുള്ളത്. ഇതിൽ 19,191 സീറ്റുകളിലാണ് പ്രവേശനം നടന്നിരിക്കുന്നത്. 40,241 സീറ്റുകൾ കാലി. 145 സ്വാശ്രയ കോളജുകളിലായി 41,792 സീറ്റുകളാണുള്ളത്. ഇതിൽ 31,787 സീറ്റുകളിലും പഠിക്കാൻ വിദ്യാർഥികളില്ല. സർക്കാർ കോളജുകളിൽ 637 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എയ്ഡഡ് കോളജുകളിൽ 16,313 സീറ്റുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. മെറിറ്റ് -4262, മാനേജ്മെന്‍റ് -2170, കമ്യൂണിറ്റി ക്വോട്ട -1385 എന്നിങ്ങനെയാണ് സീറ്റുകളുടെ ഒഴിവ്.

എം.ജിയിലേക്ക് ഏകജാലകംവഴി 46,600 പേരാണ് മൊത്തം അപേക്ഷിച്ചത്. ഇതിൽ ബി.കോം മോഡൽ ഒന്ന് ഫിനാൻസ് ആൻഡ് ടാക്സേഷനായിരുന്നു ആവശ്യക്കാർ ഏറെ.

അതേസമയം, സപ്ലിമെന്‍ററി അലോട്ട്മെന്‍റുകൾ പൂർത്തിയാകുന്നതോടെ കോളജുകളിലേക്കെല്ലാം വിദ്യാർഥികൾ എത്തുമെന്നാണ് സർവകലാശാലയുടെ പ്രതീക്ഷ. മുൻവർഷത്തെ അപേക്ഷിച്ച് സയൻസ് വിഷയങ്ങളിലടക്കം അപേക്ഷകരുടെ എണ്ണം വർധിച്ചെന്നും പ്രവേശനനടപടികൾ തുടരുന്നതിനാൽ സീറ്റുകൾ നികത്തപ്പെടുമെന്നും ഇവർ പറയുന്നു. സർക്കാർ, എയ്ഡഡ് കോളജുകളിലെ സീറ്റുകളിൽ അവസാനഘട്ടത്തിൽ ഒഴിവുണ്ടാകില്ലെന്നും സർവകലാശാല വ്യക്തമാക്കുന്നു.

പ്രവേശനനടപടികൾ തുടരുന്ന ബിരുദാനന്തരബിരുദത്തിൽ സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകരുണ്ട്. മൊത്തമുള്ള 11,542 പി.ജി സീറ്റുകളിലേക്ക് 14,474 അപേക്ഷകരാണുള്ളത്. സർക്കാർ-129, എയ്ഡഡ് -1484, സ്വാശ്രയം -6265 എന്നിങ്ങനെ 7878 സീറ്റുകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്. എം.എസ്സി കെമിസ്ട്രിക്കാണ് ഏറ്റവും കൂടുതൽപേർ അപേക്ഷിച്ചത്. ഏറ്റവും കുറവ് എം.എ അനിമേഷനും. സ്വാശ്രയമേഖലയിലെ എം.കോം ഫിനാൻസ് ആൻഡ് ടാക്സേഷനിലാണ് കൂടുതൽ കാലി സീറ്റുകൾ.

എന്നാൽ, ബി.എഡ് പ്രവേശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൊത്തമുള്ള 2399 സീറ്റുകളിലേക്കായി 7634 അപേക്ഷകരാണുള്ളത്. 1460 പേർ പ്രവേശനം നേടിക്കഴിഞ്ഞു. സ്വാശ്രയമേഖലയിലടക്കം 939 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.

Tags:    
News Summary - About half a lakh graduate seats are vacant in MG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.