അബൂദബി: ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ കാമ്പസ് തുറക്കുന്നു. ഇതിനായി ഡൽഹിയിൽനിന്ന് ഉന്നതതല ഐ.ഐ.ടി സംഘം അടുത്ത ദിവസം അബൂദബിയിൽ എത്തും.
ഐ.ഐ.ടി കാമ്പസ് യു.എ.ഇയിൽ ആരംഭിക്കുന്നതിന് ഫെബ്രുവരി 18ന് തത്വത്തിൽ ധാരണയായിരുന്നു. പിന്നീട് ഐ.ഐ.ടി ഡൽഹിയിൽനിന്നുള്ള ചെറുസംഘം അബൂദബിയിലെത്തി സാധ്യതപഠനം നടത്തി.
ഇതിന്റെ തുടർച്ചയായാണ് ഐ.ഐ.ടിയിലെ ഉന്നതതല സംഘം അടുത്തമാസം അബൂദബിയിൽ എത്തുന്നത്. ഇന്ത്യയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി ഈ സംഘം രാജ്യത്തെ 23 ഐ.ഐ.ടി കാമ്പസുകളെയും പങ്കെടുപ്പിച്ച് രണ്ടുദിവസം നീളുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് അബൂദബി കാമ്പസിനായി വിദഗ്ധസംഘം എത്തുമെന്ന പ്രഖ്യാപനമുണ്ടായത്. അബൂദബിക്ക് പുറമെ, മലേഷ്യയിലും താൻസനിയയിലും ഐ.ഐ.ടി കാമ്പസിന് പദ്ധതിയുണ്ട്. മൂന്ന് കാമ്പസുകളും ഒരുവർഷത്തിനകം പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തെ ഈ കാമ്പസുകളിൽ 20 ശതമാനം മാത്രമായിരിക്കും ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം. ബാക്കി അതത് രാജ്യത്തെ വിദ്യാർഥികൾക്കായിരിക്കും മുൻഗണനയെന്ന് അധികൃതർ സൂചന നൽകി. തൊഴിലന്വേഷകർക്കായി യു.എ.ഇ ഏർപ്പെടുത്തിയ വിസ ഇന്ത്യയിലെ ഐ.ഐ.ടി വിദ്യാർഥികൾക്ക് നൽകുമെന്നറിയിച്ചിരുന്നു. 60, 90, 120 ദിവസത്തേക്കുള്ള ജോബ് എക്സ്െപ്ലാറേഷൻ വിസയാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.