കെ. നൗഫൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ബിരുദ പരീക്ഷകളുടെ ദൈർഘ്യം മൂന്നിൽനിന്ന് ഒന്നര മുതൽ രണ്ടു മണിക്കൂർ വരെയായി ചുരുക്കാൻ നിർദേശം. അടുത്ത വർഷം സർവകലാശാലകളിലും കോളജുകളിലും പൂർണമായി നടപ്പാക്കുന്ന നാലു വർഷ ബിരുദ കോഴ്സുകൾക്കായി ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിലാണ് (പാഠ്യപദ്ധതി ചട്ടക്കൂട്) സെമസ്റ്റർ അവസാനത്തിൽ നടത്തുന്ന പരീക്ഷകളുടെ സമയം ചുരുക്കാനുള്ള നിർദേശമുള്ളത്.
ചുരുങ്ങിയത് ഒന്നര മണിക്കൂറും പരമാവധി രണ്ടു മണിക്കൂറുമുള്ള പരീക്ഷയാണ് കരിക്കുലം കമ്മിറ്റി നിർദേശിക്കുന്നത്. എല്ലാ സെമസ്റ്ററുകളിലും നിരന്തര മൂല്യനിർണയത്തിന് അവസരമുണ്ടാകണം. വിദ്യാർഥിയെ വിലയിരുത്തുന്നതിൽ നിരന്തര മൂല്യനിർണയം 40 ശതമാനം വരെയാകാമെന്നും കരിക്കുലം ഫ്രെയിംവർക്കിൽ പറയുന്നു. നിലവിൽ എഴുത്തുപരീക്ഷക്ക് 80 ശതമാനവും നിരന്തര മൂല്യനിർണയത്തിന് 20 ശതമാനവുമാണ് മാർക്ക്. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായി ഒരു ലൈബ്രറി അസൈൻമെന്റും നിർദേശിക്കുന്നുണ്ട്. ചുമതലയുള്ള അധ്യാപകൻ നടത്തുന്ന ക്ലാസ് പരീക്ഷയും സെമസ്റ്ററിന് ഇടയിലുള്ള പരീക്ഷകളും നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കാം.
സെമസ്റ്റർ അവസാനത്തിൽ എഴുത്ത്, കമ്പ്യൂട്ടർ അധിഷ്ഠിതം, വാചാ, പ്രായോഗിക പരീക്ഷ സാധ്യതകൾ ഉപയോഗിക്കാം. വിദ്യാർഥികൾ നേരിട്ട് ഹാജരായുള്ള രീതിയിലോ ഓൺലൈൻ രീതിയിലോ പരീക്ഷ നടത്താം. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ പ്രകടനം ഒരു അധ്യാപകനോ അധ്യാപകരുടെ സംഘമോ ചേർന്ന് വിലയിരുത്താം. വിദ്യാർഥിക്ക് പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നതായിരിക്കണം വിലയിരുത്തലും മൂല്യനിർണയവും.
ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കി നൽകിയ കരിക്കുലം ഫ്രെയിംവർക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സർവകലാശാലകൾ നാലു വർഷ ബിരുദ കോഴ്സുകൾക്കുള്ള പാഠ്യപദ്ധതി ഉൾപ്പെടെ തയാറാക്കുക. നേരത്തേ സംസ്ഥാന സർക്കാർ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷൻ ഓപൺ ബുക്ക് പരീക്ഷ രീതിക്ക് ശിപാർശ ചെയ്തിരുന്നെങ്കിലും കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിൽ ഈ രീതി നിർദേശിച്ചിട്ടില്ല.
കേരള സർവകലാശാലയിൽ ഈ വർഷം നാലു ബിരുദ കോഴ്സുകൾ നാലു വർഷ രീതിയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും അവയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലും നാലു വർഷ ബിരുദ കോഴ്സ് തുടങ്ങാനും സർക്കാർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.