ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബി.ടെക് പ്രവേശനം

ബഹിരാകാശ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ദേശീയതലത്തില്‍ പ്രശസ്തിയാര്‍ജിച്ച സ്ഥാപനമാണ് തിരുവനന്തപുരം വലിയ മലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി അഥവാ ഐ.ഐ.എസ്.ടി. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ ഈ സ്ഥാപനം ഒരു കല്‍പിത സര്‍വകലാശാല കൂടിയാണ്. ഐ.ഐ.എസ്.ടി കാമ്പസില്‍ മികച്ച പഠന സൗകര്യങ്ങളാണുള്ളത്.
ഇവിടെ നാലുവര്‍ഷത്തെ ഫുള്‍ടൈം റെഗുലര്‍ ബി.ടെക് കോഴ്സുകളില്‍ എയ്റോ സ്പേസ് എന്‍ജിനീയറിങ്, ഏവിയോണിക്സ് ബ്രാഞ്ചുകളിലാണ് പഠനാവസരം. 
അഞ്ചുവര്‍ഷത്തെ ഡ്യുവല്‍ ഡിഗ്രി ബി.ടെക് + എം.എസ്, എം.ടെക് കോഴ്സില്‍ എന്‍ജിനീയറിങ് ഫിസിക്സ്, ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, ഒപ്ടിക്കല്‍ എന്‍ജിനീയറിങ് ഡിസിപ്ളിനുകള്‍ പഠിക്കാം.  നാലുവര്‍ഷം ബി.ടെക് കോഴ്സില്‍ ഓരോ ബ്രാഞ്ചിലും  60 സീറ്റുകള്‍ വീതവും ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമില്‍ 20 സീറ്റുകളാണുള്ളത്.
ഈ കോഴ്സിലേക്കുള്ള അഡ്മിഷന്‍ ജെ.ഇ.ഇ മെയിനില്‍ യോഗ്യത നേടുന്നവര്‍ക്കാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കാവുന്നത്. പ്രവേശന മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന ഐ.ഐ.എസ്.ടി അഡ്മിഷന്‍ ബ്രോഷര്‍ 2017 ഏപ്രില്‍ 30ന് www.iist.ac.in/admission/undergraduate എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
ഐ.ഐ.എസ്.ടി അഡ്മിഷന്‍ വെബ്പോര്‍ട്ടല്‍ 2017 മേയ് 22 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ജൂണ്‍ 12 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യം ലഭിക്കും. അഡ്മിഷന്‍ കൗണ്‍സലിങ് 2017 ജൂണ്‍ നാലാം വാരം ആരംഭിക്കും.
ഇന്ത്യന്‍ പൗരന്മാര്‍ക്കു മാത്രമേ കോഴ്സുകളില്‍ പ്രവേശനമുള്ളൂ. അപേക്ഷകര്‍ 1992 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരായിരിക്കണം. 1987 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ച പട്ടികജാതി/ വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പെടുന്നവര്‍ക്ക് അപേക്ഷിക്കാം. 
ഐ.ഐ.എസ്.ടി അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പ്ളസ് ടു, തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഉള്‍പ്പെടെ അഞ്ചു വിഷയങ്ങളില്‍ മൊത്തം 75 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്ക് ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017 പരീക്ഷകളില്‍ പങ്കെടുത്ത് ഐ.ഐ.എസ്.ടി അഡ്മിഷന് ശ്രമിക്കാം.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017ല്‍ ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഓരോന്നിനും അഞ്ചു ശതമാനത്തില്‍ കുറയാതെയും മൊത്തത്തില്‍ 20 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടിയാല്‍ മാത്രമേ ഐ.ഐ.എസ്.ടി പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പെടുന്നവര്‍ യഥാക്രമം 4.5 ശതമാനം, 18 ശതമാനം എന്നിങ്ങനെയും പട്ടികജാതി, വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ യഥാക്രമം 2.5 ശതമാനം, 10 ശതമാനം എന്നിങ്ങനെയും മാര്‍ക്ക് നേടണം.
ഐ.ഐ.എസ്.ടി അഡ്മിഷനായി യഥാസമയം പ്രത്യേകം രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തിയാണ് അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് തയാറാക്കപ്പെടുക.
മേല്‍പറഞ്ഞ പ്രോഗ്രാമുകളില്‍ 10ല്‍ 7.5 സി.ജി.പി.എയില്‍ കുറയാതെ ബിരുദമെടുക്കുന്നവരെ ഐ.എസ്.ആര്‍.ഒ, ബഹിരാകാശ വകുപ്പിന് കീഴില്‍ ലഭ്യമാകുന്ന സയന്‍റിസ്റ്റ്, എന്‍ജിനീയര്‍ ഒഴിവുകളില്‍ നിയമനത്തിന് പരിഗണിക്കും. ഐ.എസ്.ആര്‍.ഒ റിക്രൂട്ട്മെന്‍റ് ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാവും നിയമനം. കൂടുതല്‍ വിവരങ്ങള്‍ www.iist.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.