തിരുവനന്തപുരം: രാജ്യത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സംയോജിത അധ്യാപന പരിശീലന കോഴ്സുകൾക്ക് വഴിതുറന്ന് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ). നിലവിലുള്ള ടീച്ചർ ട്രെയിനിങ് കോളജുകളെ മാറ്റിനിർത്തിയാണ് നാലുവർഷം ദൈർഘ്യമുള്ള ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് (െഎ.ടി.ഇ.പി) അപേക്ഷ ക്ഷണിച്ചത്. നിലവിൽ സമ്മിശ്ര കോഴ്സുകൾ നടത്തുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകളാണ് സംയോജിത കോഴ്സിനായി അപേക്ഷിക്കേണ്ടത്.
ആർട്സ്, സയൻസ് സ്ട്രീമുകളിലായി അടുത്ത അധ്യയന വർഷം കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. കോഴ്സിനായുള്ള വിശദ നിയമാവലിയും എൻ.സി.ടി.ഇ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി/തത്തുല്യ കോഴ്സുകൾ 50 ശതമാനം മാർക്കിൽ കുറയാതെ പാസായവർക്കാണ് സംയോജിത ടീച്ചർ പരിശീലന കോഴ്സിേലക്ക് പ്രവേശനം. നാലുവർഷമായി എട്ട് സെമസ്റ്റർ ൈദർഘ്യമുള്ളതായിരിക്കും കോഴ്സ്. ഒാരോ കോഴ്സിലും 50 വിദ്യാർഥികൾക്കാവും പ്രവേശനം. എൻ.സി.ടി.ഇ പ്രസിദ്ധീകരിക്കുന്ന മാതൃക പാഠ്യപദ്ധതി അടിസ്ഥാനമാക്കി സർവകലാശാലകൾക്ക് പാഠ്യപദ്ധതി തയാറാക്കാം. കോഴ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ഡിസംബർ മൂന്നിനും 31നും ഇടയിൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം.
നിലവിലെ ബി.എഡ് കോഴ്സിന് പകരം നാലുവർഷം ദൈർഘ്യമുള്ള ബിരുദ-ബി.എഡ് സംയോജിത കോഴ്സ് ആരംഭിക്കുമെന്ന് നേരത്തേ തന്നെ എൻ.സി.ടി.ഇ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ സംയോജിത കോഴ്സ് ആരംഭിക്കുന്നതിന് കൂടിയാലോചനകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി ഒരുതവണ യോഗം ചേർന്നതല്ലാതെ നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതിനിടെയാണ് ട്രെയിനിങ് കോളജുകളെ ഒഴിവാക്കി ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സംയോജിത കോഴ്സ് തുടങ്ങാനുള്ള തീരുമാനം വരുന്നത്. പുതിയ സാഹചര്യത്തിൽ വിദഗ്ധ സമിതി വൈകാതെ യോഗം ചേർന്ന് നടപടി സ്വീകരിക്കേണ്ടിവരും. പുതിയ കോഴ്സ് വരുന്നതോടെ നിലവിലുള്ള ട്രെയിനിങ് കോളജുകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.