തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിക്കുറച്ച പാഠഭാഗങ്ങളുടെ വിശദാംശങ്ങൾ പ്രവേശന പരീക്ഷ കമീഷണർക്ക് വിദ്യാഭ്യാസ വകുപ്പ് കൈമാറി. വെട്ടിക്കുറച്ച പാഠഭാഗങ്ങൾ ഒഴിവാക്കാതെ എൻജിനീയറിങ് പ്രവേശന പരീക്ഷക്കുള്ള ചോദ്യം തയാറാക്കുന്നെന്ന ‘മാധ്യമം’ വാർത്തയെതുടർന്നാണ് നടപടി.
ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ വെട്ടിക്കുറച്ച പാഠഭാഗങ്ങൾ അറിവിലേക്കായി സമർപ്പിക്കുന്നെന്ന് വ്യക്തമാക്കി എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശാണ് പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയത്. പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത് വിദ്യാഭ്യാസ വകുപ്പ് പ്രവേശന പരീക്ഷ കമീഷണറേറ്റിനെ അറിയിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
കുട്ടികളുടെ പഠനഭാരം കുറക്കാൻ ലക്ഷ്യമിട്ട് എൻ.സി.ഇ.ആർ.ടിയാണ് പാഠഭാഗങ്ങളിൽ കുറവ് വരുത്തിയത്. എൻ.സി.ഇ.ആർ.ടി സിലബസ് അനുസരിച്ചുള്ള പാഠപുസ്തകങ്ങളാണ് കേരളത്തിലെ ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിപ്പിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് വിഷയങ്ങളിൽ വരുത്തിയ കുറവ് കേരളത്തിലും നടപ്പാക്കാൻ എസ്.സി.ഇ.ആർ.ടി ഡിസംബറിൽ തീരുമാനിച്ചിരുന്നു.
ഈ പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കിയാണ് ഹയർസെക്കൻഡറി ചോദ്യപേപ്പറുകൾ തയാറാക്കിയത്. എസ്.സി.ഇ.ആർ.ടി തീരുമാനത്തിനുശേഷം മിക്ക സ്കൂളുകളിലും വെട്ടിക്കുറച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചിട്ടില്ല. എൻ.സി.ഇ.ആർ.ടിക്ക് സമാനമായ സിലബസ് തന്നെയാണ് എൻജിനീയറിങ് എൻട്രൻസിനും ഉപയോഗിക്കുന്നത്.
സിലബസിൽ മാറ്റംവരുത്താതെ എൻട്രൻസ് പരീക്ഷ നടത്താനാണ് പ്രോസ്പെക്ടസ് പരിഷ്കരണസമിതി യോഗം തീരുമാനിച്ചത്. ഇതാകട്ടെ സ്കൂളിലെ അധ്യയനത്തിന്റെ ബലത്തിൽ എൻട്രൻസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.