തിരുവനന്തപുരം: അംഗീകാരമില്ലാത്ത വിദേശ എം.ബി.ബി.എസ് പഠനത്തിനായി കേരളത്തിൽനിന്ന് ഉൾപ്പെടെ വ്യാപക റിക്രൂട്ട്മെന്റ്. നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശിക്കുന്ന മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി എം.ബി.ബി.എസ് കോഴ്സ് നടത്തുന്ന വിദേശ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്താണ് ചൂഷണം നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയെത്തുന്ന വിദ്യാർഥികളുടെ ബിരുദത്തിന് ഇന്ത്യയിൽ അംഗീകാരം ലഭിക്കാത്ത സാഹചര്യവുമാണ്.
2021ലെ എൻ.എം.സി മാർഗനിർദേശ പ്രകാരം കോഴ്സ് കാലാവധിക്ക് ശേഷം, പഠിച്ച സ്ഥാപനത്തിൽതന്നെ ഒരു വർഷം പ്രത്യേകമായി ഇന്റേൺഷിപ് ചെയ്യണം. എന്നാൽ, പല വിദേശ സ്ഥാപനങ്ങളിലും ഇന്റേൺഷിപ് പഠനകാലത്തിന്റെ കൂടെയാണ്. ഈ രീതിയിലുള്ള പഠനത്തിന് ഇന്ത്യയിൽ അംഗീകാരമില്ല. ഇന്റേൺഷിപ് കാലയളവ് പരിഗണിക്കാതെ 54 മാസം ദൈർഘ്യമുള്ളതായിരിക്കണം എം.ബി.ബി.എസ് പഠനം. വിദേശത്ത് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിൽ നടത്തുന്ന എഫ്.എം.ജി.ഇ/ ‘നെക്സ്റ്റ്’ പരീക്ഷ എഴുതണമെങ്കിൽ എം.ബി.ബി.എസ് പഠിച്ച രാജ്യത്ത് പ്രഫഷനൽ പ്രാക്ടീസിങ്ങിന് അനുമതിയുണ്ടായിരിക്കണം. ഇതു പല രാജ്യങ്ങളും നൽകുന്നില്ല. നൽകുന്ന രാജ്യങ്ങളിൽ അതിനായി പ്രത്യേക പരീക്ഷകളും നിബന്ധനകളുമുണ്ട്.
എഫ്.എം.ജി.ഇ പരീക്ഷയിൽ വർഷങ്ങളായി ശരാശരി വിജയം 15 ശതമാനമാണ്. കോഴ്സുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കോഴ്സ് തുടങ്ങി 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ബിരുദം അസാധുവാകുകയും ചെയ്യും. ഇത്തരം നിബന്ധനകളെക്കുറിച്ചറിയാതെയാണ് വിദ്യാർഥികളിൽ നല്ലൊരു ശതമാനവും വിദേശ എം.ബി.ബി.എസ് പഠനത്തിന് പോകുന്നത്. കോഴ്സ് പൂർത്തിയാക്കി തിരിച്ചുവരുമ്പോഴാണ് മിക്കവരും വിദേശ എം.ബി.ബി.എസ് പഠനത്തിലെ ചതിക്കുഴികൾ തിരിച്ചറിയുന്നതും. പല ഏജൻസികളും ഇത്തരം വിവരങ്ങൾ മറച്ചുവെച്ചാണ് വിദ്യാർഥികളെ വിദേശ എം.ബി.ബി.എസ് പഠനത്തിനായി റിക്രൂട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ അംഗീകാരമില്ലാത്ത വിദേശ എം.ബി.ബി.എസ് പഠനത്തിന് വിദ്യാർഥികളെ അയക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം. വിസ്ഡം യൂത്ത് ആണ് നിവേദനം നൽകിയത്. സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. നസീഫ്, സി. മുഹമ്മദ് അജ്മൽ എന്നിവർ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.