തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യയനത്തിനായി രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചരക്കും ഇടയിലുള്ള സമയം തെരഞ്ഞെടുക്കാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. വിവിധ കാരണങ്ങളാൽ നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവൃത്തിദിനങ്ങൾ അതത് സെമസ്റ്ററുകളിൽതന്നെ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. അധ്യാപകർ നിർബന്ധമായും ആറു മണിക്കൂർ കാമ്പസിലുണ്ടാകണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചിനുമിടയിലുള്ള അധ്യയന സമയത്തിൽ ഏത് സ്ലോട്ട് വേണമെന്നത് കോളജ് കൗൺസിലുകൾക്ക് തെരഞ്ഞെടുക്കാം. എട്ടരക്ക് തുടങ്ങുന്ന കോളജുകൾക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്ന കോളജുകൾക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്ന കോളജുകൾക്ക് നാലര വരെയും 10ന് തുടങ്ങുന്നവക്ക് അഞ്ചുവരെയും അധ്യയനം നടത്താനാകുന്ന രീതിയിലാണ് ക്രമീകരണം. നിലവിൽ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളിലായാണ് ക്ലാസ് നടത്തുന്നത്.
പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കിൽ ഒരു മണിക്കൂർ അധികം ക്ലാസ് നടത്താനാകും. ഇതിനു പുറമെ, അധ്യാപകർക്ക് ഫ്ലെക്സി ടൈമിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സൗകര്യപ്രകാരം ഇഷ്ടമുള്ള സമയം അധ്യയനത്തിന് തെരഞ്ഞെടുക്കാൻ ഇതു സഹായകരമാകും. ഇത്തരം അധ്യാപകർ ഉച്ചഭക്ഷത്തിന്റെ ഒരു മണിക്കൂർ ഒഴിവ് ഒഴികെ ആറു മണിക്കൂർ കോളജിൽ ഉണ്ടാവണം എന്ന വ്യവസ്ഥ ഉറപ്പുവരുത്തിയാൽ മതി.
ഏതെങ്കിലും സാഹചര്യത്തിൽ ജില്ല കലക്ടറോ സംസ്ഥാന സർക്കാറോ കോളജോ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു പകരം പ്രവൃത്തിദിനങ്ങൾ അതേ സെമസ്റ്ററിൽതന്നെ ഉറപ്പുവരുത്തണം. ഇതിന് ശനിയാഴ്ചകൾ ഉൾപ്പെടെ പ്രവൃത്തിദിനമാക്കാം. ഇതു രേഖാമൂലം പ്രിൻസിപ്പൽമാർ രജിസ്ട്രാറെയും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.