ആദിവാസി വിരുദ്ധനായ ആലുവ, ടി.ഇ.ഒ യെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്

കൊച്ചി: ആദിവാസി വിരുദ്ധനായ ആലുവ, ടി.ഇ.ഒ. ആര്‍. അനൂപിനെ മാറ്റണമെന്നും വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യവകാശദിനത്തിൽ മാർച്ചും ധർണയും നടത്തുമെന്ന് ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദനും ആദിശക്തിസമ്മര്‍ സ്കൂള്‍ ചെയര്‍പേഴ്സണ്‍ കെ.ആര്‍ രേഷ്മയും അറിയിച്ചു. വിദ്യാർഥികളോടും വിദ്യാർഥികളെ കാമ്പസിലെത്തിക്കുന്നവരോടും സവർണ മാടമ്പിയെപോലെയാണ് ടി.ഇ.ഒ പെരുമാറുന്നത്.

ഒട്ടേറെ ഭൂമി വാങ്ങല്‍ അഴിമതി ആരോപണത്തിന് വിധേയനായ സംഭവങ്ങളിലും, ട്രൈബൽ പ്രൊമോട്ടര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലും, നിരവധി പ്രൊമോട്ടര്‍മാര്‍ രാജിവെച്ച സംഭവത്തിലും ലൈംഗിക കുറ്റങ്ങള്‍ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചതിനും ഇദ്ദേഹത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഏറ്റവും പിന്നോക്കം നിൽക്കുന്ന ആദിവാസി ഊരുകളിൽനിന്നെത്തിയ വിദ്യാർഥി സമൂഹത്തിന്‍റെ പുരോഗതിക്ക് തടസമാവുകയാണ് ആലുവ ടി.ഇ.ഒ.

കോവിഡ് കാലം ഗുരുതരമായ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ആദിശക്തി സമ്മര്‍ സ്കൂള്‍ 'ഹെല്‍പ് ഡെസ്ക്' ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് ഓറിയന്‍റേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നഗരങ്ങളിലെ നല്ല കോഴ്സുകളിലെത്തിച്ചു.

അപേക്ഷ സമര്‍പ്പിക്കല്‍, പ്രവേശനത്തിന് എത്തിക്കല്‍, പ്രവേശന ചെലവ് വഹിക്കല്‍, പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കല്‍ തുടങ്ങിയവ കൂടാതെ പുസ്തകങ്ങള്‍, ട്യൂഷന്‍ ക്ലാസുകള്‍, ഹോസ്റ്റല്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ സൗകര്യമൊരുക്കല്‍ തുടങ്ങിയവയെല്ലാം ആദിശക്തി സമ്മര്‍ സ്കൂളാണ് ചെയ്തത്. ഇതിന് സര്‍ക്കാര്‍ സഹായമില്ല.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 ത്തിലേറെ വിദ്യാർഥികള്‍ക്ക് ഹയര്‍ സെക്കന്‍ററി, യു.ജി., പി.ജി. കോഴ്സുകളില്‍ ഹെല്‍പ് ഡസ്ക് സഹായം നല്‍കി.ആദിവാസി വിദ്യാർഥികളെ കോളജ് വിദ്യാഭ്യാസത്തിന് എത്തിക്കുന്ന പ്രവർത്തിച്ച ആദിശക്തിയുടെ പ്രവര്‍ത്തനം തകര്‍ക്കും എന്നാണ് ഈ ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പഠിക്കാന്‍ കഴിവില്ലാത്തവരെയാണ് ആദിശക്തി പ്രവേശനം നേടിയെടുക്കുന്നത് എന്ന് പ്രചരിപ്പിക്കുക തുടങ്ങി നിരവധി ദ്രോഹനടപടികളാണ് ചെയ്തുവരുന്നത്. ആദിശക്തി സമ്മര്‍ സ്കൂള്‍ സാമ്പത്തിക തട്ടിപ്പുകാരാണെന്ന് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വ്യാജപ്രചരണം നടത്തി.

പഠനത്തിനെത്തുന്ന വിദ്യാർഥികള്‍ക്ക് താമസവും ഭക്ഷണവും മാത്രം മതിയാകില്ല. യാത്രാചെലവ്, പുസ്തകം, വസ്ത്രം, യൂനിഫോം, ഡാറ്റാ ചാര്‍ജ്, മൊബൈല്‍, പരീക്ഷാ ഫീസ്, ട്യൂഷന്‍ സംവിധാനം, കലാ-കായിക ആവശ്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങളുണ്ട്. ഇത്തരം എല്ലാ ആവശ്യങ്ങളോടും ഇദ്ദേഹം പുറം തിരിഞ്ഞുനില്‍ക്കുകയാണ്. അനുകൂലമായ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിക്കില്ല.

കുട്ടികളില്‍ ഭിന്നത ഉണ്ടാക്കാന്‍ വാട്ട്സ്ആപ് പ്രചരണം നടത്തുന്നു.പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡനെ നോക്കുകുത്തിയാക്കി ഹോസ്റ്റല്‍ ഭരണം നടത്തുന്നു. വിദ്യാർഥികളെ ട്യൂഷന്‍ ക്ലാസുകള്‍ പൊതുപരിപാടികള്‍ എന്നിവയ്ക്ക് പോകാന്‍ അനുമതി നല്‍കാതിരിക്കുന്നില്ല. ട്രൈബല്‍ കോംപ്ലക്സ് ദുരുപയോഗം ചെയ്യുന്നു. ആദിശക്തി സമ്മര്‍ സ്കൂളിന്റെ ഹോസ്റ്റല്‍ അടച്ചുപൂട്ടിക്കാനും സ്വകാര്യവ്യക്തികളെ ഹോസ്റ്റല്‍ നടത്തിപ്പിനായി രംഗത്തിറക്കുകയാണ് ടി.ഇ.ഒ.

ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ സാധാരണഗതിയില്‍ ആദിശക്തി സമ്മര്‍സ്കൂളിന്‍റെ ഒരു ടാര്‍ഗറ്റല്ല. എന്നാല്‍ മറ്റ് ഗതി ഇല്ലാത്തതുകൊണ്ടാണ് ഒരു വ്യക്തിയെ പേരെടുത്ത് പറയേണ്ടിവരുന്നതെന്നും അവർ പറഞ്ഞു. കെ.എസ്.ഇ.ബി. ഹാളിൽ രാവിലെ 10 മുതല്‍ ഒന്നുവരെ വിദ്യാഭ്യാസ അവകാശ കണ്‍വെന്‍ഷന്‍, ഉച്ചക്ക് മൂന്നിന് രണ്ടിന് ഗാന്ധിസ്ക്വയറില്‍ നിന്നും മാര്‍ച്ച്, മൂന്ന് മുതല്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ധരണയും നടത്തുമെന്നും അറിയിച്ചു. 

Tags:    
News Summary - Anti-tribal Aluva, T.E.O. Protest march demanding the transfer of R.Anoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.