തിരുവനന്തപുരം: സർക്കാർ സമിതി, ഉദ്യോഗസ്ഥതല റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ച് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ വീണ്ടും ചെപ്പടിവിദ്യയുമായി സർക്കാർ. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കാൻ ശിപാർശ ചെയ്യുന്ന പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെയും കുട്ടികളില്ലാത്ത 105 ബാച്ചുകൾ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലേക്ക് മാറ്റണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ശിപാർശകൾ മാറ്റിവെച്ചാണ് ക്ലാസ് മുറികളിൽ കുട്ടികളെ കുത്തിനിറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കളമൊരുക്കുന്നത്.
വടക്കൻ ജില്ലകളിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിച്ച് നടപടിയെടുക്കുമെന്ന് നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകിയിരുന്നു. പിന്നാലെയാണ് വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചത്. അധിക ബാച്ചിനും കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റാനും സമിതി ശിപാർശ നൽകി. സമിതി റിപ്പോർട്ടിൽ നടപടിക്ക് തടസ്സങ്ങളുണ്ടെന്ന രീതിയിലാണ് മന്ത്രി പ്രതികരിച്ചത്.
സീറ്റ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞവർഷം വരെ നടത്തിയ രീതിയിൽ 30 ശതമാനം വരെ സീറ്റ് വർധിപ്പിച്ചും 2021ൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പഠിക്കാൻ ആവശ്യമായ കുട്ടികളില്ലെന്ന് കണ്ടെത്തിയ 105 ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റുന്നതിലും സർക്കാർ തീരുമാനം വൈകുമെന്നാണ് സൂചന.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിദ്യാർഥികളെ ഇത്തവണയും സീറ്റ് ക്ഷാമം വലക്കും. സ്റ്റേറ്റ് സിലബസിൽ പത്താംതരം പഠിച്ച വിദ്യാർഥികളിൽ നല്ലൊരു ശതമാനത്തിനും ഈ ജില്ലകളിൽ സീറ്റുണ്ടാകില്ല. ഇതിനുപുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച അപേക്ഷകർകൂടി എത്തുന്നതോടെ സീറ്റ് ക്ഷാമം വർധിക്കും. മലപ്പുറം ജില്ലയിലാണ് സീറ്റ് ക്ഷാമം ഏറ്റവും രൂക്ഷം. ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചത് 77,827 പേർ. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ജില്ലയിലുള്ളത് 41950 സീറ്റാണ്.
11,300 അൺഎയ്ഡഡ് സീറ്റുകൾ കൂടി ചേർന്നാൽ 53,250 ആകും. ഉയർന്ന ഫീസ് നൽകി പഠിക്കേണ്ട അൺഎയ്ഡഡ് സീറ്റുകൾ കൂടി പരിഗണിച്ചാൽ പോലും മലപ്പുറത്ത് കാൽ ലക്ഷം വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ല. താൽക്കാലിക ബാച്ചുകളും വി.എച്ച്.എസ്.ഇ, പോളിടെക്നിക് സീറ്റുകളും കൂടി ഉൾപ്പെടുത്തിയാലും ജില്ലയിലെ സീറ്റ് ക്ഷാമം 20,000ത്തോളം വരും.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണവും അൺഎയ്ഡഡ് സ്കൂളിലേതുൾപ്പെടെയുള്ള സീറ്റുകളും തമ്മിലുള്ള അന്തരം 63,452 ആണ്. മറ്റ് ഉപരിപഠന സാധ്യതകൾകൂടി പരിഗണിച്ചാൽ സീറ്റുകളുടെ കുറവ് അരലക്ഷത്തിന് മുകളിലായിരിക്കും.താൽക്കാലിക ബാച്ചുകളും സീറ്റ് വർധനയും കൂടി പരിഗണിച്ചാൽ വടക്കൻ ജില്ലകളിൽ 40,000ന് മുകളിൽ കുട്ടികൾക്ക് സീറ്റുണ്ടാകില്ല.
തിരുവനന്തപുരം: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഉപരിപഠന സാധ്യത സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തുവിട്ട കണക്കുകൾ മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം മറച്ചുപിടിക്കുന്നത്. എസ്.എസ്.എൽ.സി ജയിച്ച 4,17,077 പേർക്കായി വിവിധ കോഴ്സുകളിൽ 4,65,141 സീറ്റുണ്ടെന്നാണ് ഫലം പ്രഖ്യാപിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്.
ഹയർ സെക്കൻഡറിയിൽ 3,60,692ഉം വി.എച്ച്.എസ്.ഇയിൽ 33,030ഉം പോളിടെക്നിക്കിൽ 9990ഉം ഐ.ടി.ഐയിൽ 61,429 ഉം സീറ്റുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഈ സീറ്റുകളുടെ ജില്ല തിരിച്ച കണക്ക് മറച്ചുവെച്ചാണ് സീറ്റ് ക്ഷാമമുണ്ടാകില്ലെന്ന ധാരണ പരത്താൻ ശ്രമിച്ചത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സീറ്റ് കൂടുതലും പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കുറവുമാണ്. കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റാനുള്ള ശിപാർശ നടപ്പാക്കുന്നതിൽ സാമൂഹിക ചർച്ച ആവശ്യമാണെന്ന നിലപാടിലാണ് മന്ത്രി.ഏതാനും വർഷങ്ങളായി കുട്ടികളില്ലാത്ത ബാച്ചുകൾ മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്യുന്നുണ്ടെങ്കിലും നടപടികൾ തുടങ്ങിയശേഷം രാഷ്ട്രീയ, സാമുദായിക സംഘടന നേതൃത്വങ്ങളിൽനിന്ന് ഉണ്ടാകുന്ന സമ്മർദംമൂലം ഇത് ഉപേക്ഷിക്കുകയായിരുന്നു.
കുട്ടികൾ കുറവുള്ള ഒന്നിലധികം ബാച്ചുള്ളിടത്ത് ക്ലബ് ചെയ്ത് ഒരു ബാച്ച് മാറ്റി നൽകാനുള്ള ശിപാർശ പോലും സർക്കാർ നടപ്പാക്കാറില്ല. കുട്ടികളില്ലെന്ന് കണ്ടെത്തിയ 105 ബാച്ചുകളിൽ 14 എണ്ണം ഈ രൂപത്തിൽ ക്ലബ് ചെയ്ത് പ്രവേശന നടപടികൾ ആരംഭിക്കുംമുമ്പ് മാറ്റി നൽകാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.