ന്യൂഡൽഹി: ഐ.ഐ.ടികൾ, എൻ.ഐ.ടികൾ എന്നിവ പോലുള്ള പ്രമുഖ പൊതുസ്ഥാപനങ്ങളിൽ നിരവധി ബിടെക്, എംടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ.
13 ഐ.ഐ.ടികളിൽ ഈ വർഷം ബിടെക്കിൽ 276 സീറ്റുകളും എംടെക്, എം.എസ്.സി കോഴ്‌സുകളിൽ 1,165 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി വിവരാവകാശ നിയമപ്രകാരം ‘ദ ടെലിഗ്രാഫ്’ വാർത്താ പോർട്ടൽ പുറത്തുവിട്ട ഡേറ്റ കാണിക്കുന്നു. അതുപോലെ, 19 എൻ.ഐ.ടികളിൽ ബി.ടെക്കിൽ 401 സീറ്റുകളും എം.ടെക്/എം.എസ്‌സി കോഴ്‌സുകളിൽ 2,604 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.
ചില ഐ.ഐ.ടികളിൽ ഒഴിവുകൾ മറ്റുള്ളവയേക്കാൾ വളരെ കൂടുതലാണ്. ഐ.ഐ.ടി ധൻബാദിൽ ബി.ടെക്കിൽ 1,125 സീറ്റുകളാണുള്ളത്. ഇതിൽ 72 എണ്ണം 2024-25ൽ ഒഴിഞ്ഞുകിടക്കുന്നു. 2016ൽ ഐ.ഐ.ടിയായി മാറുന്നതിന് മുമ്പ് ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് എന്നറിയപ്പെട്ടിരുന്ന ഏകദേശം 100 വർഷം പഴക്കമുള്ള സ്ഥാപനത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലും 234 സീറ്റുകൾ ഒഴിവുണ്ട്. ഇവിടെ എം.ടെക്കിൽ ഏകദേശം 600 സീറ്റുകളുണ്ട്. 2023-24, 2022-23 വർഷങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ യഥാക്രമം 53, 67 സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
അതുപോലെ ഈ വർഷം 962 സീറ്റുകളുണ്ടായിരുന്ന ഐ.ഐ.ടി ഗുവാഹത്തിയിൽ ബി.ടെക് കോഴ്സുകളിൽ 37 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ചില ഐ.ഐ.ടികൾ തങ്ങളുടെ സീറ്റ് ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല.
വലിയ പ്രശസ്തിയുള്ള പഴയവ ഉൾപ്പെടെ മിക്ക ഐ.ഐ.ടികളിലും എം.ടെക് തലത്തിൽ സീറ്റുകളുടെ വലിയ ഒഴിവുകൾ ഉണ്ടായിട്ടുണ്ട്. ഐ.ഐ.ടി ബോംബെയിൽ 2022-23ൽ 332, 2023-23ൽ 345, 2024-25ൽ 257 എന്നിങ്ങനെയാണ് ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണം.
ഐ.ഐ.ടി ഡൽഹിയിൽ 2024-25ൽ 416 സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ 2023-24ൽ 438 സീറ്റുകളും 2022-23ൽ 376 സീറ്റുകളുമാണുള്ളത്. രണ്ട് ടെക് സ്കൂളുകളിലും 800 ബിരുദാനന്തര സീറ്റുകൾ വീതമുണ്ട്.
എൻ.ഐ.ടികൾക്കും സമാനമായ കഥയുണ്ട്. എൻ.ഐ.ടി സൂറത്ത്കലിലും എൻ.ഐ.ടികളിൽ എലൈറ്റ് ആയി കണക്കാക്കപ്പെടുന്ന റൂർക്കേലയിലും ബി.ടെക് കോഴ്സുകളിൽ 24,28 ഒഴിവുകളാണുള്ളത്. ഇവിടങ്ങളിൽ യഥാക്രമം 945,1065 സീറ്റുകളുണ്ട്.
ചില ഐ.ഐ.ടികളിലെ പല ബ്രാഞ്ചുകളിലും എടുക്കുന്നവർ വളരെ കുറവാണെന്ന് ഐ.ഐ.ടികൾ നടത്തുന്ന ജോയിൻ്റ് എൻട്രൻസ് പരീക്ഷയിൽ സുതാര്യതക്കായി സുപ്രീംകോടതിയിൽ കേസ് നടത്തിയ ഖരഗ്പൂരിലെ മുൻ ഫാക്കൽറ്റി അംഗം രാജീവ് കുമാർ പറഞ്ഞു. ഇത്തരം സീറ്റുകൾ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരോ സീറ്റും ഒഴിഞ്ഞുകിടക്കുന്നത് അർത്ഥമാക്കുന്നത്, പ്രവേശനം ആഗ്രഹിക്കുന്ന നിരവധി പേർക്ക് അത് നിഷേധിക്കുന്നു എന്നതാണ്. പൊതു ചെലവിൽ അക്കാദമിക്, ഇൻഫ്രാസ്ട്രക്ചർ വിഭവങ്ങൾ പാഴാക്കുക എന്നാണ് ഇതിനർത്ഥം’ -അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നം വലിയൊരളവിൽ പരിഹരിക്കാൻ കഴിയുമെന്നും കുമാർ കൂട്ടിച്ചേർത്തു. ഐ.ഐ.ടികൾ പഠന പരിപാടികളിലുടനീളം പ്രവേശനം തേടുന്നവരുടെ പ്രൊഫൈൽ വിശകലനം ചെയ്യുകയും സീറ്റുകൾ ഉചിതമായി ക്രമീകരിക്കുകയും വേണം.
