നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ബി.ഡെസ്, എം.ഡെസ്

രൂപകല്‍പനയില്‍ ഗുണമേന്മയോടുകൂടിയ ഉന്നതവിദ്യാഭ്യാസത്തിന് പ്രശസ്തിയാര്‍ജിച്ച നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി) അപേക്ഷ ക്ഷണിച്ചു.  അഹ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍, വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിലായി നടത്തുന്ന നാലുവര്‍ഷത്തെ ബാച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്)/ഗ്രാജ്വേറ്റ് ഡിപ്ളോമ പ്രോഗ്രാം ഇന്‍ ഡിസൈന്‍ (ജി.ഡി.പി.ഡി), രണ്ടരവര്‍ഷത്തെ മാസ്റ്റേഴ്സ് ഓഫ് ഡിസൈന്‍ (എം.ഡെസ്) കോഴ്സുകളിലേക്കാണ് പ്രവേശം. പ്രിലിമിനറി ഡിസൈന്‍ ആപ്ടിറ്റ്യൂഡ് ടെസ്റ്റ് 2017 ജനുവരി എട്ടിന് ദേശീയതലത്തില്‍ നടക്കും. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. പ്രിലിമിനറി ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഡിസൈന്‍ ആപ്ടിറ്റ്യൂഡ് ടെസ്റ്റ് (ഡി.എ.ടി) മെയിന്‍ പരീക്ഷക്ക് ക്ഷണിക്കും. 
ഡി.എ.ടി പ്രിലിമിനറി
ജനുവരി എട്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പരീക്ഷ. നോളജ്, കോംപ്രിഹെന്‍ഷന്‍,  അനാലിസിസ്, ക്രിയേറ്റിവിറ്റി, വിഷ്വലൈസേഷന്‍ എന്നിവയുള്‍പ്പെടെ ഡിസൈന്‍ അഭിരുചി വിലയിരുത്തപ്പെടുന്ന മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും ഭാവാത്മകമായ കഴിവുകള്‍ വിലയിരുത്തപ്പെടുന്ന വിഷയാധിഷ്ഠിത ചോദ്യങ്ങളും പ്രാഥമിക പരീക്ഷയിലുണ്ടാവും. 100 മാര്‍ക്കിനാവും ടെസ്റ്റ്. തിരുവനന്തപുരമാണ് കേരളത്തിലെ ടെസ്റ്റ് സെന്‍റര്‍. 
അപേക്ഷാഫീസ് ജനറല്‍, ഒ.ബി.സി നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 2000 രൂപയും പട്ടികജാതി\പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയുമാണ്. എം.ഡെസ് കോഴ്സില്‍ രണ്ട് ഡിസിപ്ളിനിലേക്ക് പരിഗണിക്കപ്പെടുന്നതിന്  4000, 2000 രൂപ എന്നിങ്ങനെ ഫീസ് നല്‍കേണ്ടിവരും. 
അപേക്ഷ ഓണ്‍ലൈനായി admissions.nid.edu എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ നവംബര്‍ 28വരെ സ്വീകരിക്കും. 
കോഴ്സുകളും 
സ്പെഷലൈസേഷനുകളും
നാലുവര്‍ഷത്തെ ഫുള്‍ടൈം ബാച്ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്) കോഴ്സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അഹ്മദാബാദ് കാമ്പസില്‍ മാത്രമാണുള്ളത്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ഫാക്കല്‍റ്റിയുടെ കീഴില്‍ സിറാമിക് ആന്‍ഡ് ഗ്ളാസ് ഡിസൈന്‍ (10 സീറ്റ്), ഫര്‍ണിച്ചര്‍ ഡിസൈന്‍ (10 സീറ്റ്), പ്രോജക്ട് ഡിസൈന്‍ (15 സീറ്റ്) എന്നിവ സ്പെഷലൈസ് ചെയ്ത് പഠിക്കാം. 
ഫാക്കല്‍റ്റി ഓഫ് കമ്യൂണിക്കേഷന്‍ ഡിസൈനിന്‍െറ കീഴില്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ (15 സീറ്റ്), എക്സിബിഷന്‍ ഡിസൈന്‍ (10 സീറ്റ്), ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍ (10 സീറ്റ്), ഗ്രാഫിക് ഡിസൈന്‍ (15 സീറ്റ്) എന്നിവയാണ് സ്പെഷലൈസേഷനുകള്‍. ടെക്സ്റ്റൈല്‍ ഫാക്കല്‍റ്റിയുടെ കീഴില്‍ ടെക്സ്റ്റെല്‍ ഡിസൈനില്‍ 15 സീറ്റുകളാണുള്ളത്. ആകെ 100 സീറ്റുകള്‍ ലഭ്യമാണ്. 
