തിരുവനന്തപുരം: പാഠഭാഗങ്ങൾ തീർക്കാതെയും ഫോക്കസ് ഏരിയ സമ്പ്രദായമില്ലാതെയും സ്കൂൾ വാർഷിക പരീക്ഷ നടത്തുന്നു. മാർച്ച് അവസാനം വരെ അധ്യയനം നടത്തി ഏപ്രിൽ ആദ്യം ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ വാർഷിക പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാൽ, ഇതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് അധ്യാപകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
എട്ട്, ഒമ്പത് ക്ലാസുകളുടെ വാർഷിക പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കാനുള്ള മേൽനോട്ട ചുമതല എസ്.സി.ഇ.ആർ.ടിക്കാണ്. എസ്.സി.ഇ.ആർ.ടി വിവിധ വിഷയങ്ങളുടെ ചോദ്യപേപ്പർ തയാറാക്കാനുള്ള ചുമതല ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളെ (ഡയറ്റ്) ഏൽപിച്ചുകഴിഞ്ഞു. പകുതി പാഠങ്ങൾപോലും പഠിപ്പിച്ചുതീരാത്ത ക്ലാസുകൾക്ക് പാഠപുസ്തകം മൊത്തത്തിൽ പരിഗണിച്ചാണ് ചോദ്യപേപ്പർ തയാറാക്കുന്നത്. മതിയായ അധ്യയനദിനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് 60 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയായി നിശ്ചയിച്ചത്. ഈ രീതി വാർഷിക പരീക്ഷ എഴുതേണ്ട മറ്റ് ക്ലാസുകളിൽ നടപ്പാക്കാതെയാണ് ചോദ്യപേപ്പർ തയാറാക്കുന്നത്.
മാർച്ച് രണ്ടിനകം ചോദ്യപേപ്പർ തയാറാക്കി കൈമാറാനാണ് ഡയറ്റുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറ്, ഏഴ് ക്ലാസുകളിലെ ചോദ്യപേപ്പർ തയാറാക്കാനുള്ള ചുമതല സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ക്കാണ്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പരീക്ഷ രീതിക്ക് പകരം കഴിഞ്ഞവർഷം ആരംഭിച്ച വർക്ക് ഷീറ്റ് അടിസ്ഥാനത്തിലുള്ള വിലയിരുത്തലിനാണ് തീരുമാനം. സ്കൂളുകൾ വഴി വർക്ക് ഷീറ്റുകൾ നൽകി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തലായിരിക്കും ഈ ക്ലാസിൽ നടത്തുക.
മാർച്ചിൽ പൂർണമായും ക്ലാസ് നടത്താനാണ് തീരുമാനമെങ്കിലും മാർച്ച് 16 മുതൽ 21 വരെ രാവിലെയും ഉച്ചക്ക് ശേഷവുമായി എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ നടക്കുന്നതിനാൽ മറ്റ് ക്ലാസുകളുടെ അധ്യയനം തടസ്സപ്പെടും. മാർച്ച് 30ന് ഹയർസെക്കൻഡറി പരീക്ഷയും 31ന് എസ്.എസ്.എൽ.സി പരീക്ഷയും ആരംഭിക്കും. നവംബർ ഒന്നിന് സ്കൂളുകളിൽ ബാച്ചുകളായി അധ്യയനം തുടങ്ങിയെങ്കിലും ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ പാഠഭാഗങ്ങൾ തീർക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
കോവിഡ് മൂന്നാം തരംഗത്തിൽ ജനുവരി 21 മുതൽ ഫെബ്രുവരി 14 വരെ ഈ ക്ലാസുകൾ പൂർണമായും അടക്കുകയും ചെയ്തു. വിക്ടേഴ്സ് ചാനൽ വഴി ഈ ക്ലാസിലെ കുട്ടികൾക്ക് ഒരുദിവസം അരമണിക്കൂർ വീതം രണ്ടോ മൂന്നോ ക്ലാസുകളാണ് ലഭിച്ചിരുന്നത്. പാഠഭാഗങ്ങൾ തീരാതെ പാഠപുസ്തകം പൂർണമായും പരിഗണിച്ചുള്ള ചോദ്യപേപ്പർ അടിസ്ഥാനപ്പെടുത്തി പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്ക് പ്രതിസന്ധിയാകും. ഏപ്രിലിൽ കൂടി അധ്യയനം നടത്തി വാർഷിക പരീക്ഷ മേയിലേക്ക് മാറ്റണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും ഈ സമയത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടക്കുന്നതും തടസ്സമാണ്.
പ്ലസ് വൺ പരീക്ഷ: ഉടൻ തീരുമാനമെന്ന് മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി മാതൃക പരീക്ഷകള്‍ മാര്‍ച്ച് 16 ന് തുടങ്ങി മാര്‍ച്ച് 21 ന് അവസാനിക്കും. എസ്.എസ്.എല്‍.സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി , വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്താന്‍ സജ്ജീകരണങ്ങളായി. മാര്‍ച്ച് 21 മുതല്‍ 29 വരെ ചോദ്യപേപ്പര്‍ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി പ്രയോജനപ്പെടുത്താമെന്നും കെ.എം. സച്ചിന്‍ദേവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്കി.
കോവിഡ് മൂലം പൂര്‍ണതോതിൽ നേരിട്ട് അധ്യയനം നടക്കാത്ത സാഹചര്യം പരിഗണിച്ച് പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തില്‍ ഊന്നി പുനഃക്രമീകരിച്ച ഫോക്കസ് ഏരിയ രീതി ഇത്തവണയും തുടരും. ഓരോ വിഷയത്തിലെയും ആകെ പാഠഭാഗത്തിന്റെ 60 ശതമാനം ഫോക്കസ് ഏരിയ ആയി നിശ്ചയിക്കുകയും അതില്‍നിന്ന് 70 ശതമാനം സ്കോര്‍ ലഭിക്കുംവിധം ചോദ്യങ്ങള്‍ ഉണ്ടാകണമെന്നും നിർദേശിച്ചു. പുറമെ 50 ശതമാനം അധിക ചോദ്യങ്ങളും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് 30 ശതമാനം മാര്‍ക്കിന് ചോദ്യങ്ങളുണ്ടാകും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷം സൗകര്യപ്രദമായി നടത്തും. പരീക്ഷാക്രമം പരസ്യപ്പെടുത്താനോ ചര്‍ച്ച ചെയ്യാനോ ആകില്ല. അതിന്റെ രഹസ്യസ്വഭാവം നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.