തിരുവനന്തപുരം: കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലേക്ക് മാറിയുള്ള ആദ്യ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ബുധനാഴ്ച തുടങ്ങും. ജൂൺ ഒമ്പത് വരെയാണ് പരീക്ഷ. ഫാർമസി പ്രവേശന പരീക്ഷ ജൂൺ 10നും നടക്കും. കേരളത്തിലെ 130 സ്ഥാപനങ്ങളിലെ 198 കേന്ദ്രങ്ങളിലും ഡൽഹിയിൽ രണ്ടും മുംബൈ, ദുബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രത്തിലും പരീക്ഷ നടക്കും. 1,13,447 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
ആദ്യ ദിവസമായ തിങ്കളാഴ്ച 18,973 പേരാണ് പരീക്ഷക്ക് ഹാജരാകുക. എൻജിനീയറിങ് പ്രവേശന പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും. വിദ്യാർഥികൾ 11.30ന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഒന്നരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. ഫാർമസി പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചവർക്ക് ജൂൺ 10ന് മൂന്നര മുതൽ അഞ്ചു വരെയാണ് പരീക്ഷ. വിദ്യാർഥികൾ ഒന്നിന് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. മൂന്നിന് ശേഷം പ്രവേശനം അനുവദിക്കില്ല. വിദ്യാർഥികൾ പുതുക്കിയ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയും സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും കേന്ദ്രത്തിലെയോ ദിവസത്തെയോ പരീക്ഷ മാറ്റിവെക്കേണ്ടിവന്നാൽ പകരം പരീക്ഷ ജൂൺ 10ന് നടത്തും.
തിരുവനന്തപുരം 14, കൊല്ലം എട്ട്, പത്തനംതിട്ട ഏഴ്, ആലപ്പുഴ എട്ട്, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം 23, തൃശൂർ 16, പാലക്കാട് ഒമ്പത്, മലപ്പുറം ഒമ്പത്, കോഴിക്കോട് 12, വയനാട് മൂന്ന്, കണ്ണൂർ ഒമ്പത്, കാസർകോട് മൂന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പരീക്ഷ സൗകര്യമുള്ള സ്ഥാപനങ്ങളുടെ എണ്ണം. ദുബൈ കേന്ദ്രത്തിൽ ജൂൺ ആറിനും മുംബൈ, ഡൽഹി ഉൾപ്പെടെ മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനു തന്നെയും പരീക്ഷ തുടങ്ങും.
കൂടുതൽ പേർ പരീക്ഷയെഴുതുന്നത് തിരുവനന്തപുരം ജില്ലയിലാണ്; 14,266 പേർ. കൊല്ലം 10,856, ആലപ്പുഴ 6144, പത്തനംതിട്ട 3479, കോട്ടയം 6473, ഇടുക്കി 1593, എറണാകുളം 12,874, തൃശൂർ 11,797, പാലക്കാട് 6998, മലപ്പുറം 11,832, കോഴിക്കോട് 12,596, വയനാട് 1946, കണ്ണൂർ 8837, കാസർകോട് 2703 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ പരീക്ഷയെഴുതുന്നവരുടെ എണ്ണം. മതിയായ എണ്ണം പരീക്ഷ കേന്ദ്രങ്ങളില്ലാത്തതിനാൽ വടക്കൻ കേരളത്തിലെ 7000 വിദ്യാർഥികൾക്ക് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് പരീക്ഷ. 10 ദിവസംകൊണ്ട് പരീക്ഷഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. ----
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.