കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.ടി)യില്‍ പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ 16 കാമ്പസുകളിലായി വിവിധ പ്രോഗ്രാമുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ 2017 ഫെബ്രുവരി 12ന് നടക്കും. ഇതില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം .ജനുവരി 10 വരെ പിഴകൂടാതെ അപേക്ഷകള്‍ സ്വീകരിക്കും. 3000ത്തോളം സീറ്റുകളിലാണ് പ്രവേശനം.
എന്‍.ഐ.എഫ്.ടിക്ക് കണ്ണൂരിന് പുറമെ ബംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോധ്പൂര്‍, കാന്‍ഗ്ര, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാറ്റ്ന, റായ്ബറേലി, ഷില്ളോങ്, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് കാമ്പസുകളുള്ളത്. മികച്ച പഠനസൗകര്യങ്ങള്‍ ഈ കാമ്പസുകളിലുണ്ട്.
കോഴ്സുകള്‍
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des), നാലുവര്‍ഷം. ഈ കോഴ്സില്‍ ഇനി പറയുന്ന വിഷയങ്ങളിലൊന്ന് സ്പെഷലൈസ് ചെയ്ത് പഠിക്കാം. അക്സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ്വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍. യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ പ്ളസ് ടു/ തുല്യപരീക്ഷ വിജയിച്ചിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (B.F.Tech), നാലുവര്‍ഷം. അപ്പാരല്‍ പ്രൊഡക്ഷനിലാണ് പഠനം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ളസ് ടു/തുല്യപരീക്ഷ വിജയിച്ചവര്‍ക്കും ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അംഗീകൃത ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമക്കാരെയും പരിഗണിക്കും.
ബാച്ചിലേഴ്സ് പ്രോഗ്രാമുകളിലേക്ക് പ്രായപരിധി 2016 ഒക്ടോബര്‍ ഒന്നിന് 23 വയസ്സാണ്. പട്ടികജാതി/വര്‍ഗം/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M.Des) സ്പെഷലൈസേഷന്‍- ഡിസൈന്‍ സ്പേസ്
മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്‍റ് (M.F.M)
ഈ രണ്ട് കോഴ്സുകളുടെയും പഠനകാലാവധി രണ്ടുവര്‍ഷം വീതമാണ്. അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി/ഡിപ്ളോമ അല്ളെങ്കില്‍ എന്‍.ഐ.എഫ്.ടി/എന്‍.ഐ.ഡിയില്‍നിന്നുമുള്ള ബി.ഡിസൈനിങ് യോഗ്യതയുള്ളവര്‍ക്ക് ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (M.F.Tech) രണ്ടുവര്‍ഷം. യോഗ്യത ബി.എഫ്.ടെക്/ ബി.ഇ/ ബി.ടെക്.
ഇംഗ്ളീഷ് ഭാഷയില്‍ വര്‍ക്കിങ് നോളജും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് പ്രായപരിധിയില്ല.
അപേക്ഷാ ഫീസ് ജനറല്‍, ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപയും പട്ടികജാതി/വര്‍ഗം/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 750 രൂപയും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തരം ഓണ്‍ലൈനായോ ‘NIFTHO’യുടെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അപേക്ഷാഫീസ് നല്‍കാവുന്നതാണ്.
ഡി.ഡി ആയി ഫീസ് നല്‍കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സഹിതം The Project Manager -CMS, All India Management Association, Management House, 14, Institutional area, Lodhi Road, New Delhi -110003 എന്ന വിലാസത്തില്‍ അയക്കണം.
എന്‍ട്രന്‍സ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി www.nift.ac.in അല്ളെങ്കില്‍ applyadmission.net/nift2017 എന്നീ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
എന്‍ട്രന്‍സ് ടെസ്റ്റ്: പേപ്പര്‍ അധിഷ്ഠിത എന്‍ട്രന്‍സ് പരീക്ഷ ഫെബ്രുവരി 12ന് രാജ്യത്തെ 32 നഗരങ്ങളിലായി നടത്തും. കണ്ണൂര്‍, കൊച്ചി, കോയമ്പത്തൂര്‍, മധുര, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പുണെ, ലക്നൗ, ഗുവാഹതി, ഭൂവനേശ്വര്‍, ഡല്‍ഹി, പാറ്റ്ന, റാഞ്ചി, ഭോപാല്‍, അഹ്മദാബാദ്, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്‍ററുകളില്‍പ്പെടും. ടെസ്റ്റിനായി ഒരു സെന്‍റര്‍ സൗകര്യാര്‍ഥം തെരഞ്ഞെടുക്കാം. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (സി.എ.ടി), ജനറല്‍ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി) എന്നിങ്ങനെ ടെസ്റ്റില്‍ രണ്ടു ഭാഗങ്ങളുണ്ടാവും.
