കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അംഗപരിമിതർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈകോടതി ശരിവെച്ചു. 1996 ഫെബ്രുവരി മുതലുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2017 മുതൽ നാലുശതമാനവും അംഗപരിമിതർക്ക് സംവരണം ചെയ്യണമെന്ന 2018 നവംബർ 18ലെ സർക്കാർ ഉത്തരവാണ് ജസ്റ്റിസ് പി.വി. ആശ ശരിെവച്ചത്.
അംഗപരിമിതർക്ക് തുല്യ അവസരം ഉറപ്പാക്കുന്ന 1995ലെയും ശാരീരിക വൈകല്യമുള്ളവരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉത്തരവ് സർക്കാറിെൻറ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ബാധകമാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സർക്കാർ ഉത്തരവിനെതിരെ എൻ.എസ്.എസ് കോളജുകളുടെ കേന്ദ്ര സമിതിയും കേരളത്തിലെ കാത്തലിക് സ്കൂൾ മാനേജ്മെൻറുകളുടെ കൺസോർട്യവും നൽകിയ ഹരജികൾ കോടതി തള്ളി.
മാനേജ്മെൻറുകളുടെ നിയമനാധികാരത്തിലുള്ള കൈകടത്തലാണ് സർക്കാർ ഉത്തരവെന്നും എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇത്തരമൊരു നടപടിക്ക് സർക്കാറിന് അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സംവരണം നടപ്പാക്കുന്നതിെൻറ ഭാഗമായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും നിശ്ചിതശതമാനം ഒഴിവുകളിൽ നിയമനം നടത്താൻ നിർദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമപ്രകാരം അംഗപരിമിതരുടെ സംവരണ ഒഴിവുകളിൽ നിയമനം നടത്തേണ്ടത് വിദ്യാഭ്യാസ ഏജൻസികളാണ്. സർക്കാർ നിർദേശമില്ലെങ്കിൽപോലും ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം നൽകാൻ മാനേജ്മെൻറുകൾക്ക് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഇടപെടലാണിതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.