കണ്ണൂരിൽ പരീക്ഷ ഫലം ചോർന്ന് വാട്സ്ആപ് ഗ്രൂപ്പിൽ; തങ്ങളെ പഴിചാരി പുകമറ സൃഷ്ടിക്കുന്നുവെന്ന് ദേവമാത കോളജ്

കണ്ണൂർ: കണ്ണൂർ സർവകലാശാല നാലുവർഷ ഡിഗ്രി കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം ചോർന്നുവെന്ന് പരാതി. ഇന്നലെ ഉച്ചമുതൽ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ പരീക്ഷഫലം പ്രചരിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ടാണ് ഔ​ദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. പൈസക്കരി ദേവമാത കോളജിൽ നിന്നാണ് ഫലം പുറത്തുവന്നതെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. എന്നാൽ, സർവകലാശാലക്കാണ് പിഴവ് സംഭവിച്ചതെന്നും തങ്ങളെ പഴിചാരി പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ദേവമാത കോളജ് പ്രിൻസിപ്പ​ൽ ഡോ. എം.ജെ. മാത്യു പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ഫലം പ്രഖ്യാപിക്കുമെന്ന് സർവകലാശാല നേരത്തേ അറിയിച്ചിരുന്നെങ്കിലും വൈകീട്ട് ഏഴുവരെയും ഫലം പ്രഖ്യാപിച്ചില്ല. ഇതിനിടെ ഇന്നലെ ഉച്ചയോടെ ഫലം പ്രചരിക്കുകയായിരുന്നു. തങ്ങൾക്ക് ഉച്ച രണ്ടുമണിക്ക് തന്നെ സർവകലാശാല അധികൃതർ ഫലം ലഭ്യമാക്കിയിരുന്നുവെന്നും ഇത് വിദ്യാർഥികൾക്ക് ​കൈമാറുകയായിരുന്നുവെന്നും ഡോ. എം.ജെ. മാത്യു പറഞ്ഞു. എന്നാൽ, വൈകീട്ട് 4 മണിക്കാണ് സർവകലാശാലയിൽനിന്ന് വിളിച്ച് ഫലം പുറത്തുവിടരുതെന്ന് പറഞ്ഞത്. ഇതിനകം തന്നെ ഫലം കുട്ടികൾക്ക് കൈമാറിയതായി സർവകലാശാലയെ അറിയിക്കുകയും ചെയ്തു. സർവലാശാലക്ക് സംഭവിച്ച പിഴവ് മറച്ചുവെക്കാൻ തങ്ങളെ പഴിചാരി പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നത് സംബന്ധിച്ച് കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഗുരുതര പിഴവ് ശ്രദ്ധയിൽപെട്ട ഉടനെ പരീക്ഷ കൺട്രോളർ ബി. മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോൾ സർവകലാശാല ഫലം പ്രഖ്യാപിച്ചിട്ടില്ലെന്നും എപ്പോൾ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. കോളജ് തലത്തിലാണ് മൂല്യനിർണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സർവകലാശാലയാണെന്നും മുഹമ്മദ് ഷമ്മാസിനോട് വൈകീട്ട് ആറുമണിക്ക് കൺട്രോളർ വ്യക്തമാക്കി. എന്നാൽ, വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ വിഷയത്തിന്റെ അപകടം മനസ്സിലാക്കിയ സർവകലാശാല അധികൃതർ ഏഴുമണിയോടുകൂടി തിരക്കിട്ട് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു. 

Tags:    
News Summary - Kannur University Exam result in whatsapp group before declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.