തിരുവനന്തപുരം: ഹൈടെക് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി ക്ലാസുകള്‍ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐ.സി.ടി സൗകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോര്‍ഡ്' ആപ്ലിക്കേഷന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്ററാക്ടീവ് ബോര്‍ഡ് പോലെയുള്ള വിലകൂടിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ഹാര്‍ഡ്‍വെയറുകള്‍ ഒന്നും ആവശ്യമില്ലാതെ തന്നെ സ്കൂളുകളിലേക്ക് കൈറ്റ് നല്‍കിയ ഓപറേറ്റിങ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ ഉപയോഗിക്കാന്‍ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ആപ്ലിക്കേഷനാണ് 'കൈറ്റ് ബോര്‍ഡ്'. ഒരു ബ്ലാക്ബോര്‍ഡ് ഉപയോഗിക്കുന്നത് പോലെ ലാപ്‍ടോപ്പ് ഉപയോഗിച്ച് എഴുതാനും ടൈപ്പ് ചെയ്യാനും അത് സ്കൂളുകളിലെ പ്രൊജക്ടറുകളിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും 'കൈറ്റ് ബോര്‍ഡ് ' വഴി സാധിക്കും.
'സമഗ്ര' റിസോഴ്സ് പോര്‍ട്ടലില്‍നിന്നുള്ള വിഡിയോ-ചിത്രം-പ്രസന്റേഷന്‍ തുടങ്ങിയ റിസോഴ്സുകള്‍ 'കൈറ്റ് ബോര്‍ഡി'ല്‍ നേരത്തെ ഉള്‍പ്പെടുത്തിവെക്കാനും ഇവ ആവശ്യാനുസരണം ഓണ്‍ലൈനായും/ഓഫ്‍ലൈനായും ക്ലാസുകളില്‍ ഉപയോഗപ്പെടുത്താനും ഇതുവഴി കഴിയും. വിക്കീപീഡിയ പോലെയുള്ള ഓണ്‍ലൈന്‍ റിസോഴ്സുകളും ഉള്‍പെടുത്താമെന്നതാണ് കൈറ്റ് ബോര്‍ഡിന്റെ മറ്റൊരു പ്രത്യേകത.
സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ മാത്രം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയ കേരളത്തിന്റെ ഏറ്റവും പുതിയ സംഭാവനയായ കൈറ്റ് ബോര്‍ഡ് ഉല്ലാസകരമായ പുതിയ പഠനാന്തരീക്ഷം ക്ലാസ്‍മുറികളില്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ്‍മുറിയില്‍ അധ്യാപകന്‍ ബോര്‍ഡിലെഴുതുന്ന കാര്യങ്ങള്‍ പി.ഡി.എഫ് രൂപത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടികൾക്ക് ഉള്‍പ്പെടെ ഇത് വളരെ പ്രയോജനം ചെയ്യും.
ബോര്‍ഡില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്ക്രീന്‍ റെക്കോഡ് സംവിധാനമുപയോഗിച്ച് റെക്കോഡ് ചെയ്തും ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്കായി ഉപയോഗപ്പെടുത്താം. ശാസ്ത്രപരീക്ഷണങ്ങള്‍ പോലുള്ള ക്ലാസ്‍റൂം പ്രവര്‍ത്തനങ്ങള്‍ ലാപ്‍ടോപ്പ് കാമറ ഉപയോഗിച്ച് കൈറ്റ്ബോർഡിലൂടെ പ്രദര്‍ശിപ്പിക്കാം. ഇക്യൂബ് ഇ-ലാംഗ്വേജ് ലാബിന്റെ അതേ മാതൃകയില്‍ മുഴുവന്‍ സ്കൂളുകളിലെയും ലാപ്‍ടോപ്പുകളില്‍ ഒക്ടോബര്‍ മാസത്തോടെതന്നെ കൈറ്റ്ബോര്‍ഡ് ലഭ്യമാക്കാന്‍ കൈറ്റ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
കൈറ്റും എസ്.എസ്‍.കെയും ഒക്ടോബര്‍ മുതല്‍ സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കുന്ന 'ടെക്കി ടീച്ചര്‍' റസിഡന്‍ഷ്യല്‍ ഐടി പരിശീലനത്തിന്റെ ഭാഗമായി സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.