കണ്ണൂർ: പെരുന്നാൾ ദിനാഘോഷങ്ങൾക്കിടെ നടക്കുന്ന കണ്ണൂർ സർവകലാശാല പരീക്ഷകളിൽ ആശങ്കയിലായി വിദ്യാർഥികൾ. തിങ്കളാഴ്ച തുടങ്ങുന്ന നാലാം സെമസ്റ്റർ പരീക്ഷകളാണ് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. വരുന്ന ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും കേരളത്തിൽ പെരുന്നാൾ ആഘോഷം. എന്നാൽ തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾക്ക് മതിയായ തയാറെടുപ്പ് ലഭിക്കില്ലെന്നും പെരുന്നാൾ ആഘോഷത്തിന് ഇതു സാരമായി ബാധിക്കുമെന്നും വിദ്യാർഥികൾ ആശങ്കപ്പെടുന്നു.
കാലിക്കറ്റ് സർവകലാശാലയിലും ഇതിനുസമാനമായി പെരുന്നാൾ തലേന്നും പിറ്റേന്നും പരീക്ഷകൾ പ്രഖ്യാപിക്കുകയും വിവാദമായതോടെ മാറ്റിവെക്കുകയും ചെയ്തിരുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 150ലധികം കോളജുകളിലാണ് തിങ്കളാഴ്ച നാലാം സെമസ്റ്റർ പരീക്ഷകൾക്ക് തുടക്കമാകുന്നത്. നിരവധി വിദ്യാർഥികളാണ് ദൂരദിക്കിൽ നിന്നടക്കമെത്തി ഹോസ്റ്റലിൽനിന്ന് കോളജിലെത്തുന്നത്. പെരുന്നാളിന് തലേന്നും പിറ്റേന്നും പരീക്ഷകൾ നടക്കുന്നതോടെ ഈ വിദ്യാർഥികൾക്ക് പെരുന്നാൾ ആഘോഷം ഒഴിവാക്കി പരീക്ഷക്കായി ഹോസ്റ്റലിലെത്തേണ്ട അവസ്ഥയാണ്.
കൂടാതെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പല വിദ്യാർഥികൾക്കും മതിയായി മുന്നൊരുക്കം നടത്താൻ കഴിയാതെയും വരും. പെരുന്നാൾ ദിനാഘോഷങ്ങളിൽ പരീക്ഷകൾ നടക്കരുതെന്ന് സർക്കാർ ഉത്തരവ് കാറ്റിൽപറത്തിയാണ് സർവകലാശാല നാലാംസെമസ്റ്റർ പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംഭവത്തിൽ മുസ്ലിം സംഘടനകളും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആറാം സെമസ്റ്ററിന്റെ കൂടെ തന്നെ നാലാം സെമസ്റ്ററിന്റെയും മൂല്യനിർണയ ക്യാമ്പുകൾ നടത്തി അവസാന വർഷ വിദ്യാർഥികൾക്ക് വേഗത്തിൽ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ എഴുതാൻ സൗകര്യമേർപ്പെടുത്താനാണ് പരീക്ഷകൾ നടത്തുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.