തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ഈ വർഷവും ഓൾ പ്രമോഷൻ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിശദമായ പഠനത്തിനുശേഷം മാത്രമേ മൂല്യനിർണയ രീതി മാറ്റുന്ന കാര്യം പരിഗണിക്കൂ. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനം ഊർജിതമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപന വേളയിൽ പത്താം ക്ലാസ് മൂല്യനിർണയം പരിഷ്കരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം മന്ത്രി അവതരിപ്പിച്ചിരുന്നു. ഒമ്പത് വരെയുള്ള ക്ലാസുകളിലൂം മാറ്റം ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലുണ്ട് എന്നായിരുന്നു മറുപടി. എന്നാൽ, ഇക്കുറിയും ഒമ്പത് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാവരെയും വിജയിപ്പിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിക്കുകയാണ് മന്ത്രി. എസ്.എസ്.എൽ.സി ഒഴികെ മറ്റു ക്ലാസുകളിലെ മൂല്യനിർണയത്തിൽ മാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ല.
വിദ്യാർഥികളുടെ അടിസ്ഥാനശേഷി ഉയർത്തുന്നതിനുള്ള പഠനരീതി ആവിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അധ്യാപകരുടെ ഇടപെടലുകളിലും മാറ്റം വേണമെന്ന അഭിപ്രായം വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടാണ് ഈ അക്കാദമിക വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ശിൽപശാലകൾ വഴി അധ്യാപകർക്ക് പരിശീലനം ഉറപ്പാക്കിയത്. എല്ലാ വർഷവും പാഠപുസ്തകങ്ങൾ പുതുക്കുന്ന തരത്തിലേക്ക് മാറാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.