പാലക്കാട്: പരീക്ഷകൾ വൈകുന്നതിനാൽ 2020 ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് ആശങ്ക. കോഴ്സ് പൂർത്തിയാക്കാൻ കാലതാമസം വരുന്നതിനാൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ സമയക്രമമനുസരിച്ച് പി.ജി പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. കോവിഡ് കാലത്താരംഭിച്ച 2020 ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ കോഴ്സ് നിശ്ചിത സമയത്തേക്കാളും നാലു മാസം വൈകി 2021 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ദേശീയ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) പുറത്തിറക്കിയ സമയക്രമപ്രകാരം അവസാന വർഷ പരീക്ഷകൾ 2025 ഫെബ്രുവരിയോടെ പൂർത്തിയാക്കി മാർച്ചിൽ ഇന്റേൺഷിപ് ആരംഭിച്ച് 2026 ഫെബ്രുവരിയോടെ കോഴ്സ് പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, ദേശീയ മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും തമ്മിൽ നാഷനൽ എക്സിറ്റ് ടെസ്റ്റ് പരീക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം കാരണം മൂന്നാം വർഷം പൂർത്തിയാക്കേണ്ട വിഷയങ്ങൾ നാലാം വർഷത്തിലേക്കു മാറ്റി.
എന്നാൽ, വിദേശ സർവകലാശാലകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്കായി നടത്തുന്ന നാഷനൽ എക്സിറ്റ് ടെസ്റ്റ് 2020 ബാച്ച് മുതൽ ഇന്ത്യയിലെ മെഡിക്കൽ വിദ്യാർഥികൾക്കും ബാധകമാക്കിയത് തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന തീരുമാനം വന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ മൂന്നാം വർഷംതന്നെ ഈ പരീക്ഷകൾ പൂർത്തിയാക്കി.
എന്നാൽ, ആരോഗ്യ സർവകലാശാല തീരുമാനം വരുന്നതിന് മുമ്പുതന്നെ പരീക്ഷകൾ മാറ്റി. ഒക്ടോബർ നാലിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മൂന്നാം വർഷത്തിലെ ഈ പരീക്ഷകൾ 2025 മേയിലും നാലാം വർഷ പരീക്ഷകൾ 2025 ജൂലൈയിലും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ഇന്റേൺഷിപ്/ഹൗസ് സർജൻസി തുടങ്ങാനും പൂർത്തിയാകാനുമുള്ള സമയം വൈകുകയും തുടർപഠനത്തിനുള്ള ഒരു വർഷം നഷ്ടമാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.