ജി.ഡി.പി.ഡി പ്രോഗ്രാമുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിലാണ് നടത്തുന്നത്. ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ & അപ്പാരല്‍ ഡിസൈന്‍ എന്നിവയാണ് സ്പെഷലൈസേഷനുകള്‍.
യോഗ്യത: ബി.ഡെസ് , ജി.ഡി.പി.ഡി കോഴ്സുകള്‍ക്ക് പ്ളസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും 2016-17ല്‍ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2017 ജൂണ്‍ 30ന് 20 വയസ്സ് കവിയരുത്. ഒ.ബി.സി നോണ്‍ക്രീമിലെയര്‍, പട്ടികജാതി വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീസംവരണ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവനുവദിക്കും.
എം.ഡെസ്: മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമുകള്‍ എന്‍.ഐ.ഡി അഹ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗര്‍ കാമ്പസുകളിലാണ് നടത്തുന്നത്. രണ്ടരവര്‍ഷത്തെ ഫുള്‍ടൈം കോഴ്സുകളാണുള്ളത്. അഹ്മദാബാദ് കാമ്പസില്‍ അനിമേഷന്‍ ഫിലിം ഡിസൈന്‍ (15), സിനിമിക്സ് ഗ്ളാസ് ഡിസൈന്‍ (10), ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍ (15), ഫര്‍ണിച്ചര്‍ ഡിസൈന്‍ (15), ഗ്രാഫിക് ഡിസൈന്‍ (15), പ്രോഡക്ട് ഡിസൈന്‍ (15), ടെക്സ്റ്റൈല്‍ ഡിസൈന്‍ എന്നീ സ്പെഷലൈസേഷനുകളാണുള്ളത്.
ബംഗളൂരു കാമ്പസില്‍ ഡിസൈന്‍ ഫോര്‍ റീട്ടെയില്‍ എക്സ്പീരിയന്‍സ് (15), ഡിജിറ്റല്‍ ഗെയിം ഡിസൈന്‍ (15), ഇന്‍ഫര്‍മേഷന്‍ ഡിസൈന്‍ (15), ഇന്‍ററാക്ഷന്‍ ഡിസൈന്‍ (15), യൂനിവേഴ്സല്‍ ഡിസൈന്‍ (15) എന്നിവയും ഗാന്ധിനഗര്‍ കാമ്പസില്‍ അപ്പാരല്‍ ഡിസൈന്‍ (15), ലൈഫ്സ്റ്റൈല്‍ ആക്സസറി ഡിസൈന്‍ (15), സ്ട്രാറ്റജിക് ഡിസൈന്‍ മാനേജ്മെന്‍റ് (15), ന്യൂ മീഡിയാ ഡിസൈന്‍ (15), ഫോട്ടോഗ്രഫി ഡിസൈന്‍ (15), ടോയി & ഗെയിം ഡിസൈന്‍ (10), ട്രാന്‍സ്പോര്‍ട്ടേഷന്‍ & ഓട്ടോമൊബൈല്‍ ഡിസൈന്‍ (15) എന്നിവയും സ്പെഷലൈസേഷനുകളാണ്.
ഇനി പറയുന്ന യോഗ്യതകളുള്ളവര്‍ക്കാണ് എം.ഡെസ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാനാവുന്നത്. 10 + 2 + 4 അല്ളെങ്കില്‍ 10 + 2 + 3 സമ്പ്രദായത്തില്‍ ഏതെങ്കിലും ഡിസിപ്ളിനില്‍ അംഗീകൃത ബാച്ചിലേക്ക് ഡിഗ്രി അല്ളെങ്കില്‍ ഡിസൈനില്‍ അംഗീകൃത ഡിപ്ളോമ. പ്രായം 2017 ജൂണ്‍ 30ന് 30 വയസ്സ് കവിയാന്‍ പാടില്ല. സംവരണവിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷത്തെ ഇളവുണ്ട്.
അന്തിമ തെരഞ്ഞെടുപ്പ് ‘ഡി.എ.ടി’ മെയിന്‍ പരീക്ഷ (സ്റ്റുഡിയോ ടെസ്റ്റ് ഉള്‍പ്പെടെ), ഇന്‍റര്‍വ്യൂ എന്നിവയുടെ മികവ് പരിഗണിച്ചാണ്. വിദേശ വിദ്യാര്‍ഥികള്‍ക്ക് എം.ഡെസ് കോഴ്സില്‍ രണ്ട് സീറ്റും ബി.ഡെസ് കോഴ്സില്‍ 15 സീറ്റുകളും നീക്കിവെച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ എന്‍.ഐ.ഡി ഹാന്‍ഡ് ബുക്കിലും www.admissions.nid.edu എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്. വിജയകരമായി പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.