തിരുവനന്തപുരം: ഗവ. ലോ കോളജുകളിലെ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിൽ ബാർ കൗൺസിൽ ഒാഫ് ഇന്ത്യ സീറ്റ് വെട്ടിക്കുറച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ലോ കോളജുകളിലെ സീറ്റാണ് കുറച്ചത്. ത്രിവത്സര കോഴ്സിൽ നാല് കോളജിലും നേരേത്ത 100 വീതം സീറ്റാണുണ്ടായിരുന്നത്.
ക്ലാസിൽ പരമാവധി 60 കുട്ടികളേ പാടുള്ളൂവെന്ന ബാർ കൗൺസിൽ നിർദേശം വന്നതോടെ നാല് കോളജിലും 60 വീതം സീറ്റിൽ അലോട്ട്മെൻറ് നടത്താനാണ് ബന്ധപ്പെട്ട സർവകലാശാലകളുടെ നിർദേശം. അലോട്ട്മെൻറിന് ഒാപ്ഷൻ ക്ഷണിച്ചുള്ള പ്രവേശനപരീക്ഷ കമീഷണറുടെ വിജ്ഞാപനം വന്നപ്പോഴാണ് സീറ്റ് കുറഞ്ഞ വിവരം പുറത്തറിയുന്നത്.
പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽഎൽ.ബി കോഴ്സിൽ നാലു കോളജിലും 80 വീതം സീറ്റുണ്ടായിരുന്നത് 60 വീതമാക്കി. ത്രിവത്സര കോഴ്സിൽ നാല് കോളജിലുമായി 400 സീറ്റുണ്ടായിരുന്നത് 160 കുറഞ്ഞ് 240 ആയി. പഞ്ചവത്സര കോഴ്സിൽ 320 സീറ്റുണ്ടായിരുന്നത് 80 കുറഞ്ഞ് 240 ആയി. ബാച്ചിലെ കുട്ടികളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയതോടെ നാലിടത്തും രണ്ടാമത്തെ ബാച്ച് അനുവദിക്കണമെന്ന അപേക്ഷ ബാർ കൗൺസിൽ പരിഗണനയിലാണെന്നാണ് സൂചന.
അതേസമയം, സ്വാശ്രയ ലോ കോളജുകളിലെല്ലാം സീറ്റ് വർധിപ്പിച്ചുനൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം 19 സ്വാശ്രയ കോളജുകളിൽ പഞ്ചവത്സര കോഴ്സിന് 1030 സീറ്റുണ്ടായിരുന്നത് ഇത്തവണ 1950 സീറ്റായി. ത്രിവത്സര കോഴ്സിൽ 225 സീറ്റ് 400 സീറ്റായും വർധിച്ചു.
എൽഎൽ.ബി കോഴ്സുകളിൽ ഒാപ്ഷൻ ക്ഷണിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് സർവകലാശാലകളും കോളജുകളും നൽകിയ സീറ്റ് കണക്കനുസരിച്ചാണെന്ന് പ്രവേശന പരീക്ഷ കമീഷണർ എ. ഗീത അറിയിച്ചു. സർക്കാർ/ സർവകലാശാലകൾ നൽകുന്ന ഉത്തരവുകൾക്കനുസൃതമായ മാറ്റങ്ങൾ വിജ്ഞാപനത്തിൽ വരുത്താം. സർവകലാശാലകളുടെയും ബാർ കൗൺസിലിെൻറയും അനുമതിയില്ലാത്ത സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്താനാകില്ല. കൂടുതൽ സീറ്റ് അനുവദിച്ചാൽ അലോട്ട്മെൻറ് ഘട്ടത്തിൽ പ്രവേശനം നൽകാനാകുമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.