ഐ.ഐ.എം ഇന്ദോറില്‍ മാനേജ്മെന്‍റ് ഫെലോ പ്രോഗ്രാം

മാനേജ്മെന്‍റ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഇന്ദോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം) ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്മെന്‍റ് (എഫ്.പി.എം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ ഡിസംബര്‍ 30വരെ സ്വീകരിക്കും. അക്കാദമിക് മികവും മാസ്റ്റേഴ്സ് ഡിഗ്രിയും പ്രഫഷനല്‍ എക്സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എഫ്.പി.എം 2017ലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 27,000 മുതല്‍ 33,000 രൂപവരെ സ്റ്റൈപന്‍ഡും കണ്ടിന്‍ജന്‍സി ഗ്രാന്‍റായി ലക്ഷം രൂപയും ഇന്‍റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഗ്രാന്‍റായി രണ്ടുലക്ഷം രൂപയും ലഭിക്കുന്നതാണ്. താമസം സൗജന്യം.
ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഇക്കണോമിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്മെന്‍റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, സ്ട്രാറ്റജിക് മാനേജ്മെന്‍റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മുതലായ വിഷയങ്ങളാണ് FPM-2017ലെ സ്പെഷലൈസേഷനുകള്‍. ഏതെങ്കിലുമൊരു വിഷയം സ്പെഷലൈസ് ചെയ്ത് പഠിക്കാം. അപേക്ഷാ ഫീസ് 750 രൂപയാണ്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ളിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി/കോസ്റ്റ് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ് യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബിരുദതലത്തിലും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ഏതെങ്കിലും ബ്രാഞ്ചില്‍ അക്കാദമിക് മികവുള്ള ബി.ഇ/ബി.ടെക്/ബി.ആര്‍ക്/എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍/ഫൈനല്‍ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ www.iimidr.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ ഓണ്‍ലൈനായി www.iimidr.ac.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. 
അപേക്ഷകരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി എഴുത്തുപരീക്ഷക്ക് വിധേയമാക്കും. 2017 ഫെബ്രുവരി 26 ഞായറാഴ്ച നടത്തുന്ന എഴുത്തുപരീക്ഷയില്‍ രണ്ട് ഭാഗങ്ങളുണ്ടാകും. പാര്‍ട്ട് ഒന്നില്‍ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള റിസര്‍ച് അഭിരുചി പരീക്ഷയാണ്. 
പാര്‍ട്ട് രണ്ടിലെ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ക്വാണ്ടിറ്റേറ്റിവ് ആപ്്റ്റിറ്റ്യൂഡ്, വെര്‍ബല്‍ എബിലിറ്റി, ഡാറ്റാ ഇന്‍റര്‍പ്രട്ടേഷന്‍, റീസണിങ് എന്നിവയിലെ പ്രാഗല്ഭ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. എന്നാല്‍, ഐ.ഐ.എം-കാറ്റ് 2016ല്‍ സ്കോര്‍ നേടുന്ന പക്ഷം എഴുത്തുപരീക്ഷയിലെ പാര്‍ട്ട് രണ്ട് എഴുതേണ്ടതില്ല.
എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അക്കാദമിക് മികവും എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയിലെ മികവും കണക്കിലെടുത്താണ് അന്തിമതെരഞ്ഞെടുപ്പ്. വര്‍ക് എക്സ്പീരിയന്‍സും പരിഗണിക്കപ്പെടും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 50,000 രൂപ ഡെപ്പോസിറ്റായി നല്‍കണം.
എഫ്.പി.എം ഇന്‍ഡസ്ട്രി 2017
മേല്‍പറഞ്ഞ അതേ സ്പെഷലൈസേഷനുകളില്‍ ‘എഫ്.പി.എം ഇന്‍ഡസ്ട്രി 2017’ എന്ന മറ്റൊരു പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനും ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. യോഗ്യതകള്‍ ‘എഫ്.പി.എം 2017’ന് ആവശ്യപ്പെട്ടതുപോലെ തന്നെ. എന്നാല്‍, പത്തുവര്‍ഷത്തില്‍ കുറയാത്ത പ്രഫഷനല്‍ വര്‍ക്ക് എക്സ്പീരിയന്‍സുള്ളവരാകണം ഈ വിഭാഗത്തില്‍ അപേക്ഷിക്കേണ്ടത്. വര്‍ക്ക് എക്സ്പീരിയന്‍സില്‍ അവസാന അഞ്ചുവര്‍ഷക്കാലം ഇന്‍ഡസ്ട്രിയില്‍തന്നെ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുമുണ്ട്.
ഈ കോഴ്സിന്‍െറ മൊത്തം ഫീസ് അഞ്ചരലക്ഷം രൂപയും സര്‍വിസ് ടാക്സുമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലുലക്ഷം രൂപയും സര്‍വിസ് ടാക്സും നല്‍കിയാല്‍ മതിയാകും.
അപേക്ഷാഫീസ് 1500 രൂപയാണ്. അപേക്ഷ ഓണ്‍ലൈനായി 2016 ഡിസംബര്‍ 30 വരെ സ്വീകരിക്കും.
‘എഫ്.പി.എം ഇന്‍ഡസ്ട്രി 2017’ സംബന്ധിച്ച വിശദവിവരങ്ങള്‍ www.iimidr.ac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.