കൂടുതൽ മുസ്‍ലിം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം തേടുന്നത് ദക്ഷിണേന്ത്യയിൽ നിന്ന്; പട്ടികയിൽ യു.പിയും ഹരിയാനയും രാജസ്ഥാനും പിന്നിൽ

മുസ്‍ലിം സമുദായങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ നിരക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്ന് പഠനം. എന്നാൽ ഉത്തർ പ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നിരക്ക് വളരെ കുറവാണ്.

നാഷനൽ യൂനിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ (എൻ.ഐ.ഇ.പി.എ) എജ്യുക്കേഷനൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (ഇ.എം.ഐ.എസ്) മേധാവിയായിരുന്ന മുൻ പ്രഫസർ അരുൺ സി മേത്തയുടെ സ്റ്റേറ്റ് ഓഫ് മുസ്‍ലിം എജ്യൂക്കേഷൻ ഇൻ ഇന്ത്യ എന്ന പഠനത്തിലാണ് ഈ വിവരം.

ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ഡാറ്റാബേസായ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസിൽ നിന്നുള്ള 2020-21, 2021-22 ഡാറ്റയുടെയും അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേയിൽ നിന്നുള്ള 2020-21 ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് പഠനം സമാഹരിച്ചത്. ഇത് രണ്ടും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2016-17 അധ്യയന വർഷത്തിൽ 17,39,218 മുസ്‍ലിം വിദ്യാർഥികളാണ് ഉന്നത പഠനത്തിന് ചേർന്നത്. 2019-20 ൽ വിദ്യാർഥികളുടെ എണ്ണം 21,00,860 ആയി വർധിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ഈ നിരക്കിൽ ഇടിവുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിനെത്തിയ മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം 19,21,713 ആയിരുന്നു. ആ വർഷം 1,79,147 വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.

18 നും 23 നും ഇടയിൽ പ്രായമുള്ള മുസ്‍ലിം വിദ്യാർഥികളുടെ മൊത്തം എൻറോൾമെന്റ് അനുപാതത്തിന്റെ ദേശീയ ശരാശരി 8.41 ശതമാനം ആയിരുന്നു. അതിൽ 9.43 ശതമാനം സ്ത്രീകളും 8.44% പുരുഷൻമാരുമായിരുന്നു. ആന്ധ്രപ്രദേശ്, കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ മുസ്‍ലം വിദ്യാർഥികളുടെ അനുപാതം വള​രെ ഉയർന്നതാണ്. ഇതിൽ തെലങ്കാനയാണ് ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ തമിഴ്നാടും. അടുത്തത് കേരളവും. കേരളത്തിൽ നിന്ന് 20 ശതമാനം മുസ്‍ലിം വിദ്യാർഥികളാണ് ഉന്നത പഠനത്തിന് എത്തുന്നത്. അതിൽ 25 ശതമാനവും സ്ത്രീകളാണ്. കേരളം കഴിഞ്ഞാൽ കർണാടകയാണ് ഈ പട്ടികയിൽ അടുത്തത്. അവിടെ നിന്ന് 15.78 ശതമാനം മുസ്‍ലിം വിദ്യാർഥികൾ ഉന്നപഠനത്തിന് എത്തുന്നു.

കേന്ദ്രഭരണപ്രദേശങ്ങളുടെ കാര്യമെടുക്കുമ്പോൾ പുതുച്ചേരിയിലെ മുസ്‍ലിം വിദ്യാർഥികളിൽ 25 ശതമാനത്തിലേറെ പേർ ഉന്നത പഠനത്തിന് ചേർന്നതായി പഠനത്തിലുണ്ട്. ലക്ഷദ്വീപിൽ നിന്ന് നാലുശതമാനം പേർ മാത്രമാണ് ഉന്നത പഠനത്തിന് എത്തിയത്.

അതേസമയം, യു.പി, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഹിമാചൽ ​പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ ഉന്നത പഠനത്തിന് പോകുന്ന മുസ്‍ലിം വിദ്യാർഥികളുടെ എണ്ണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇക്കൂട്ടത്തിൽ ഝാർഖണ്ഡിൽ നിന്നാണ് ഏറ്റവും കൂടുതൽ മുസ്‍ലിം വിദ്യാർഥികൾ ഉന്നത പഠനത്തിന് ചേർന്നത്. തൊട്ടുപിന്നിൽ ഉത്തരാഖണ്ഡും മൂന്നാംസ്ഥാനത്ത് ഡൽഹിയുമാണ്. ഡൽഹിയിൽ മുസ്‍ലിം സമുദായത്തിൽനിന്നുള്ള 7.9 ശതമാനം വിദ്യാർഥികളാണ് കോളജ് വിദ്യാഭ്യാസത്തിന് ചേർന്നത്. തൊട്ടുപിന്നിൽ ഛത്തീസ്ഗഢും മധ്യപ്രദേശുമാണ്. അതിനു പിന്നാലെ ബിഹാറും യു.പിയുമുണ്ട്. രാജസ്ഥാനും ഹരിയാനയുമാണ് ആണ് ഈ പട്ടികയിൽ ഏറ്റവും മോശം സ്ഥാനത്ത്.

Tags:    
News Summary - Enrolment into Higher Education Among Muslims Falls, North India Lags Behind the South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.