ബി.ഡെസ്, എം.ഡെസ് കോഴ്സുകളില്‍ പ്രവേശനത്തിന് ജി.എ.ടിക്കാണ് മുന്‍തൂക്കം. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, കമ്യൂണിക്കേഷന്‍ എബിലിറ്റി, ഇംഗ്ളീഷ് കോംപ്രിഹെന്‍ഷന്‍, അനലിറ്റിക്കല്‍ എബിലിറ്റി, ജനറല്‍ നോളജ് ആന്‍ഡ് കറന്‍റ് അഫയേഴ്സ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളാവും ജി.എ.ടിയില്‍ ഉണ്ടാവുക.
സി.എ.ടിയില്‍ ഡിസൈന്‍ എബിലിറ്റി, ഒബ്സര്‍വേഷന്‍ പവര്‍ ഉള്‍പ്പെടെയുള്ള കഴിവുകള്‍ വിലയിരുത്തപ്പെടുന്ന ചോദ്യങ്ങളുണ്ടാവും. സി.എ.ടിക്ക് 120 മിനിറ്റും ജി.എ.ടിക്ക് 180 മിനിറ്റും സമയം ലഭിക്കും. എന്‍ട്രന്‍സ് മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കില്ല.
ബി.ഡെസ് പ്രോഗ്രാമുകള്‍ക്ക് ജി.എ.ടി-50 ശതമാനം, സി.എ.ടി-30 ശതമാനം, സിറ്റുവേഷന്‍ ടെസ്റ്റ്-20 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നല്‍കിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. ബി.എഫ്.ടെക് പ്രോഗ്രാമിലേക്ക് ജി.എ.ടി-100 ശതമാനം വെയിറ്റേജ് നല്‍കിയാണ് റാങ്ക്ലിസ്റ്റ് തയാറാക്കപ്പെടുക. എ.ഡെസ് കോഴ്സുകള്‍ക്ക് സി.എ.ടി-40 ശതമാനം ജി.എ.ടി-30 ശതമാനം, ഗ്രൂപ് ചര്‍ച്ച (ജി.ഡി)/ പേഴ്സനല്‍ ഇന്‍റര്‍വ്യൂ -30 ശതമാനം എന്നിങ്ങനെയും എം.എഫ്.ടെക് കോഴ്സിന് ജി.എ.ടി-70 ശതമാനം, ജി.ഡി/പേഴ്സണല്‍ ഇന്‍റര്‍വ്യു-30 ശതമാനം എന്നിങ്ങനെയും എം.എഫ്.എം കോഴ്സിന് ജി.എ.ടി-70 ശതമാനം,ജി.ഡി/ പേഴ്സനല്‍ ഇന്‍റര്‍വ്യൂ 30 ശതമാനം എന്നിങ്ങനെയും വെയിറ്റേജ് നല്‍കി മെറിറ്റ് ലിസ്റ്റ് തയാറാക്കും. ഉയര്‍ന്ന റാങ്കുകാര്‍ക്കാണ് പ്രവേശനത്തിന് സാധ്യത.
തൊഴിലവസരങ്ങള്‍
ഫാഷന്‍ ഡിസൈന്‍ സ്പെഷലൈസ് ചെയ്ത് പഠിക്കുന്നവര്‍ക്ക് ഫാഷന്‍ ഡിസൈനര്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്‍റ്, കോസ്റ്റ്യൂം ഡിസൈനര്‍, സ്റ്റൈലിസ്റ്റ്, പാറ്റേണ്‍ എന്‍ജിനീയേഴ്സ് തുടങ്ങിയ ജോലികളാണ് ലഭ്യമാവുക. അക്സസറി ഡിസൈന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ബ്രാന്‍ഡ് മാനേജേഴ്സ്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസേഴ്സ്, പ്രോഡക്ട് മാനേജേഴ്സ്, ഡിസൈനേഴ്സ് തുടങ്ങിയ ജോലികളിലാണ് സാധ്യത.
ഫാഷന്‍ കമ്യൂണിക്കേഷന്‍ പഠിക്കുന്നവര്‍ക്ക് ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ഇന്‍ഡസ്ട്രിയല്‍ തൊഴില്‍ ലഭ്യമാകും. ഫാഷന്‍ ജേണലിസം, അഡ്വര്‍ടൈസിങ് മേഖലകളിലും തൊഴിലവസരമുണ്ട്.
നിറ്റ്വെയര്‍ ഡിസൈന്‍ പഠിക്കുന്നവര്‍ക്ക് പ്രൊഡക്ഷന്‍ മാനേജര്‍, ഡിസൈനര്‍, മെര്‍ക്കന്‍ഡൈസര്‍ തുടങ്ങിയ ജോലികളിലേര്‍പ്പെടാം. ലതര്‍ ഡിസൈന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ലതര്‍, ഫൂട്ട്വെയര്‍ ഇന്‍ഡസ്ട്രികളിലും ടെക്സ്റ്റൈല്‍ ഡിസൈന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രിയിലും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.
അപ്പാരല്‍ പ്രൊഡക്ഷന്‍ പഠിക്കുന്നവര്‍ക്ക് ഗാര്‍മെന്‍റ് മാനുഫാക്ചറിങ്/ടെക്സ്റ്റൈയില്‍ ഇന്‍ഡസ്ട്രിയില്‍ ഏറെ തൊഴില്‍ സാധ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.