കൊച്ചി: സി.വി തയാറാക്കലും ഇന്റർവ്യൂ ടെക്നിക്കും ഉൾപ്പെടെ വിദഗ്ധ നിർദേശങ്ങളുമായി ‘മാധ്യമം’ എജുകഫേയിൽ ബുധനാഴ്ച എംപ്ലോയബിലിറ്റി സെഷൻ. കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന എജുകഫേയുടെ രണ്ടാം ദിനം പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വിദഗ്ധർ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും മാർഗനിർദേശങ്ങളുമായി വേദിയിലെത്തും.
രാവിലെ 11.15 മുതൽ 12 വരെ നടക്കുന്ന എംപ്ലോയബിലിറ്റി സെഷന് സംസ്ഥാന ഗവ. എൻട്രൻസ് എക്സാമിനേഷൻ മുൻ ജോ. ഡയറക്ടറും കൊളീജിയറ്റ് എജുക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറും കരിയർ ഗൈഡുമായ ഡോ. എസ്. രാജുകൃഷ്ണൻ, കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാറും പി.ആർ.ഒയും മേപ്പയൂർ എ.വി.എ.എച്ച് കോളജ് വൈസ് പ്രിൻസിപ്പലുമായ ഒ. മുഹമ്മദലി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എച്ച്.ആർ പാനൽ കൺവീനറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സനൽ മാനേജ്മെന്റ് എക്സിക്യൂട്ടിവ് അംഗവും അപ്പോളോ ടയേഴ്സ് എച്ച്.ആർ അഡ്മിൻ മേധാവിയുമായ ജി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകും.
രാവിലെ 10ന് ബൻസൻ തോമസ് ജോർജ് നയിക്കുന്ന ‘ഗെറ്റ് ഫ്യൂച്ചർ റെഡി ടു ബികം ജോബ് റെഡി’ സെഷൻ, 11ന് സായ് സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പ്രഫ. ജംഷദ് ബറൂച്ച നയിക്കുന്ന സെഷൻ, 12ന് കോച്ചിങ്, എൻട്രൻസ് പ്രിപ്പറേഷൻ പ്ലാനിങ്ങിനെക്കുറിച്ച് ഖരഗ്പൂർ ഐ.ഐ.ടി വിദ്യാർഥിനി നൈന സിതാര നയിക്കുന്ന സെഷൻ, 12.20ന് എം.എ. കവിത, ഷംന, പി. നമിത വിജയൻ എന്നിവർ നയിക്കുന്ന സൈക്കോളജിക്കൽ ചാറ്റ് ഷോ, 2.30ന് സക്സസ് ചാറ്റ്, 3.30ന് സഹ്ല പർവീൺ നയിക്കുന്ന സക്സസ് ഫുൾ ടീനേജ് സെഷൻ, 4.15ന് രാജ് കലേഷ് നയിക്കുന്ന ലേണിങ് ട്രിക്സ് സെഷൻ എന്നിവയുമുണ്ടാകും.
കൊച്ചി: വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിൽ ഏറ്റവും മികച്ച അറിവ് നേടി ഏറ്റവും ഉയരത്തിലെത്താനുള്ള വഴിയാണ് മാധ്യമം എജുകഫേ ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം എജുകഫേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിയറിന്റെയും വിദ്യാഭ്യാസത്തിന്റെയും വിശാലമായ കാൻവാസാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദ്യയെ യഥാസമയം പുതുക്കാത്തതാണ് പ്രഫഷനലിസം വളരാത്തതിന് പ്രധാന കാരണം. നമ്മുടെ ഡോക്ടർമാരിൽ പലരും അന്താരാഷ്ട്ര ജേണലുകളും പഠനങ്ങളും വീട്ടിൽ വരുത്തുകയല്ലാതെ അതൊന്നും വായിച്ച് അപ്ഡേറ്റാകുന്നില്ല. പകരം, എം.ബി.ബി.എസ് കാലത്ത് പഠിച്ച മരുന്നുകൾ തന്നെ കുറിച്ചുനൽകുന്നു. നമ്മുടെ എൻജിനീയർമാരിൽ പലരും ഇങ്ങനെ തന്നെയാണ്.
എൻജി. കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ തന്നെ ആ കോഴ്സ് കാലഹരണപ്പെടും. പുതിയ കാലത്ത് ഒരുപാട് കണ്ടുപിടിത്തങ്ങളും പുതുക്കലുകളും നടന്നുകൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്രത്തിലെ അടുത്ത തലമുറയെന്നത് നിർമിതബുദ്ധിയുടെ കാലമായിരിക്കും. ഹൃദയശസ്ത്രക്രിയയുൾപ്പെടെ മനുഷ്യെന്റ രോഗനിർണയവും ചികിത്സയുമെല്ലാം എ.ഐ സാങ്കേതികവിദ്യയായിരിക്കും നടത്തുന്നത്. കേരളത്തിനുപുറത്ത് പോയാൽ ഡെൽഹി യൂനിവേഴ്സിറ്റിയിലും മറ്റും ഏറ്റവും കൂടുതൽ മലയാളികളാണുള്ളത്, അതിൽ തന്നെ പെൺകുട്ടികളാണ് ഏറെയുമെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
കൊച്ചി: മാധ്യമം എജുകഫേയിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായി സിവിൽ സർവിസ് സെമിനാർ. ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയാണ് ശ്രദ്ധേയമായത്. സിവിൽ സർവിസ് ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കലക്ടർ വിശദീകരിച്ചു. എൻജിനീയറിങ് വിദ്യാർഥിയിൽനിന്ന് സിവിൽ സർവിസുകാരനിലേക്കുള്ള വളർച്ചയും അദ്ദേഹം വിശദീകരിച്ചു.
സിവിൽ സർവിസിലെ പരീക്ഷാരീതികളെക്കുറിച്ചും അഭിമുഖത്തെക്കുറിച്ചുമാണ് പാനലിലെ മറ്റൊരംഗം ഡോ. എം.സി. ദിലീപ് കുമാർ സംവദിച്ചത്. ശാരീരിക പരിമിതികളോട് പടവെട്ടി സിവിൽ സർവിസ് ടോപ്പറായ അനുഭവമാണ് ഈ വർഷത്തെ റാങ്ക് ജേതാവ് പാർവതി ഗോപകുമാർ പങ്കുവെച്ചത്. പ്രതിസന്ധികളിൽ തളരില്ലെന്ന ദൃഢനിശ്ചയമാണ് സിവിൽ സർവിസ് ആഗ്രഹിക്കുന്നവർ ആദ്യം കൈവരിക്കേണ്ടതെന്നും പാർവതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.