സാബു മേലതിൽ
റിയാദ്: സർക്കാർ മേഖലയിലെ എൻജിനീയറിങ് പ്രഫഷനലുകൾക്ക് പുതിയ ശമ്പള സ്കെയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി മന്ത്രിസഭ അംഗീകരിച്ച വേനത പരിഷ്കരണം ഡിസംബർ 31ന് പ്രാബല്യത്തിൽ വരും. എൻജിനീയറിങ് പ്രതിഭകൾക്ക് ആകർഷകവും മികവുറ്റതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരുടെ സമർപ്പണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശമ്പള പരിഷ്കരണം.
സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസിന്റെ അംഗീകാരത്തോടെ എൻജിനീയറിങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാണ് പുതിയ ശമ്പള സ്കെയിൽ ബാധകമാകുന്നത്. സൗദി അറേബ്യയിലോ വിദേശത്തോ ഉള്ള അംഗീകൃത സർവകലാശാലകളിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയവർക്കും നിലവിൽ പൊതുജീവനക്കാരുടെ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാണ്.
പുതിയ ചട്ടക്കൂടിന് കീഴിൽ എൻജിനീയർ, അസോസിയേറ്റ് എൻജിനീയർ, പ്രഫഷനൽ എൻജിനീയർ, കൺസൾട്ടിങ് എൻജിനീയർ എന്നിവയുൾപ്പെടെ വ്യക്തമായി നിർവചിക്കപ്പെട്ട പ്രഫഷനൽ വിഭാഗങ്ങളിലുള്ള എൻജിനീയർമാർക്ക് സാധ്യത വർധിക്കും. എൻജിനീയറിങ് പ്രഫഷൻസ് പ്രാക്ടീസ് നിയമം മൂലം ഈ തൊഴിൽ മേഖലയെ നിയന്ത്രിക്കും. കൂടാതെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് പ്രഫഷനൽ അക്രഡിറ്റേഷൻ നിർബന്ധമാണ്. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുമായി യോജിപ്പിച്ച് ഘടനാപരവും സുതാര്യവുമായ തൊഴിൽ പാത ഉറപ്പാക്കുകയാണ് ലക്ഷ്യം.
എൻജിനീയറിങ് മേഖലയുടെ വികസനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണ് പുതിയ ശമ്പള സ്കെയിൽ നിർണയം. പുതിയ പരിഷ്കരണം കേവലം എൻജിനീയർമാരായ വ്യക്തികൾക്ക് മാത്രമല്ല വിശാലമായ അർഥത്തിൽ എൻജിനീയറിങ് മേഖലക്ക് തന്നെ ദൂരവ്യാപകമായ ഗുണഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രഫഷനൽ പരിശീലനത്തിെൻറ നിലവാരം ഉയർത്തുന്നതിലൂടെ ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിൽ സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര വികസനവും എന്ന രാജ്യത്തിെൻറ സമഗ്രമായ ലക്ഷ്യങ്ങൾക്ക് ഈ സംരംഭം വലിയ സംഭാവന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.