ന്യൂഡൽഹി: സ്കൂൾ പ്രവൃത്തി സമയം ആഴ്ചയിൽ അഞ്ചര ദിവസമാക്കാൻ നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് (എൻ.സി.എഫ്) തയാറാക്കാൻ കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധ സമിതി ശിപാർശ ചെയ്തു. ആഴ്ചയിൽ 29 മണിക്കൂർ പഠനത്തിനായി നീക്കിവെക്കണമെന്നും ശനിയാഴ്ചകളിലും പഠനം വേണമെന്നുമാണ് ശിപാർശ. എട്ടുവരെയുള്ള ക്ലാസുകളുടെ പിരീഡുകളുടെ സമയം 40 മിനിറ്റും ഒമ്പതാം ക്ലാസ് മുതലുള്ളത് 50 മിനിറ്റും ആക്കണമെന്നും നിർദേശമുണ്ട്.
ഇതിനു മുമ്പ് 2005ലാണ് എൻ.സി.എഫ് പരിഷ്‍കരിച്ചത്. അന്ന് ഒരു ദിവസം ആറു മണിക്കൂർ പഠിപ്പിക്കണമെന്നും ഓരോ പിരീഡിന്റെ സമയ ദൈർഘ്യം 45 മിനിറ്റ് ആക്കണമെന്നുമായിരുന്നു ശിപാർശ. ഇതിനു വിരുദ്ധമായാണ് പുതിയ നിർദേശങ്ങൾ.
ഒരു അക്കാദമിക വർഷം 180 ദിവസം വേണമെന്നും പറയുന്നുണ്ട്. സ്കൂൾ പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുടെ അടിസ്ഥാനമായ രേഖയാണ് എൻ.സി.എഫ്.
നേരത്തേ ഹയർ സെക്കൻഡറിക്ക് സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ മാത്രം മതിയെന്നും 12ാം ക്ലാസുകാർക്ക് വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷ നടത്താനും സമിതി ശിപാർശ ചെയ്തിരുന്നു. ഏതാണ്ട് തയാറായിക്കഴിഞ്ഞ എൻ.സി.എഫ് കരട് രേഖ പൊതുജന അഭിപ്രായത്തിനായി ഉടൻ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.