തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാംതരം മുതൽ ഓൾ പാസ് സമ്പ്രദായം അവസാനിപ്പിച്ച് വിഷയ മിനിമം രീതി തിരികെ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം (2025-26) എട്ടിലും ഒമ്പതിലും 2026-27ൽ എട്ട്, ഒമ്പത്, 10 ക്ലാസുകളിലും വിഷയ മിനിമം രീതി നടപ്പാക്കും. ഇതോടെ 2027 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും വിഷയ മിനിമം രീതി വരും.
കഴിഞ്ഞ മേയ് 28ന് എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ കോൺക്ലേവിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ശിപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം പരീക്ഷയുടെ ഭാഗമായ നിരന്തര മൂല്യനിർണയത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും കുട്ടികളുടെ മികവ് പരിഗണിക്കാനും പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപവത്കരിക്കും. എഴുത്തു പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലും വാരിക്കോരി മാർക്ക് നൽകുന്ന രീതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. പുതിയ തീരുമാനത്തോടെ വിജയിക്കാൻ എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കാനാണ് എസ്.സി.ഇ.ആർ.ടി ശിപാർശ.
നേരത്തേ എഴുത്തുപരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലുമായി 30 ശതമാനം മാർക്ക് ലഭിച്ചാൽ വിദ്യാർഥിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ജയിക്കാമായിരുന്നു. 100 മാർക്കിന്റെ പരീക്ഷയിൽ 80 മാർക്കിനും 50 മാർക്കിന്റെ പരീക്ഷയിൽ 40 മാർക്കിനുമാണ് എഴുത്തുപരീക്ഷ. ബാക്കി മാർക്ക് നിരന്തര മൂല്യനിർണയത്തിനുമാണ്. മന്ത്രിസഭാ തീരുമാനത്തോടെ 80 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ വിജയിക്കാൻ 30 ശതമാനം മാർക്കായ 24ഉം 40 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ 12 മാർക്കും നേടേണ്ടിവരും. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കിയാൽ മതിയെന്ന എസ്.സി.ഇ.ആർ.ടി ശിപാർശ അംഗീകരിച്ചാണ് ഈ വർഷം എട്ടിലും അടുത്ത വർഷം ഒമ്പതിലും 2026-27ൽ പത്തിലും വിഷയ മിനിമം കൊണ്ടുവരാനുള്ള തീരുമാനം.
സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിങ് സമ്പ്രദായം വന്നതോടെ 2007 മുതലാണ് വിഷയ മിനിമം ഇല്ലാതാകുന്നത്. മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് എല്ലാവർക്കും മുഴുവൻ മാർക്ക് നൽകുന്ന രീതിയിൽ നിരന്തര മൂല്യനിർണയ സമ്പ്രദായം അട്ടിമറിക്കപ്പെടുകയായിരുന്നു. 100 മാർക്കിന്റെ പരീക്ഷയിൽ 20 മാർക്ക് നിരന്തര മൂല്യനിർണയത്തിന് ലഭിച്ചാൽ എഴുത്തുപരീക്ഷയിൽ 10 മാർക്ക് കൂടി ലഭിച്ചാൽ വിദ്യാർഥി ജയിക്കാം. സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും ശാസ്ത്രസാഹിത്യപരിഷത്തും വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർത്തിയ ശക്തമായ എതിർപ്പ് തള്ളിയാണ് വിഷയ മിനിമം നടപ്പാക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.