എയിംസില്‍ എം.ബി.ബി.എസ് പ്രവേശനപരീക്ഷ മേയ് 28ന് 

കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഏഴ് കേന്ദ്രങ്ങളില്‍ 2017 ആഗസ്റ്റിലാരംഭിക്കുന്ന എം.ബി.ബി.എസ് കോഴ്സിലേക്കുള്ള പ്രത്യേക പ്രവേശനപരീക്ഷക്ക് വിജ്ഞാപനമിറക്കി ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. എയിംസിന്‍െറ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷ മേയ് 28ന് ഞായറാഴ്ച ദേശീയതലത്തില്‍ നടത്തും.
ന്യൂഡല്‍ഹിക്ക് പുറമെ ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പട്ന, റായ്പുര്‍, ഋഷികേശ് എന്നിവിടങ്ങളിലും സമാനമായ എയിംസുകള്‍ കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ഈ ഏഴ് എയിംസുകളിലും ഇക്കൊല്ലം നടത്തുന്ന എം.ബി.ബി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 23 വൈകീട്ട് അഞ്ചുമണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. www.aiimsexams.org എന്ന വെബ്സൈറ്റില്‍നിന്നും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എയിംസ് ന്യൂഡല്‍ഹിയില്‍ 107 സീറ്റുകളും മറ്റ് ആറ് എയിംസുകളില്‍ ഓരോന്നിലും 100 സീറ്റുകളും വീതം ആകെ 707 സീറ്റുകളിലാണ് ഇക്കൊല്ലം എം.ബി.ബി.എസ് കോഴ്സില്‍ പ്രവേശനം. 
ഒരുവര്‍ഷത്തെ ഇന്‍േറണ്‍ഷിപ് ഉള്‍പ്പെടെ അഞ്ചര വര്‍ഷമാണ് പഠനകാലാവധി. വളരെ ചുരുങ്ങിയ ഫീസ് നിരക്കാണ് ഇവിടെയുള്ളത്. എന്നാല്‍, വിദേശ വിദ്യാര്‍ഥികള്‍ 75,000 യു.എസ് ഡോളര്‍ മൂന്ന് ഗഡുക്കളായി അടക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യങ്ങളും ലഭ്യമാണ്.
അപേക്ഷയും രജിസ്ട്രേഷന്‍ ഫീസുമായി ഒ.ബി.സി ഉള്‍പ്പെടെ പൊതുവിഭാഗത്തില്‍പ്പെടുന്നവര്‍ 1000 രൂപയും പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ 800 രൂപയും അടക്കണം. അസ്ഥി സംബന്ധമായ വൈകല്യമുള്ളവരെ (OPH) അപേക്ഷാഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ/രജിസ്ട്രേഷന്‍ ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ അടക്കാം.
യോഗ്യത: അപേക്ഷകര്‍ക്ക് പ്രായം 2017 ഡിസംബര്‍ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. 2001 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 12ാം ക്ളാസ്, പ്ളസ് ടു, തുല്യബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍/തുല്യ സി.ജി.പി.എ ഗ്രേഡില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യത പരീക്ഷ ഇക്കൊല്ലം എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 
പട്ടികജാതി/വര്‍ഗം, ഒ.പി.എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യത പരീക്ഷയില്‍ നിര്‍ദിഷ്ട വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്ക്, തുല്യ സി.ജി.പി.എ ഗ്രേഡ് മതിയാകും.
പ്രവേശന പരീക്ഷ: മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള എന്‍ട്രന്‍സ് പരീക്ഷ രാവിലെ ഒമ്പതുമുതല്‍ 12.30 വരെയും ഉച്ചക്ക് ശേഷം മൂന്നുമുതല്‍ 6.30 വരെയും രണ്ട് ഷിഫ്റ്റുകളായി നടത്തുന്നതാണ്. 
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജനറല്‍നോളജ്, ആപ്റ്റിറ്റ്യൂഡ് & ലോജിക്കല്‍ തിങ്കിങ് വിഷയങ്ങളിലായി 200 ചോദ്യങ്ങള്‍ പരീക്ഷക്കുണ്ടാവും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം/കൊച്ചി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവ പ്രവേശന പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ 171 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. 
വിവരങ്ങള്‍ www.aiimsexams.org എന്ന വെബ്സൈറ്റിലുണ്ട്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.