തിരുവനന്തപുരം: ഹയർ സെക്കൻഡറി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസിൽ മാറ്റാനുള്ള നിർദേശത്തിൽ ഉത്തരവിറക്കാതെ സർക്കാർ. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണർ ഏപ്രിൽ എട്ടിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശിപാർശ സമർപ്പിച്ചെങ്കിലും സിലബസിൽ മാറ്റം വരുത്തിയുള്ള ഉത്തരവിറക്കിയിട്ടില്ല. പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് എൻ.സി.ഇ.ആർ.ടി സിലബസിൽ വെട്ടിക്കുറവ് വരുത്തിയത്. ഈ മാറ്റം എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന കേരളത്തിൽ രണ്ടുവർഷം മുമ്പ് സയൻസ് വിഷയങ്ങളിൽ നടപ്പാക്കിയിരുന്നു.
വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ വിദ്യാർഥികളെ പഠിപ്പിച്ചിരുന്നില്ല. സിലബസിലെ മാറ്റം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി പ്രവേശന പരീക്ഷ കമീഷണറേറ്റിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ പഠിപ്പിക്കാത്ത പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയ സിലബസ് സഹിതമാണ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ വരുന്നത്. എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ പോകാൻ കഴിയാത്ത നിർധന വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന തീരുമാനത്തിൽ വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് സിലബസിൽ മാറ്റം വരുത്താൻ പ്രവേശന പരീക്ഷ കമീഷണർ തീരുമാനിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും ഇതുസംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. പുതുക്കിയ സിലബസ് എസ്.സി.ഇ.ആർ.ടിയിൽ നിന്ന് വാങ്ങിയ ശേഷമാണ് ഇതുസംബന്ധിച്ച് സർക്കാറിലേക്ക് ശിപാർശ സമർപ്പിച്ചത്. എന്നാൽ, ഇതുവരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കാത്തത് ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ സിലബസിലാണ് മാറ്റം വരുത്തേണ്ടത്. ജൂൺ ഒന്നു മുതൽ ഒമ്പതു വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ സിലബസിന്റെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.