കോമൺ കൗൺസിലിങ് കാരണം മാസ്റ്റേഴ്സിനെ അപേക്ഷിച്ച് ബി.ടെക്കിൽ ഒഴിവുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഐ.ഐ.ടികളിലെയും എൻ.ഐ.ടികളിലെയും ബി.ടെക് കോഴ്‌സുകളുടെ പൊതുവായ കൗൺസിലിംഗ് കാരണം ഒരു വിദ്യാർഥിക്ക് ഒരു ഘട്ടത്തിലും ഒന്നിലധികം സീറ്റുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ല.
എം.ടെക് കോഴ്‌സുകളിൽ പൊതുവായ കൗൺസിലിങ് ഇല്ല. എം.ടെക്കിനുള്ള പൊതു കൗൺസിലിങ്ങിനായി ഐ.ഐ.ടികളും എൻ.ഐ.ടികളും ഒരുമിച്ച് വരണമെന്നും കുമാർ പറഞ്ഞു. അഡ്മിഷൻ സമയത്ത് ഒഴിവുള്ള സീറ്റുകളാണിത്. എം.ടെക് കോഴ്‌സുകളിലെ കൊഴിഞ്ഞുപോക്ക് കാരണം ഒരു വർഷത്തിനുള്ളിൽ എണ്ണം വർധിക്കും.
കൗൺസിലിങ്ങിനിടെ സീറ്റ് തടഞ്ഞതിനുശേഷവും ചില വിദ്യാർഥികൾ പ്രവേശനത്തിന് ഹാജരാകാറുണ്ടെന്ന് ഐ.ഐ.ടി ഡൽഹിയിലെ ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു. ‘ചില വിദ്യാർത്ഥികൾക്ക് ഒരു പ്രശസ്തമായ സ്വകാര്യ സ്ഥാപനത്തിലോ വിദേശ സർവകലാശാലയിലോ അവർക്കിഷ്ടമുള്ള അക്കാദമിക് പ്രോഗ്രാം ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അവരുടെ എണ്ണം വളരെ കുറവായിരിക്കാം -അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ ധാരാളം എം.ടെക് വിദ്യാർത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുന്നു. ഇതും കോഴ്‌സ് സമയത്ത് നിരവധി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു.
അനുവദിച്ച സ്ഥാപനത്തിലെ ബി.ടെക് കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിന് മുമ്പ് കൗൺസിലിങ് പ്രക്രിയയിൽ വിദ്യാർത്ഥികളിൽ നിന്ന് ഐ.ഐ.ടികളും എൻ.ഐ.ടികളും മുൻകൂർ സീറ്റ് അലോക്കേഷൻ ഫീസും ( സാഫ്) ഈടാക്കുന്നു.
സീറ്റ് അലോക്കേഷൻ ഫീസ് നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ധൻബാദ് ഐ.ഐ.ടിയിൽ പ്രവേശനം നേടുന്നതിനായി ഒരു ദലിത് വിദ്യാർത്ഥിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു. സാഫ് പിൻവലിക്കണമെന്ന് നിരവധി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, പ്രവേശനത്തിനു മുമ്പ് ഫീസ് മുൻകൂറായി അടക്കേണ്ടതിന്റെ ആവശ്യകതയെ സർക്കാർ ന്യായീകരിച്ചു. ഇത് കൊഴിഞ്ഞുപോക്കും ഒഴിവുകളും പരിശോധിക്കാൻ സഹായിക്കുമെന്നാണ് വാദം.
ഗൗരവമുള്ള പഠിതാക്കളെ മാത്രം അനുവദിക്കുക എന്നതാണ് ‘സാഫി’ലൂടെ ലക്ഷ്യമിടുന്നത് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറയുകയുണ്ടായി. എന്നാൽ, സീറ്റുകളുടെ ഒഴിവ് കണക്കിലെടുത്ത് ‘സാഫ്’ തുടരേണ്ടതില്ലെന്നാണ് ഐ.ഐ.ടി ഫാക്കൽറ്റി അംഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.