മലപ്പുറം: അടുത്ത അഞ്ച് വർഷത്തിനിടെ 1000 വിദ്യാർഥികൾക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാൻ മലപ്പുറം നഗരസഭ ആവിഷ്കരിച്ച 'മിഷന് 1000' പദ്ധതിയുടെ ആദ്യഘട്ടം വൻ വിജയം.നഗരസഭ പരിധിയിലെയും പരിസര പഞ്ചായത്തുകളിലെയും 40ഓളം വിദ്യാർഥികൾ ഇനി ഡൽഹി സർവകലാശാലയിൽ പഠിക്കും. 'മിഷന് 1000' പദ്ധതിയുടെ ഭാഗമായി എക്സലന്‍സ് ഗാതറിങ്ങിൽ പങ്കെടുക്കുകയും തുടർന്ന് ലഭിച്ച നിർദേശങ്ങൾ പ്രകാരം അപേക്ഷിക്കുകയും ചെയ്തവർക്കാണ് സർവകലാശാലക്ക് കീഴിലെ വിവിധ കോളജുകളിൽ പ്രവേശനം ലഭിക്കുന്നത്. മലപ്പുറം നഗരസഭയിൽനിന്ന് 32ഉം സമീപ പഞ്ചായത്തുകളിൽനിന്ന് ആറും പേരുണ്ട്.
മലപ്പുറത്തുനിന്ന് പരമാവധി വിദ്യാർഥികൾക്ക് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പ്രചോദനം നൽകുകയും പശ്ചാത്തലമൊരുക്കുകയുമാണ് മൂന്നു മാസം മുമ്പ് നഗരസഭ ആരംഭിച്ച 'മിഷന് 1000' പദ്ധതിയുടെ ലക്ഷ്യം. അപേക്ഷിക്കേണ്ട രീതി, സമയം, പ്രവേശന പരീക്ഷക്ക് തയാറെടുക്കല്, പ്രവേശനരീതി എന്നിവ വിദ്യാർഥികളെ ക്ലസ്റ്ററുകളായി തിരിച്ച് സമയാസമയങ്ങളിൽ അറിയിക്കുന്നുണ്ട്.
മുമ്പ് ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരെ പങ്കെടുപ്പിച്ചാണ് എക്സലന്‍സ് ഗാതറിങ് സംഘടിപ്പിച്ചത്. ഈ വർഷം ഡൽഹി സർവകലാശാലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രവേശനം ലഭിച്ചവരെ അടുത്തയാഴ്ച നടക്കുന്ന ചടങ്ങിൽ അനുമോദിക്കുമെന്നും നഗരസഭ അധ്യക്ഷൻ മുജീബ് കാടേരിയും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീമും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.